രക്തം ദാനം ചെയ്യാനെത്തി; ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

SUMESH CARDIAC ARREST
വെബ് ഡെസ്ക്

Published on Jun 10, 2025, 09:05 AM | 1 min read

കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം . പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ്(36) ആശുപത്രിയില്‍ എത്തിയത്. തുടർന്നാണ് മരണം സംഭവിച്ചത്. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനാണ്.


രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെപുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു.


ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മഹേഷ് മരിക്കുകയായായിരുന്നു .നിര്‍മാണ തൊഴിലാളിയാണ്. സുജിതയാണ് ഭാര്യ. മക്കള്‍-അഭിനവ്, അര്‍പ്പിത, ഐശ്വര്യ.



deshabhimani section

Related News

View More
0 comments
Sort by

Home