കൊള്ളയ്ക്ക് ഒത്താശ; സർക്കാർ ആശുപത്രികളെ തകർക്കാൻ പ്രതിപക്ഷം

പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനിതാ പൊലീസിനെ തള്ളിവീഴ്ത്തിയപ്പോൾ- ഫോട്ടോ: ശരത് കൽപാത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ കോർപറേറ്റ്, സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെ തകർക്കാൻ നീക്കം സജീവം. പ്രതിപക്ഷത്തിന്റേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ഒത്താശയോടെയാണ് വൻകിട സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ഗൂഢാലോചന. പാവപ്പെട്ടവരും സാധാരണക്കാരും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ തകർക്കുകയാണ് വ്യാജ വാർത്തകളുടെയും അക്രമസമരങ്ങളുടെയും ലക്ഷ്യം.
എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം സർക്കാർ ആശുപത്രികളിൽ അത്യാധുനിക ചികിത്സാ സംവിധാനം ഏർപ്പെടുത്തിയത് വൻകിടസ്വകാര്യ ആശുപത്രികൾക്ക് ഭീഷണിയാണ്. ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദയം, വൃക്ക, കരൾമാറ്റം ഉൾപ്പെടെയുള്ള അവയവമാറ്റ ശസ്‌ത്രക്രിയകളും മറ്റ് വിദഗ്‌ധ ചികിത്സയും സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും സൗജന്യമായും സൗജന്യനിരക്കിലും ലഭ്യമാണ്. ഇത്തരം ചികിത്സകൾക്ക് 10 മുതൽ 40- ലക്ഷം രൂപവരെയാണ് കോർപറേറ്റ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഇതിനകംതന്നെ ഇന്ത്യയിൽ കൂടുതൽ പ്രൈമറി ആൻജിയോപ്ലാസ്റ്റി നടക്കുന്ന സർക്കാർ ആശുപത്രിയെന്ന ഖ്യാതി നേടിയിട്ടുണ്ട്. ആദ്യ പീഡിയാട്രിക് കരൾമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടന്നു. ഹൃദയദ്വാരം അടയ്‌ക്കുന്ന സ്റ്റെന്റ് ഇടലും നടത്തി. എറണാകുളം ജനറലാശുപത്രിയിൽ മാസം അറുപതിലേറെ കാർഡിയോ തൊറാസിക് ശസ്‌ത്രക്രിയ നടക്കുന്നു. അതിൽ പതിനഞ്ചെണ്ണം ഹൃദയം തുറന്നുള്ളത്. രാജ്യത്ത് ആദ്യമായി ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നതും ഇവിടെ. പുറത്ത് 20 ലക്ഷംവരെയാണ് ചെലവ്. ഹൃദയം മാറ്റിവയ്‌ക്കലിന് അനുമതിനേടിയ രാജ്യത്തെ ആദ്യ ജനറലാശുപത്രിയാണിത്. ജില്ലാ, ജനറലാശുപത്രികളിലെല്ലാം കാത്ത്‌ലാബും, കാൻസർ ചികിത്സക്ക് ആധുനിക സംവിധാനവും ഒരുക്കുന്നുണ്ട്.
ഒറ്റത്തവണ ഡയാലിസിസിന് 1000 മുതൽ 3000 രൂപവരെ സ്വകാര്യ ആശുപത്രികൾ ഈടാക്കുമ്പോൾ 200 രൂപമാത്രമാണ് സർക്കാർ ആശുപത്രിയിലെ നിരക്ക്. കാരുണ്യ പദ്ധതിയിൽപ്പെട്ടവർക്ക് ഈ ചികിത്സ പൂർണമായും സൗജന്യം. ഈ വസ്‌തുതകളും യാഥാർഥ്യവുമാണ് സ്വകാര്യ, കോർപറേറ്റ് കുത്തകകൾക്ക് ഭീഷണി. സർക്കാർ ആശുപത്രികളെ തകർക്കാനും കഴുത്തറുപ്പൻ കച്ചവടം നടത്താൻ അരങ്ങൊരുക്കാനും ചില മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കൂട്ടുപിടിക്കുകയാണ് ഇവർ. സംസ്ഥാനത്തെ പല വൻകിട സ്വകാര്യാശുപത്രികളിലും ചികിത്സാപിഴവുകൊണ്ട് നിരവധി പേർ മരിക്കുകയും നൂറുകണക്കിനാളുകൾ ജീവച്ഛവമായും കഴിയുന്നു. ഇതൊന്നും വാർത്തയാക്കാൻ സർക്കാർ ആശുപത്രികളെ തകർക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത മാധ്യമങ്ങൾ തയ്യാറാകുന്നില്ല. പല മാധ്യമ കുടുംബങ്ങളുമായി ബന്ധപ്പെട്ടും ആശുപത്രി ശൃംഖലകളുമുണ്ട്.
വൻകിട ആശുപത്രികൾ ഏറ്റെടുക്കാൻ വിദേശ കമ്പനികൾ
തിരുവനന്തപുരത്തെ വൻകിട ആശുപത്രിയായ കിംസ് ഹെൽത്തിന്റെ 75 ശതമാനം ഷെയർ 3800 കോടി രൂപയ്‌ക്ക് സ്വന്തമാക്കാൻ അമേരിക്കൻ കമ്പനിയായ ബ്ലാക്‌സ്റ്റോൺ നടപടി പൂർത്തിയാക്കുന്നു. കിംസ് ഹെൽത്തിന്റെ കൊല്ലത്തെ ആശുപത്രിയിലും ഓഹരിയുണ്ട്. മലപ്പുറം കോട്ടയ്‌ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രി ശൃംഖല ഓഹരിയും ഇതേ അമേരിക്കൻ കമ്പനി വാങ്ങുന്നതായാണ് വിവരം. തിരുവനന്തപുരത്തെ മറ്റൊരാശുപത്രി ബംഗളൂരു ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പ് വാങ്ങി. കളമശേരിയിലെ കിന്റർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ 100 ശതമാനം ഓഹരിയും സിംഗപ്പൂരിലെ കിൻഡോമ കമ്പനി അധീനതയിലാക്കി.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ 70 ശതമാനം ഓഹരിയാണ് 2500 കോടി രൂപ മുടക്കി അമേരിക്കയിലെ കെകെആർ കമ്പനി ഏറ്റെടുക്കുന്നത്. ഈ ആശുപത്രികളുടെ ചെയർമാന്മാരായി ഇപ്പോഴുള്ളവർതന്നെ തുടരുമെന്നും പറയുന്നു.
0 comments