ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിധി: പ്രതികൾക്ക് രക്ഷയായത് സിബിഐയുടെ വീഴ്‌ചകൾ

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികൾക്ക് രക്ഷയായത് സിബിഐയുടെ കേസ് അന്വേഷണത്തിലെ വീഴ്‌ചകൾ. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നൽകിയ ഹർജിയിൽ തുടരന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സിബിഐ നടത്തിയത് പുനരന്വേഷണം. കേസ് അന്വേഷണത്തിൽ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമം സിബിഐ മറന്നു. പലരെയും പ്രതിയാക്കുമെന്ന് ഭയപ്പെടുത്തി മാപ്പ് സാക്ഷിയാക്കി. നടപടിക്രമങ്ങളിലെ പാളിച്ചമൂലം കോടതിയിൽ ഹാജരാക്കിയ ആറ് മാപ്പുസാക്ഷികളുടെ തെളിവുകൾ സ്വീകാര്യമല്ലെന്നു പറഞ്ഞാണ് കോടതി തള്ളിയത്. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അധികാര പരിധിയിലല്ലാത്ത കോടതിയിൽ നൽകിയതും വീഴ്ചയായി.
സാക്ഷികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിക്കുന്നതിൽ സെഷൻസ് കോടതിക്ക് വീഴ്ച പറ്റി. വിചാരണ ഏതുരീതിയിൽ നടത്തണമെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. 2005ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ആക്രിക്കട തൊഴിലാളിയായ ഉദയകുമാർ ദാരുണമായി കൊല്ലപ്പെട്ടത്. ശ്രീകണ്‌ഠേശ്വരം പാർക്കിൽ പരിചയക്കാരനായ സുരേഷ്‌കുമാറിനൊപ്പം നിന്ന ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ച് സിഐ ഇ കെ സാബുവിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിലെത്തിച്ച് തല്ലിച്ചതയ്‌ക്കുകയായിരുന്നു. സുരേഷ് കുമാറും പിന്നീട് കൂറുമാറി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ എഎസ്‌ഐ കെ ജിതകുമാറടക്കം നാലുപേരെയാണ് കോടതി വിട്ടയച്ചത്.
യുഡിഎഫ് കാലത്തെ പൊലീസ് ഭീകരത
പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ലോക്കപ്പിൽ ഉരുട്ടിക്കൊന്നതും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതും 2001–2006 യുഡിഎഫ് ഭരണകാലത്താണ്. ബെഞ്ചിൽ കിടത്തി ഇരുമ്പ് പൈപ്പുകൊണ്ട് നെഞ്ചിലും തുടയിലും ഉരുട്ടിയാണ് ഉദയകുമാറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. തലസ്ഥാന നഗരത്തിലെ പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്തംബര്‍ 27ന് രാത്രി പത്തരയോടെയാണ് മരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008ലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
2018ൽ കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാര്‍ക്ക് പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചു. നാലും അഞ്ചും ആറും പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും സിബിഐ കോടതി വിധിച്ചിരുന്നു.









0 comments