ഏകീകൃതപെൻഷൻ കേന്ദ്രത്തിന്റെ വഞ്ചന

pension
avatar
എം വി ശശിധരൻ

Published on Feb 24, 2025, 12:02 AM | 4 min read

2024 ആഗസ്‌തിൽ കേന്ദ്രസർക്കാർ നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്‌) പരിഷ്കരിച്ച് പുതിയ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്‌) കൊണ്ടുവരാൻ തീരുമാനിച്ചു. ഏകീകൃത പെൻഷൻ പദ്ധതിയിലെ വഞ്ചനയും കോർപറേറ്റ് പ്രീണനവും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിശദമായ വിജ്ഞാപനംവരെ കാത്തിരിക്കാനായിരുന്നു നിർദേശം. അഞ്ചുമാസം പിന്നിട്ട്‌ 2025 ജനുവരി 24 ന് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. അവ്യക്തവും അപൂർണവും കൂടുതൽ ആശങ്കയുണ്ടാക്കുന്നതും ദുരുപയോഗസാധ്യതയുള്ളതും എന്ന് മാത്രമല്ല മന്ത്രിസഭായോഗ തീരുമാനത്തിൽ വ്യക്തമാക്കപ്പെട്ടതിൽ നിന്നുപോലും പിറകോട്ട് പോകലായി ഈ ഗസറ്റ് വിജ്ഞാപനം.

ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്രസർക്കാർ പിഎഫ്ആർഡിഎയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.


സർക്കാർ പെൻഷൻ നൽകാൻ തയ്യാറാകാതെ ഉറപ്പു മാത്രമാണ് നൽകുന്നത്. വിജ്ഞാപനത്തിലെവിടെയും ‘ഉറപ്പായ പെൻഷൻ’ (Assured Pension) എന്നു പറയാതെ ഉറപ്പായ ‘പേ ഔട്ട്’ (Assured Payout) എന്നുപറയുന്നതു തന്നെ പെൻഷൻ എന്ന സാമൂഹ്യ ഉത്തരവാദിത്വത്തിൽനിന്ന് പിൻമാറി നിക്ഷേപിച്ച പണത്തിന്റെ തിരികെ കൊടുക്കൽ മാത്രമാക്കി ചുരുക്കലാണ്. ഉറപ്പായ പെൻഷൻ/പേഔട്ട് ആര് നൽകുമെന്നും ഉറപ്പ് പാലിച്ചില്ലെങ്കിൽ തുടർനടപടി എന്തായിരിക്കും എന്നതിൽ വ്യക്തതയും ഇല്ല. ഓഹരി കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ചും കോർപറേറ്റ് ദയാദാക്ഷിണ്യത്തിനും ജീവനക്കാരന്റെ റിട്ടയർമെന്റ്‌ കാലത്തെ ജീവിതത്തെ എറിഞ്ഞു കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോൾ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഓരോ വ്യവസ്ഥകളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അർഹതയിലുള്ള അപാകം

ഗസറ്റ് വിജ്ഞാപനത്തിൽ ഉറപ്പായ പേ ഔട്ടിന് അർഹരായ മൂന്ന് വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. 10 വർഷത്തിലധികം സർവീസ് ദൈർഘ്യത്തോടെ വിരമിച്ചവർ വിരമിക്കൽ തീയതി മുതൽ ഉറപ്പായ പേ ഔട്ടിന് അർഹത നേടും; എന്നാൽ പത്തു വർഷത്തിൽ താഴെയുള്ളവർക്ക് അർഹതയില്ല; ഒരു അനുകൂല്യവും ലഭിക്കില്ല. എന്തെങ്കിലും അപകടമോ (ഡ്യൂട്ടിയുടെ ഭാഗമായാൽ പോലും) അസുഖമോ കാരണം 10 വർഷത്തിൽ കുറഞ്ഞ കാലയളവിൽ സർവീസിൽനിന്നും വിട്ടുപോകേണ്ടിവരുന്നവർക്ക് എക്സ്ഗ്രേഷ്യാ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും നൽകുന്നില്ല. അവരിൽനിന്ന് പിടിച്ച വിഹിതം (അധ്വാനത്തിലെ ,ശമ്പളത്തിലെ ഭാഗം) പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണിത്.

25 വർഷത്തെ യോഗ്യസേവനത്തിനു ശേഷം സ്വയം വിരമിക്കുന്നവർക്ക് യഥാർഥത്തിൽ അവർ വിരമിക്കുമായിരുന്ന തീയതി മുതൽ ഉറപ്പായ പേ ഔട്ട് നൽകുമെന്നാണ് വ്യവസ്ഥ. നിലവിൽ കേന്ദ്ര സർവീസിൽ 20 വർഷ സർവീസാണ് സ്വയം വിരമിക്കൽ യോഗ്യസേവനകാലം; സ്വയം വിരമിക്കൽ തീയതി മുതൽ തന്നെ പെൻഷൻ ലഭിക്കുകയും ചെയ്യും. 30 വർഷം യഥാർഥ സർവീസുള്ള ഒരാൾ 25 വർഷം ആകുമ്പോൾ സ്വയം വിരമിച്ചാലും വീണ്ടും അഞ്ച് വർഷത്തിനുശേഷം മാത്രമേ ഉറപ്പായ പേ ഔട്ട് കിട്ടുകയുള്ളൂ. അഞ്ചുവർഷം ഒരു തുകയും പെൻഷനുമില്ലാതെ കഴിയേണ്ടി വരും. 25 വർഷം അടച്ച വിഹിതം ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിച്ചാൽ പോലും ഈ 5 വർഷംകൊണ്ട് തുക ഇരട്ടിയോളം ആകും.

ഉറപ്പിൽ ഒതുങ്ങുമോ

യുപിഎസിൽ നൽകുന്ന ആനുകൂല്യങ്ങളുടെ ഉറപ്പ് (ഉറപ്പു മാത്രമാണ്) എന്തെല്ലാമാണെന്ന് പറയുന്നുണ്ട്. കുറഞ്ഞത് 25 വർഷ യോഗ്യസേവനകാലമുള്ളവർക്ക് അവസാന പന്ത്രണ്ട് മാസ ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം ഉറപ്പായ പേ ഔട്ട് ലഭിക്കുമെന്നാണ്. എന്നാൽ 25 വർഷ സർവീസ് ഉറപ്പായ പേ ഔട്ടിനുള്ള പരമാവധി സർവീസ് കൂടിയാണെന്ന് വിജ്ഞാപനത്തിലെ ഇല്ലുസ്ട്രേഷനിൽ (ഉദാഹരണസഹിത വിശദീകരണത്തിൽ) വ്യക്തമാക്കിയിട്ടുണ്ട്. അതായത് 25 വർഷത്തിനുശേഷവും വിഹിതം പിടിക്കും; ആനുകൂല്യം ലഭിക്കില്ല. ശമ്പള വർധന മാത്രമാണ് പരിഗണിക്കുക. വലിയ നഷ്ടം ഇതുവഴി ജീവനക്കാരന് ഉണ്ടാകും.

ഉറപ്പായ പേ ഔട്ട് വാങ്ങിച്ചു കൊണ്ടിരിക്കുന്നയാൾ മരിച്ചാൽ അദ്ദേഹത്തിന്റെ പേ ഔട്ടിന്റെ 60 ശതമാനം നിയമപരമായി വിവാഹിതരായവർക്ക് ഭാര്യ/ ഭർത്താവിന് മാത്രമേ ലഭിക്കൂ. വിരമിച്ചയാൾ മരിച്ചാൽ മാത്രമേ കുടുംബ പേ ഔട്ട് ലഭിക്കൂ. അതും ഇണയ്‌ക്കു മാത്രം. യുപിഎസ് ഓപ്റ്റ് ചെയ്ത നിലവിലെ ജീവനക്കാർ മരിച്ചാൽ ഫാമിലിക്ക് ലഭിക്കുന്ന ഉറപ്പായ പേ ഔട്ട് സംബന്ധിച്ച് ഒന്നും പറയുന്നില്ല.

ആറുമാസ സർവീസിന് ഒന്ന് എന്ന നിലയിൽ അവസാന ശമ്പളത്തിന്റെ (ശമ്പളം+ ക്ഷാമബത്ത) 10 ശതമാനം ലംപ്സം തുകയായി നൽകുമെന്ന് പറയുന്നതും വൻ വെട്ടിപ്പിന് മറപിടിക്കാനാണ്. 2024 ആഗസ്‌ത്‌ 24 ന്റെ മന്ത്രിസഭാ തീരുമാനത്തിൽ ഏകീകൃത പെൻഷൻ സംബന്ധിച്ചെടുത്ത തീരുമാനത്തിൽ അഞ്ചാമത്തെ കാര്യമായി പറയുന്ന മൂന്ന് എണ്ണത്തിൽ ഒന്നാമതായി പറഞ്ഞത് ഗ്രാറ്റ്യുവിറ്റിക്ക് പുറമേ ലംപ്സം തുക നൽകും എന്നാണ്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ ഗ്രാറ്റ്യുവിറ്റിയെകുറിച്ച് നിശബ്ദമാകുന്നത് നിഷേധത്തിന്റെ ഭാഗമാണെന്ന ആശങ്കയുണ്ട്.

കോർപസ് ഫണ്ടിലെ തട്ടിപ്പ്

കോർപസ് ഫണ്ട് സമാഹരണം, വിഹിതം, അവയുടെ നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളും ജീവനക്കാർക്കെതിരെയും ഒരു പക്ഷേ എൻപിഎസിനെക്കാളും പിറകോട്ടു പോകലുംകൂടിയാണ്. യുപിഎസ് ഓപ്ഷനിൽ രണ്ടുതരം കോർപസ് ഫണ്ടുകളാണ് ഉള്ളത്. (എ) വ്യക്തിയുടെ വിഹിതവും സർക്കാരിന്റെ മാച്ചിങ് വിഹിതവും ഉൾപ്പെടുന്ന വ്യക്തിഗത കോർപസ്. (ബി) കേന്ദ്രസർക്കാരിന്റെ അധിക വിഹിതം 8.5 ശതമാനം ഉൾപ്പെടുന്നതാണ് പൂൾ കോർപസ്. വ്യക്തികളുടെ വിഹിതം 10ശതമാനവും കേന്ദ്രസർക്കാരിന്റെ മാച്ചിങ്‌ വിഹിതം 10 ശതമാനവും ചേർന്നതാണ് വ്യക്തിഗത കോർപസ്. നേരത്തെ എൻപിഎസിൽ ഉണ്ടായിരുന്ന കേന്ദ്രവിഹിതം 14 ശതമാനത്തിൽനിന്നും 10 ശതമാനമായി കുറച്ചു. വ്യക്തിഗത കോർപസ് തെരഞ്ഞെടുക്കാൻ മാത്രമേ ജീവനക്കാരന് അധികാരം ഉള്ളൂ. ബാക്കി പിഎഫ്ആർഡിഎ തീരുമാനിക്കും. സൂക്ഷ്മാംശത്തിൽ പരിശോധിച്ചാൽ ഉറപ്പായ പേ ഔട്ടിന് കേന്ദ്ര കോർപസ് ഉപയോഗിക്കേണ്ടി വരിക, 10–-11 വർഷ സർവീസ് ദൈർഘ്യമുള്ളവർക്ക് മാത്രമായിരിക്കും.

ഭാവി അനിശ്ചിതത്വത്തിൽ

ഗസറ്റ് വിജ്ഞാപനത്തിലെ 9,10,11, 15 റൂളുകൾ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ്. യുപിഎസ് കോർപസ് മൂല്യത്തെയും ഫണ്ട് അധിഷ്ഠിതവുമാണെന്ന് ഉത്തരവിൽ തന്നെ പറയുന്നുണ്ട്. ജീവനക്കാരനും തൊഴിലുടമയും പതിവായും സമയബന്ധിതമായും വിഹിതം അടയ്ക്കുന്നതിനെ ആശ്രയിച്ചിരിക്കും ജീവനക്കാരന്റെ ഉറപ്പായ പേ ഔട്ട്. തൊഴിലുടമ വിഹിതം അടയ്ക്കാതിരുന്നാലും അതിന്റെ നഷ്ടം ജീവനക്കാരനാണെന്നതാണ്.

കോർപറേറ്റ് മാധ്യമങ്ങളുടെ അകമ്പടിയോടെ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി, പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനും എല്ലാം ‘ഒന്നിൽ’ കേന്ദ്രീകരിക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജൻഡ ഒളിച്ച് കടത്താനുമുള്ള നീക്കമാണ്.

നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്‌) ഏകീകൃത പെൻഷൻ പദ്ധതിയും (യുപിഎസ്‌) ഫലത്തിൽ നോ പെൻഷൻ സ്കീമും യൂസ്‌ലെസ് പെൻഷൻ സ്കീമും മാത്രമാണ്. ജീവനക്കാരൻ കമ്പോളത്തിന്റെയും കോർപറേറ്റുകളുടെയും ദയാദാക്ഷിണ്യത്തിന് കാത്തിരിക്കണം. പഴയ പെൻഷൻ പദ്ധതിയുമായി താരതമ്യം പോലുമില്ല. പെൻഷൻ ആരുടെയും ഔദാര്യമല്ല; അവകാശമായി തന്നെ കണക്കാക്കപ്പെടണം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കലാണ് സർക്കാർ ചെയ്യേണ്ടത്.

(കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home