നിസ്സഹായർക്ക് തുണയാവുക; കരുതലിൻ്റെ സന്ദേശവുമായി ഫെയ്സ് ബുക്ക് കുറിപ്പ്

mother and child
വെബ് ഡെസ്ക്

Published on Aug 06, 2025, 12:25 PM | 2 min read

കോഴിക്കോട് : ഒറ്റപ്പെട്ടസാഹചര്യങ്ങളിൽ കാണുന്ന സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കുവാൻ ശ്രദ്ധിക്കണമെന്ന സന്ദേശവുമായി മാധ്യമപ്രവർത്തകന്റെ അനുഭവ കുറിപ്പ്. മാധ്യമപ്രവര്‍ത്തകനായ പ്രജോഷാണ് അനുഭവ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.


കെഎസ്ആർ‌ടിസി ബസിൽ ടിക്കറ്റെടുക്കാൻ പോലും പണമില്ലാത്ത സ്ത്രീയെയും കുഞ്ഞിനെയും സുരക്ഷിതരായി പൊലീസിൽ ഏൽപ്പിക്കുന്നതാണ് പോസ്റ്റിൽ പറയുന്നത്.


ചൊവ്വാഴ്ച രാത്രി മലപ്പുറത്തു നിന്നും കോഴിക്കോടേക്കുള്ള കെഎസ്ആർടിസി യാത്രയിലായിരുന്നു പ്രജോഷ് രണ്ടുവയസുള്ള കുഞ്ഞിനെയും സ്ത്രീയെയും കാണുന്നത്. ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത അവരെ കോഴിക്കോട് ഇറക്കുകയായിരുന്നു ഡ്രൈവറും കണ്ടക്ടറും. എന്നാൽ അതിനുശേഷം അവർ എന്തുചെയ്യുമെന്ന ചിന്ത അലട്ടിയ മാധ്യമപ്രവർത്തകൻ. പൊലീസിൽ നേരിട്ട് വിളിച്ച് അവരെ സുരക്ഷിതരാക്കാനുള്ളതെല്ലാം ഉറപ്പുവരുത്തുകയായിരുന്നു.


പ്രജോഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ഇന്നലെ രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് മലപ്പുറത്തു നിന്നും കോഴിക്കോടേക്കുള്ള KSRTC കയറിയതാണ്. കുറച്ചു നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടുന്നില്ല. മുൻവശത്ത് വനിതാ കണ്ടക്ടർ സംസാരിക്കുന്നുണ്ട്. പോയി നോക്കിയപ്പോൾ ഒരു സ്ത്രീയും കുട്ടിയും ടിക്കറ്റ് എടുത്തിട്ടില്ല. എങ്ങോട്ടാണ് പോകേണ്ടതെന്നതിന് മറുപടിയില്ല. കൈയിൽ പണമോ ഫോണോ ബാഗോ ഇല്ല. രണ്ട് വയസ്സുകാരിയുടെ മുഖം പേടിച്ച് അര ണ്ടിരിക്കുന്നു. ഇവരെയും കൊണ്ട് പോകാനാവില്ലെന്ന് കണ്ടക്ടർ. ബസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് . അവിടെ വനിതാ പൊലീസ് ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ അവർ ഇടപെട്ടില്ല. കോഴിക്കോട് എത്തിയിട്ട് എന്തെങ്കിലും ചെയ്യാം എന്ന ചിന്തയിൽ ഡ്രൈവറും കണ്ടക്ടറും യാത്ര തുടർന്നു. ആ സ്ത്രീയുടെയും കുട്ടിയുടെയും ദൈന്യത മനസ്സിനെ ഉലച്ചു. ബസ്സിലുള്ളവരുടെ ചോദ്യങ്ങളോടൊന്നും അവർ പ്രതികരിച്ചതേയില്ല.


കോഴിക്കോടെത്തിയാൽ എന്ത് ചെയ്യും? ഞാൻ കണ്ടക്ടറോട് തിരക്കി. അവിടെ ഇറങ്ങിക്കോളും എന്ന് വനിതാ കണ്ടക്ടറുടെ മറുപടി. കോഴിക്കോട് പോലുള്ള നഗരത്തിൽ രാത്രി ഇവർ ഒറ്റപ്പെട്ടാലുള്ള അവസ്ഥ എന്നെ ഭയപ്പെടുത്തി. പിങ്ക് പോലീസിൻ്റെ ഹെൽപ്പ് ലൈനിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് അസോസിയേഷൻ നേതാവ് ശ്രീ'ജേഷേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം നടക്കാവ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ്റെ നമ്പർ തന്നു. കണ്ടക്ടർക്ക് ഞാൻ നമ്പർ കൊടുക്കാൻ ശ്രമിച്ചു. പക്ഷെ, അവർ അത് ബാധ്യതയാകുമെന്ന രീതിയിൽ പ്രതികരിച്ചു. കാര്യം മനസ്സിലായി. ഇതിൻ്റെ പിറകേ പോയാൽ ചിലപ്പോൾ അവരുടെ സമയം നഷ്ടമാകും. ഞാൻ ബസ്സിലിരുന്ന് പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അദേഹം ബസ്സിൻ്റെ വിവരവും സ്റ്റാൻഡിലെത്തുന്ന സമയവും അറിയിക്കാൻ പറഞ്ഞു. കോയാ സ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. സ്ത്രീയെ വഴിയിൽ ഇറക്കരുതെന്നും സ്റ്റാൻഡിൽ പൊലീസ് എത്തുമെന്നും അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. ബാക്ക് സീറ്റിൽ വനിതാ കണ്ടക്ടർ യാത്രയുടെ ക്ഷീണത്തിൽ മയക്കത്തിലായിരുന്നു.


ബസ്സിൽ നിന്നും ഇറങ്ങിയിട്ടും ആ സ്ത്രീയും കുട്ടിയും എന്നെ വേട്ടയാടി. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. കേസിൽ എട്ടോളം പേർ അറസ്റ്റിലായി. അവരാകുമോ ഇത്? നാട്ടുകാരുടെ ഭീഷണി ഭയന്ന് ഒളിച്ചോടുന്നതാണോ?

പൊലീസിനെ വിളിച്ച് ഇക്കാര്യം കൂടി സൂചിപ്പിച്ചു. പറ്റുമെങ്കിൽ അവരെ ഏതെങ്കിലും ഷോർട്ട് സ്റ്റേ ഹോമിലാക്കണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയിട്ടും ഉറക്കം വന്നില്ല. രാവിലെ ഫോണിൽ നടക്കാവ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുർജിത്തിൻ്റെ മെസ്സേജ്.

അവരെ കണ്ടെത്തി.


തിരൂർക്കാട്ടെ വീട്ടിൽ നിന്നും ഭർത്താവുമായി പിണങ്ങി രാത്രി ഇറങ്ങിയതാണ്. വീട്ടുകാർ വന്ന് അവരെ കൊണ്ടുപോയി. മനസ്സിൽ വല്ലാത്ത സന്തോഷം.


ഇതിവിടെ കുറിക്കാൻ കാരണം സ്ത്രീകളെയും കുട്ടികളെയും സമാന സാഹചര്യങ്ങളിൽ കാണുമ്പോൾ അവർക്ക് തുണയാകാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കാനാണ്. ഒരു ജീവിതമാകും അവിടെ തിരിച്ചെത്തുക.









deshabhimani section

Related News

View More
0 comments
Sort by

Home