കേരളത്തിന് സ്വകാര്യ സർവകലാശാലകൾ അനിവാര്യം; സർക്കാരിന് പിന്തുണയുമായി ബിഡിജെഎസ്

ആലപ്പുഴ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ബില്ലിന് പിന്തുണയുമായി ബിഡിജെഎസ്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം കൂടുതൽ വികസിപ്പിക്കാനും വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും സ്വകാര്യ സർവകലാശാലകൾ അനിവാര്യമാണെന്ന് ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ അഭിപ്രായപെട്ടു.
നിലവിൽ നടക്കുന്ന അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും വൈകിയാണെങ്കിലും ഇത്തരത്തിലുള്ള തീരുമാനത്തെ അംഗീകരിക്കുകയാണു വേണ്ടതെന്നും പ്രമേയത്തിൽ പറയുന്നു. സംസ്ഥാനത്തു നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരിമിതിമകൾ തിരിച്ചറിയണമെന്നും സ്വകാര്യ സർവകലാശാലകൾ നടപ്പിലാക്കുന്നതിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സാധ്യതകൾ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ജ്യോതിസ് പറഞ്ഞു.
രാജ്യത്തെ 20-ലധികം സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ നിലവിലുണ്ട്. ഭാവി തലമുറയുടെ ശേഷി രാജ്യത്തുതന്നെ പ്രയോജനപെടുത്താനും സ്വകാര്യ സർവ്വകലാശാലകൾക്കകുമെന്നും യോഗം അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് ടി അനിയപ്പൻ അധ്യക്ഷനായി. ജില്ല നേതാക്കളായ കെ പി ദിലിപ് കുമാർ, സുരേഷ് ബാബു കെ സോമൻ, ടി ആർ പൊന്നപ്പൻ, ജെ പി വിനോദ്, പ്രകാശൻ കളപുരയ്ക്കൽ അംബിളി അപ്പു ജീ, ശ്രീകാന്ത് മാവേലിക്കര, സതിഷ്കായങ്കുളം എന്നിവർ സംസാരിച്ചു.









0 comments