പ്രതിയിലേക്ക് എത്തിയത് കൊച്ചി ശൃംഖല തകർത്ത്
കൊണ്ടോട്ടിയിൽ പിടികൂടിയത് ഒന്നര കിലോ എംഡിഎംഎ: എത്തിച്ചത് എയർകാർഗോ വഴി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിനടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മൊത്ത വിതരണ ശൃംഖയുടേത്. 1.66 കിലോഗ്രാം എം.ഡി.എം.എ യാണ് പൊലീസ് പിടികൂടിയത്. മുക്കൂട് മുല്ലാൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സ്ക്വാഡും എം.ഡി.എം.എ കണ്ടെത്തിയത്. ലഹരി കേസിൽ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്.
ചെന്നൈ വിമാനത്താവളത്തിലേക്ക് എയർ കാർഗോ വഴി എത്തിച്ച പാക്കറ്റാണ്. ഇത് റോഡ് മാർഗ്ഗം പാർസൽ സർവ്വീസുകാരെ ഉപയോഗിച്ച് കൊണ്ടോട്ടിയിലേക്ക് കൊണ്ടുവന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 70 ലക്ഷത്തോളം രൂപ വിലവരും.
പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് ചെയ്താണ് എം.ഡി.എം.എ കണ്ടെടുത്തത്.
പശ്ചിമ കൊച്ചിയില്‍ നിന്ന് ജനുവരിയിൽ എം.ഡി.എം.എ ഉള്‍പ്പെടെ മയക്കുമരുന്നുകൾ പിടികൂടിയ കേസിലെ പ്രതിയാണ് നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖ് (26). രണ്ട് ദിവസം മുമ്പാണ് ഇയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിന് പിന്നാലെ പൊലീസ് തുടരന്വേഷണം ആരംഭിച്ചത്.

ഒമാനിൽ സൂപ്പർമാർക്കറ്റ്, സമൂഹത്തിൽ ബിസിനസുകാരൻ
ഒമാനില്‍ നിന്ന് എം.ഡി.എം.എ വാങ്ങി വിമാനമാര്‍ഗം കള്ളക്കടത്തായി എത്തിക്കുന്നതായാണ് കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍ നിന്ന് വാങ്ങുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ഫ്ളാസ്‌കുകള്‍ക്കുള്ളിലും ഒളിപ്പിച്ച് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് കടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കു മരുന്ന് കേസിൽ വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതി ഫെബ്രുവരി ഒന്നിന് പിടിയിലായിരുന്നു. സംഘത്തില്‍പ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മാഈല്‍ സേഠ് ഫെബ്രുവരി അഞ്ചിനും പിടിയിലായി. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള വിശദ അന്വേഷണത്തിലാണ് ആഷിഖിലേക്ക് പൊലീസ് എത്തിയത്.
മയക്കുമരുന്ന് വേട്ടയിൽ അന്വേഷണം ഇപ്പോൾ മൊത്ത വിതരക്കാരെ കേന്ദ്രീകരിച്ച് നീങ്ങുകയാണ്. കേരളത്തിന് വിപത്തായി തീർന്ന മയക്കുമരുന്ന് സംഘങ്ങളെ ഓരോന്നായി കണ്ടെത്തുകയാണ്. ഒമാനിൽ നിന്നും ഈ പാർസൽ അയച്ചയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.









0 comments