സപ്തംബർ 10 നകം മറുപടി അറിയിക്കണം
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഇനിയും എന്താണ് തടസം: കേന്ദ്ര സർക്കരിനെതിരെ ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഒളിച്ചുകളിയിൽ ഇടപെട്ട് ഹൈക്കോടതി. ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ തീരുമാനം വൈകിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ കോടതി സ്വരം കടുപ്പിച്ചു.
തീരുമാനം അറിയിക്കാൻ അവസാന അവസരം എന്നറിയിച്ചു. സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്ന് കോടതി ഉത്തരവ് നൽകി. ഇത് അവസാന അവസരമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഓർമ്മപ്പെടുത്തി. സ്വരം കടുപ്പിച്ചായിരുന്നു ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ.
ഇതിന് മുമ്പ് കേസ് പരിഗണിച്ചപ്പോൾ നിയമപരമായ തടസ്സമുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഒഴിഞ്ഞത്. എന്നാൽ ഹൈക്കോടതി, ദുരന്തങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിനുള്ള ഭരണഘടനാപരമായ അധികാരം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ് വിഷയം.
ഇത്തവണ ഒഴിഞ്ഞു മാറ്റം ഓണാവധി പറഞ്ഞ്
വരുന്നത് ഓണാവധിയാണ്. അതിന് ശേഷം താൻ നേരിട്ട് കോടതിയിൽ വരുന്നു. അപ്പോൾ തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ പ്രതികരിച്ചത്. ഇതിനോടാണ് സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പ്രതികരിച്ചത്.
ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചത്.
കേരളം പലതവണ ഇക്കാര്യത്തിൽ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമേദിക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ ഗുരുതരമായ ദുരന്തങ്ങൾക്ക് ഇരയാകുന്ന വ്യക്തികളുടെ വായ്പകൾ എഴുതിത്തള്ളാനോ അല്ലെങ്കിൽ പുതിയ വായ്പകൾ നൽകാനോ ബാങ്കുകളോട് ശുപാർശ ചെയ്യാൻ ഇന്ത്യൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് (എൻഡിഎംഎ) അധികാരം നൽകിയ വകുപ്പ് ദുരന്ത നിവാരണ (ഡിഎം) നിയമത്തിൽ നിന്ന് നീക്കം ചെയ്തതായാണ് കേന്ദ്രം കോടതിയിൽ ഇതിനെതിരെ പറഞ്ഞത്.
കേരള വിരുദ്ധ മനോഭവം
കോടതി ഇടപെട്ടത് ഇങ്ങനെ
മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതർക്ക് സഹായം അനുവദിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറി. വായ്പ എഴുതിത്തള്ളാൻ പോലും തയാറായില്ല. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയിലൂടെ വായ്പ എഴുതിത്തള്ളാനുള്ള നിയമപരമായ ബാധ്യത നീക്കം ചെയ്താണ് കേന്ദ്ര സർക്കാർ കേരളത്തിനുള്ള സാധ്യത തടഞ്ഞത്.
നിയമത്തിൽ മാറ്റം വന്നതിനാൽ തങ്ങൾക്ക് അധികാരം ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി എം മനോജ് എന്നിവർ ഭാരതഘടനയിലെ ആർട്ടിക്കിൾ 73 പ്രകാരം നിയമം ഇല്ലെങ്കിലും കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാനുള്ള ശേഷി ഉണ്ടെന്ന് വ്യക്തമാക്കി.
കേന്ദ്രം തങ്ങൾക്ക് അധികാരം ഇല്ലെന്ന് പറയുന്നുവോ, അല്ലെങ്കിൽ നടപടി സ്വീകരിക്കാൻ താത്പര്യമില്ലയോ എന്ന് വ്യക്തമാക്കുന്ന ഉത്തരവാദിത്വമുള്ള സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിന് മൂന്ന് ആഴ്ച സമയം അനുവദിച്ചു.
പിന്നീട്, 2025 ഓഗസ്റ്റ് 1-ന്, വിചാരണയിൽ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ, വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അറിയിച്ചു.
തുടർന്ന് കോടതി വിചാരണ മാറ്റി വെച്ചു, 2025 ഓഗസ്റ്റ് 13-വരെ സമയം നൽകി.
ഈ സമയവും കൃത്യമായ മറുപടിയില്ലാതെ ഒഴിഞ്ഞു മാറിയപ്പോഴാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയത്.









0 comments