ഇടുക്കി വന്യജീവി സങ്കേതത്തിൽ 37 പുതിയ അതിഥികൾ

ജോബി ജോർജ്
Published on Feb 27, 2025, 10:13 AM | 2 min read
ഇടുക്കി: ഇടുക്കി വന്യജീവിസങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 37 പുതിയ ജീവിവർഗത്തെ കണ്ടെത്തി. ഫെബ്രുവരി 21 മുതൽ 23 വരെ തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (ടിഎൻഎച്ച്എസ്) കേരള വനം വന്യജീവി വകുപ്പും സംയുക്തമായാണ് സർവേ നടത്തിയത്.
ഇടുക്കി വന്യജീവി സങ്കേതത്തിൽ 14 പക്ഷി, 15 ചിത്രശലഭങ്ങൾ, എട്ട് തുമ്പികൾ എന്നിവയാണ് പുതിയ അതിഥികൾ. വൃഷ്ടി പ്രദേശത്ത് വരണ്ട കാലാവസ്ഥ ആയിരുന്നെങ്കിലും എട്ട് പുതിയവ ഉൾപ്പെടെ 48 തുമ്പികളെയും കാണാനായി. ഓഫ് സീസൺ സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്ന് മഴക്കാലത്തിന് ശേഷം തുടർസർവേ നടത്തുമെന്നും വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ പറഞ്ഞു.
തുമ്പികളിൽ പുഴക്കടുവ (കൊമ്പീഡിയ കൊഡഗ്യൂൻസിസ്), ചൂണ്ട വാലൻ കടുവ ( പാരഗോംഫസ് ലീനാറ്റസ് ), നീല വ്യാളി (ഓർത്തെട്രം ഗ്ലാകം ), നീല കറുപ്പൻ വ്യാളി (ഓർത്തെട്രം ട്രയാങ്കുലാറെ ), ചെമ്പൻ പരുന്തൻ (ട്രാമിയ ബസിലാരിസ്‍) , നീല പുൽമാണിക്ക്യൻ (ഇഷ്നുറ സെനഗലെൻസിസ്), ആനമല നിഴൽതുമ്പി എന്നിയാണ് പുതിയ അതിഥികൾ.കൂടാതെ 202 ഇനം നിശാശലഭങ്ങൾ, 52 ഇനം ഉറുമ്പുകൾ എന്നിവയേയും ആന, നീർ നായ, ചെറിയ സസ്തനികൾ എന്നിവയുടെ സാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതത്തിലെ ഏഴ് സ്ഥലങ്ങളിൽ താമസിച്ചായിരുന്നു മൂന്ന് ദിവസത്തെ സർവേ നടത്തിയത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ എൻജിഒകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള 45 പേർ പങ്കെടുത്തു. ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ആയ ഡോ. കലേഷ് സദാശിവൻ ഡാറ്റ ക്രോഡീകരിച്ചു.
കാനനഭംഗിയിൽ 174 പക്ഷികൾ
14 പുതിയവ ഉൾപ്പെടെ ആകെ 174 പക്ഷികളെ സർവേയിൽ നിരീക്ഷിച്ചു. ചാരമുണ്ടി, പുള്ളി കഴുകൻ, കായൽപ്പരുന്ത് , ബോൺല്ലി പരുന്ത്, കരിതപ്പി (വെസ്റ്റേൺ മാർഷ് ഹാരിയർ ,മേടുതപ്പി ( മൊൺടാഗു ഹാരിയർ ), യൂറേഷ്യൻ പ്രാപ്പിടിയൻ, ചിയിരാച്ചുക്ക് , നീലക്കണ്ണൻ പച്ചച്ചുണ്ടൻ, പൊടിപ്പോന്മാൻ, കാക്ക മരംകൊത്തി, റോസ് മൈന, പാറ നിരങ്ങൻ, വയലാറ്റഎന്നിവയാണ് കണ്ടെത്തിയ പുതിയ പക്ഷികൾ.
ഇവയെ കൂടാതെ കിന്നരിപരുന്ത്, കിന്നരി പ്രാപ്പരുന്ത്, ചെമ്പനെറിയൻ, പുഴ ആള, മീൻ കൂമൻ, കാട്ടു മൂങ്ങ, ചെവിയൻ രാചുക്ക് എന്നിവയാണ് പക്ഷികളിലെ പ്രധാനപ്പെട്ട മറ്റ് കണ്ടെത്തലുകൾ.
ഒളിഞ്ഞിരിക്കുന്നുണ്ട് പാറിപ്പറക്കാൻ
അരളി, നീലക്കടുവ,കരിനീലക്കടുവ എന്നീ ശലഭങ്ങളുടെ ആയിരക്കണക്കിന് കൂട്ടങ്ങളെയും ഗവേഷകർക്ക് കാണാൻ കഴിഞ്ഞു.15 പുതിയവ ഉൾപ്പെടെ ആകെ 155 ഇനം ശലഭങ്ങളെ രേഖപ്പെടുത്തി. സഹ്യാദ്രി വെൺശലഭം, തീച്ചിറകൻ, കനക രാജൻ, രത്നനീലി, സീബ്ര നീലി, ഇരുളൻ സിലോൺ നീലി, ഇന്ത്യൻ വൈറ്റ്-ടിപ്പ്ഡ് ലൈൻബ്ലൂ ( വെള്ളത്തുമ്പ് വരയൻ നീലി), ഡാർക്ക് ഗ്രാസ് ബ്ലൂ (ഇരുളൺ പുൽനീലി) , ഇന്ത്യൻ പർപ്പിൾ ലീഫ് ബ്ലൂ ( ഇല നീലി), കാർവാർ മെനി-ടെയിൽഡ് ഓക്ക് ബ്ലൂ(തളിർ നീലി), നീല മിന്നൻ, ഓർക്കിഡ് നീലി, ചോല നീലാംബരി, നാട്ട് പൊട്ടൻ എന്നിവയാണ് പുതുതായി സാന്നിധ്യം അറിയിച്ചത്.









0 comments