സഹോദരനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ

വാടാനപ്പള്ളി: മദ്യലഹരിയിൽ സഹോദരനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.മണ്ണുത്തി പറവട്ടാനി വെള്ളറ വീട്ടിൽ റിഷ്ക്കോവ് (34) ആണ് വാടാനപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച്ചയാണ് സംഭവം. തളിക്കുളം കച്ചേരിപ്പടിയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് വച്ച് സഹോദരനായ റിക്നോവ് (35)നെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
സഹോദരങ്ങളായ റിക്നോവും, റിഷ്ക്കോവും ഇവരുടെ സുഹൃത്തുക്കളും കൂടി ഓട്ടോറിക്ഷയിൽ ബുധനാഴ്ച പകൽ 1.30 ഓടെ പറവട്ടാനിയിൽ നിന്നും നാട്ടിക ബീച്ചിലേക്ക് പോകുന്ന വഴി തളിക്കുളം പെട്രോൾ പമ്പിന് സമീപം വെച്ച് പ്രതി റിഷ്കോവ് മദ്യലഹരിയിൽ റിക്നോവുമായി വാക്ക് തർക്കമുണ്ടാവുകയും ഓട്ടോറിക്ഷ നിർത്തി റിക്നോവിനെ റോഡിലേക്ക് തള്ളിയിടുകയും കരിങ്കല്ല് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
റിഷ്കോവിനെതിരെ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ 2015,2024 വർഷങ്ങളിൽ ഓരോ വധശ്രമകേസുകൾ ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി ഇൻസ്പെക്ടർ എൻബി ഷൈജു, സബ് ഇൻസ്പെക്ടർ ഷാഫി യൂസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫിറോസ്, സിവിൽ പൊലീസ് ഓഫീസർ ഉണ്ണിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.









0 comments