റെയിൽവേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ്: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു


സ്വന്തം ലേഖകൻ
Published on Feb 24, 2025, 10:39 PM | 1 min read
കുണ്ടറ: കൊല്ലം–--ചെങ്കോട്ട റെയിൽപ്പാളത്തിൽ ടെലിഫോൺ പോസ്റ്റ് വച്ച കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് കുണ്ടറ പൊലീസ് തെളിവെടുത്തു. പ്രതികളായ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവരെയാണ് ഞായറാഴ്‌ച രാവിലെ കുണ്ടറ ഈസ്റ്റ് പോങ്ങുവില ജങ്ഷനു സമീപമുള്ള ട്രാക്കിൽ എത്തിച്ചത്. ടെലിഫോൺ പോസ്റ്റിൽനിന്ന് കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കാനാണ് ട്രാക്കിൽ വച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
ആദ്യം പോസ്റ്റ് ട്രാക്കിനോട് ചേർത്തുവച്ചെങ്കിലും ട്രെയിൻ തട്ടിയില്ല. തുടർന്നാണ് പാളത്തിന് കുറുകെ വച്ചതെന്ന് പ്രതികൾ പറയുന്നത്.
ട്രെയിൻ അട്ടിമറി ശ്രമമാണ് നടന്നതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ സൂചിപ്പിക്കുന്നത്. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ അട്ടിമറി ശ്രമം അല്ലെന്നുള്ള സൂചനകളാണ് ലഭിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. അതിനിടെ കൊച്ചിയിൽനിന്നുള്ള രണ്ടംഗ എൻഐഎ സംഘം കുണ്ടറയിൽ എത്തി അന്വേഷണം നടത്തുകയും പ്രതികളെ ചോദ്യംചെയ്യുകയുംചെയ്‌തു. അരുണും രാജേഷും അഞ്ചും പതിനൊന്നും കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ സ്‌റ്റേഷനിലെ പൊലീസുകാരനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്.
സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. രണ്ടുദിവസം മുമ്പും സ്കൂട്ടറിൽ എത്തിയ പ്രതികൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. രാത്രിപരിശോധനയിൽ പൊലീസ് ഇവരെ കണ്ടിരുന്നു. ശനിയാഴ്‌ച നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച സ്കൂട്ടറിന്റെ ദൃശ്യങ്ങളും കിട്ടി. തുടർന്ന് പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് ശനിയാഴ്‌ച ഇരുവരെയും പിടികൂടി.
പോസ്റ്റ് മുറിച്ച് ആക്രിയാക്കാൻ വേണ്ടിയാണ് പാളത്തിൽ വച്ചതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ കൊല്ലം റൂറൽ എസ്‌പി കെ എം സാബു മാത്യൂവിനോട് പറഞ്ഞിരുന്നു. റെയിൽവേ പൊലീസും ആർപിഎഫും മധുര ഡിവിഷൻ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.
കൊല്ലം റൂറൽ എസ്‌പി കെ എം സാബു മാത്യൂ, ശാസ്താംകോട്ട ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സക്കറിയ മാത്യൂ, കുണ്ടറ സിഐ പി രാജേഷ്, എഴുകോൺ സിഐ സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ എത്തിച്ചത്. തെളിവെടുപ്പിനുശേഷം കൊട്ടാരക്കര ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്‌തു.









0 comments