19 അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ചുമതലയേറ്റു

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അഭിവാദ്യം ചെയ്യുന്നു,
തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ (എഎംവി ഐ) ചുമതലയേറ്റു. 19 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് പ്രതിജ്ഞാ വാചകം ചൊല്ലി ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിൽ മികവ് തെളിയിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആരാധന ബി ജി (ബെസ്റ്റ് ഇൻഡോർ), വിഷ്ണു ജെ നായർ (ബെസ്റ്റ് ഔട്ട്ഡോർ), രോഹിത് എസ് (ബെസ്റ്റ് ഷൂട്ടർ), ശ്രീജിത്ത് ബി (ബെസ്റ്റ് ആൾറൗണ്ടർ) എന്നിവർക്ക് പുരസ്‌കാരം നൽകി. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ അഭിവാദ്യം സ്വീകരിച്ചു.
എഎംവിഐമാരെ അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ കംപ്യൂട്ടർ പരിശീലനവും കെഎസ്ആർടിസിയുടെ വർക്‌ഷോപ്പുകളിൽ പ്രായോഗിക പരിശീലനവും നൽകും.
സംസ്ഥാനത്തെ വകുപ്പുകളിൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയതിൽ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്താണ്. ആത്മാർഥതയുള്ള ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ശക്തി. ഓഫീസുകളിലേക്ക് ഏജന്റുമാരുടെയും കൺസൾട്ടന്റുമാരുടെയും പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
ഐജിപി ട്രെയിനിങ് ഗുഗുളത് ലക്ഷ്മണൻ, ട്രാൻസ്പോർട്ട് കമീഷണർ നാഗരാജു ചെകിലം, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോജ് ശങ്കർ, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ യോഗേഷ് മാന്ദയ്യ, വൈസ് പ്രിൻസിപ്പൽ അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments