വീടുവിട്ടിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിനിയെ പൊലീസ് ഇടപെടലിൽ തിരിച്ചെത്തിച്ചു

മഞ്ചേരി: വീടുവിട്ടിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിനിയെ മഞ്ചേരി പൊലീസിന്റെ ഇടപെടലിൽ തിരിച്ചെത്തിച്ചു. തിരൂർ പൊലീസിന്റെ സഹായത്തോടെ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടി വീടുവിട്ടത്. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി കഴിഞ്ഞദിവസം സഹോദരനുമായി വഴക്കിട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെടും എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്.
തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാണാതായ വിവരം മനസ്സിലായത്. ഇതിനിടെ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടു. താൻ ആലപ്പുഴ സ്വദേശിയാണെന്നും എറണാകുളത്തുനിന്ന് തിരൂരിലേക്ക് ട്രെയിനിൽ വരികയാണെന്നും വിദ്യാർഥിനി ഫോണിൽ വിളിച്ചിരുന്നതായും അറിയിച്ചു. പൊലീസ് നിർദേശപ്രകാരം യുവാവ് വിദ്യാർഥിനി വിളിച്ച ഫോണിലേക്ക് കോൺഫറൻസ് കോളിലൂടെ ബന്ധപ്പെട്ടു. എന്നാൽ, ഈ ഫോൺ മറ്റൊരു യാത്രക്കാരിയുടേതായിരുന്നു. തിരൂർ ബസ് സ്‌റ്റാൻഡിൽവച്ച് സഹോദരനെ വിളിക്കാനാണെന്നുപറഞ്ഞ് പെൺകുട്ടി ഫോൺ വാങ്ങിയതായും സ്ത്രീ അറിയിച്ചു.
പിന്നീട് വിവരം മഞ്ചേരി പൊലീസ് തിരൂർ എസ്ഐ സുജിത്തിന് കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയെ കണ്ടെത്തി. മഞ്ചേരിയിൽനിന്നെത്തിയ പൊലീസ് സംഘം കൗൺസലിങ് നൽകാമെന്ന ഉറപ്പിൻമേൽ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.









0 comments