മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം; ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

scam-woman.jpg
വെബ് ഡെസ്ക്

Published on Nov 14, 2025, 08:29 AM | 1 min read

കൊടുങ്ങല്ലൂർ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് 9.90 ലക്ഷം (9,90,000) രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23)യെയാണ് തൃശൂർ സൈബർ പൊലീസും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലനാണ് തട്ടിപ്പിനിരയായത്.


മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഫോണിൽ ആർടിഒ ചലാൻ എന്ന എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതുവഴിയാണ് തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടത്. പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. തോമസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 2025 സെപ്തംബർ 29ന് മൂന്ന് തവണയായി ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി നൽകി.


തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിൽ പണം പോയത് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഹരിയാനയിലെത്തി ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ സൈബർ പൊലീസ് സ്റ്റേഷൻ ജിഎസ്ഐ സുജിത്ത്, സിപിഒ സച്ചിൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി കെ അരുൺ, എസ്ഐമാരായ ജി മനു, തോമസ്, അസ്മാബി, സിപിഒ ജിഷ ജോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.‌





deshabhimani section

Related News

View More
0 comments
Sort by

Home