സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം

matsyabandhanam
വെബ് ഡെസ്ക്

Published on Jun 08, 2025, 05:04 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ്ങ് നിരോധനം തിങ്കളാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ്‌ 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.


ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കേരളതീരം ഉടൻ വിടണമെന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ മടങ്ങി. ഹാർബറുകളിലും, ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും പ്രവർത്തിക്കുന്ന മുഴുവൻ സ്വകാര്യ ഡീസൽ ബങ്കുകളും തിങ്കളാഴച പ്രവർത്തനം നിർത്തും.


ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജ്യ റേഷൻ വിതരണം ചെയ്യും. തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.


തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home