‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തികത്തട്ടിപ്പ്: സൗബിൻ ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ്

കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. സൗബിൻ, പിതാവ് ബാബു ഷാഹിർ, ഇവരുടെ ബിസിനസ് പങ്കാളിയും ഒന്നാംപ്രതിയുമായ ഷോൺ ആന്റണി എന്നിവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും മരട് പൊലീസ് കോടതിയെ അറിയിച്ചു.
അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും സിനിമയിൽനിന്ന് ലഭിച്ച ലാഭം എത്രയെന്നും അത് ചെലവഴിച്ചത് എങ്ങനെയെന്നും അറിയേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾ പരാതിക്കാരനെ ചതിച്ചെന്നും റിപ്പോർട്ടിലുണ്ട്.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു ആരോപണം.
എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയിരുന്നത്. അന്വേഷണം തുടരുന്നതിനിടെ നിർമാതാക്കൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 18 കോടി രൂപ മാത്രമാണ് ചെലവായതെന്ന് പൊലീസ് കോടതിയിൽ തെളിവ് സമർപ്പിച്ചതിനെത്തുടർന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിൽ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
പ്രതികളുടെ മുൻകൂർ ജാമ്യഹർജി 26ന് പരിഗണിക്കും. 27-ന് ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു.









0 comments