സുവർണജൂബിലിയിൽ കെഎസ്‌ഡിപിക്ക്‌ 15 ബ്രാൻഡ്‌ മരുന്നുകൾ

KSDP
avatar
ഫെബിൻ ജോഷി

Published on Apr 08, 2025, 11:23 AM | 1 min read

ആലപ്പുഴ: സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 15 മരുന്നുകൾ ഈ വർഷം സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്തിക്കാൻ കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി). ആന്റിബയോട്ടിക്, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ്‌ കെഎസ്‌ഡിപിയുടെ ബ്രാൻഡിൽ പൊതുജനങ്ങളിലെത്തുക. ഇവ പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.


‘കേരാംസോൾ’ എന്ന പേരിൽ കഫ് സിറപ്പ്, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക്‌ ‘കേരമൈസിൻ’ എന്ന പേരിൽ അസിത്രോമൈസിൻ ആന്റിബയോട്ടിക്‌ ഗുളിക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്ക്ക്‌ ‘കേരാ പിപ്പ്‌റ്റസ്‌’ എന്ന പേരിൽ പിപ്പെരാസിലിൻ, ടാസോബാക്ടം ഇൻജക്ഷൻ എന്നിവയാകും ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. ചൊവ്വാഴ്‌ച മരുന്ന്‌ എത്തിത്തുടങ്ങും.


സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്‌റ്റോറുകൾ വഴിയും മരുന്നുകൾ ലഭ്യമാകും. ചൊവ്വാഴ്‌ച രാവിലെ കലവൂരിലെ കെഎസ്‌ഡിപി ആസ്ഥാനത്ത്‌ നടക്കുന്ന 50-ാം വാർഷികാഘോഷ ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാർ ട്രേഡ്‌ മാർക്ക്‌ രജിസ്‌ട്രിയുടെ അംഗീകാരം ലഭിച്ച മൂന്ന്‌ ബ്രാൻഡുകളുടെ സർട്ടിഫിക്കറ്റ്‌ മന്ത്രി പി രാജീവ്‌ കെഎസ്‌ഡിപി മാനേജിങ്‌ ഡയറക്‌ടർ ഇ എ സുബ്രഹ്‌മണ്യന് കൈമാറും.


മറ്റ്‌ 12 മരുന്നുകളുടെ ബ്രാൻഡിങിനുള്ള നടപടി പുരോഗമിക്കുന്നു. അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ വിപണിയിലെത്തും. ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കെഎസ്ഡിപി ‘മെഡി മാർട്ട്‌’ എന്ന പേരിൽ ചില്ലറവ്യാപാര ശൃംഖലയും ആരംഭിക്കും. കലവൂരിൽ ചൊവ്വാഴ്‌ച തുറക്കുന്ന വിൽപ്പനകേന്ദ്രം പിന്നീട്‌ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കെഎസ്‌ഡിപിയുടെയും സ്വകാര്യ കമ്പനികളുടെയും മരുന്നുകൾ വിപണിവിലയേക്കാൾ കുറവിൽ ലഭ്യമാക്കാനാണ്‌ പദ്ധതി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home