ആലപ്പുഴയിലെ പാദപൂജ: അധ്യാപകനല്ലാത്ത ബിജെപി ജില്ലാ സെക്രട്ടറിയുടേയും കാലുകഴുകിപ്പിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ഗുരുപൂജ എന്ന പേരിൽ വിദ്യാർഥികളെകൊണ്ട് കാൽകഴുകിപ്പിച്ചരിൽ ബിജെപി ജില്ലാ സെക്രട്ടറിയും. ഭാരതീയ വിദ്യാനികേതന് കീഴിലുള്ള മാവേലിക്കര ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യപീഠം സ്കൂളിലാണ് സംഭവം. ഗുരു പൗർണിമ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് കുട്ടികളെക്കൊണ്ട് അനധ്യാപകനായ ബിജെപി നേതാവിന്റെയും കാൽ കഴുകി പൂജിപ്പിച്ചത്. ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് പൂജിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിലെ സ്‌കൂളിന്റെ ഔദ്യോഗിക പേജുകളിൽ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ പിൻവലിച്ചു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂളിലും 101 അധ്യാപകരുടെ കാലുകൾ വിദ്യാർഥികളെകൊണ്ട് കഴുകിച്ചിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി പന്മന ക്യാമ്പസ് മുൻ ഡയറക്ടർ ഡൊ. കെ പി വിജയലക്ഷ്മിയാണ് ഇവിടെ പരിപാടി ഉദ്ഘാടനംചെയ്‌തത്.
കുട്ടികളെകൊണ്ട് അധ്യാപകരുടെ കാലുകളിൽ പാൽ, പനിനീർ, ജലം എന്നിവ കൊണ്ട് കഴുകി സിന്ദൂരം, ചന്ദനം ചാർത്തി പുഷ്പാർപ്പണം നടത്തിക്കുകയായിരുന്നു. വിരമിച്ച അധ്യാപകരുടെ കാലുകൾ സ്‌കൂളിലെ നിലവിലെ അധ്യാപകരും പൂജിച്ചതായും വ്യാസപൂർണിമ ദിനത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച നിശ്ചയിച്ചിരുന്ന പരിപാടി വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ വെള്ളിയിലേക്ക് മാറ്റുകയായിരുന്നെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.









0 comments