തുടരും വൃത്തി; സമാപന സമ്മേളനം ഇന്ന്, പ്രദർശനം നാളെ കൂടി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വൃത്തി ദേശീയ കോൺക്ലേവിന്റെ സമാപന സമ്മേളനം ശനി വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കോൺക്ലേവിന്റെ ഭാഗമായുള്ള പ്രദർശനവും മികച്ച മാതൃകകളുടെ അവതരണവും കലാ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും ഞായറാഴ്‌ചയും തുടരും. മാലിന്യ പരിപാലനം- സാങ്കേതിക വിദ്യകളും അനുവർത്തിക്കാവുന്ന മാതൃകകളും, സർക്കുലർ എക്കോണമിയിൽ സാമ്പത്തിക നയങ്ങളുടെ ആവശ്യകതകളും അനുവർത്തിക്കാവുന്ന മാതൃകകളും, മാലിന്യ സംസ്‌കരണത്തിലെ മികച്ച വിവര വിജ്ഞാന വ്യാപന മാതൃകകൾ, മാലിന്യ സംസ്‌കരണത്തിലെ ഹീറോമാർ (ഓപ്പൺ ഫോറം), കേരളത്തിലെ ഗ്രേ വാട്ടർ മാനേജ്‌മെന്റ്, ശുചിത്വത്തിലെ സമഗ്രത, കേരളത്തിലെ എമർജൻസി റെസ്‌പോൺസ് സാനിറ്റേഷൻ യൂണിറ്റുകൾ, കാലാവസ്ഥാ പ്രതിരോധവും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും എന്നീ വിഷയങ്ങളിൽ വിവിധ വേദികളിലായി ചർച്ചകൾ നടക്കും.
ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 4.30വരെ പാലസ് ഹാൾ, കനകാംബരം എന്നീ വേദികളിലായി വിവിധ ജില്ലകളിൽ നിന്നുള്ള ശുചിത്വ മാതൃകകൾ അവതരിപ്പിക്കും. രാത്രി ഏഴിന് നിശാഗന്ധിയിൽ റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ "നായിക' നൃത്ത സന്ധ്യ അരങ്ങേറും.









0 comments