ആർജെഡി നേതാവ്‌ ചാരുപാറ രവി അന്തരിച്ചു

charupara ravi
വെബ് ഡെസ്ക്

Published on Jul 08, 2025, 08:33 PM | 1 min read

തിരുവന്തപുരം: രാഷ്‌ട്രീയ ജനതാദൾ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ചാരുപാറ രവി(77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വ വൈകിട്ട് വിതുര എംജിഎം പൊന്മുടി വാലി പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ബുധൻ പകൽ മൂന്നിന്‌ ചാരുപാറ വീട്ടുവളപ്പിലാണ്‌ സംസ്‌കാര ചടങ്ങുകൾ.


പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചയാളാണ്‌ ചാരുപാറ രവി. ജയപ്രകാശ് നാരായണൻ, രാംമനോഹർ ലോഹ്യ, മഹാത്മാഗാന്ധി എന്നിവരുടെ ദർശനങ്ങളിൽ ആകൃഷ്ടനായാണ്‌ രാഷ്‌ട്രീയ പ്രവേശനം. തുടർന്ന്‌ ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും ദേശീയ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. ഐഎസ്ഒ ഭാരവാഹിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ രവി പൊലീസിന്റെ മർദനത്തിനിരയായി നാലു മാസം ജയിൽവാസം അനുഭവിച്ചു.


റബ്ബർ ബോർഡ് വൈസ് ചെയർമാൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം, ദേവസ്വം ബോർഡംഗം, കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചായം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, തൊളിക്കോട് പഞ്ചായത്തംഗം, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളേജ് വികസന കമ്മിറ്റി അംഗം എന്നിങ്ങനെയും പ്രവർത്തിച്ചു. എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജയപ്രകാശ് കൾച്ചറൽ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിങ്‌ എഡിറ്റർ എന്നീ ചുമതലകളും വഹിച്ചു. 1980-ൽ ആര്യനാട്നിന്നും 1996ൽ നെയ്യാറ്റിൻകരയിൽനിന്നും 2009-ൽ നേമത്തുനിന്നും നിയമസഭയിലേക്ക്‌ മത്സരിച്ചു.


വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താന്റെയും സുമതിയമ്മയുടേയും മകനായി 1949ലാണ്‌ ജനനം. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സി ആർ അരുൺ, സി ആർ ആശ, സി ആർ അർച്ചന. മരുമക്കൾ: നിഷ, ശ്രീകുമാർ, സജികുമാർ.



deshabhimani section

Related News

View More
0 comments
Sort by

Home