പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്: കേരളം കൈപിടിച്ചു, കേന്ദ്രം കൈയൊഴിഞ്ഞു


സ്വന്തം ലേഖകൻ
Published on Aug 07, 2025, 10:02 AM | 1 min read
ഇടുക്കി: പെട്ടിമുടിയിൽ 70 പേരുടെ ജീവനെടുത്ത ദുരിതപ്പെയ്ത്തിന് അഞ്ചാണ്ട്. 2020 ആഗസ്‌ത് ആറ് അർധരാത്രിയാണ് ദുരന്തം മലപൊട്ടിയിറങ്ങിയത്. കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലായിരുന്നു രാത്രി 11.30ന് മലയിടിച്ചിൽ. മൂന്നു കിലോമീറ്റർ അകലെനിന്ന് ഉരുൾപൊട്ടിയിറങ്ങി . 14 കുട്ടികൾ ഉൾപ്പെടെ 66 പേരുടെ ജീവൻ പൊലിഞ്ഞു. 12 പേരെ രക്ഷിച്ചു, നാലുപേരെ കാണാതായി. സഹായമെത്തിക്കുന്നതിനായി മൃതദേഹം കണ്ടെടുക്കാനാവാത്ത നാലുപേരും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.
കേരളം കൈപിടിച്ചു, കേന്ദ്രം കൈയൊഴിഞ്ഞു
മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. രണ്ടുലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പറഞ്ഞുപറ്റിച്ചു. അഞ്ചുവർഷമായിട്ടും കേന്ദ്രം നയാപൈസ നൽകിയില്ല. എന്നാൽ, സംസ്ഥാന സർക്കാർ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നരകോടി രൂപ നൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിച്ചു. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് ധനസഹായമെത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം കണ്ടെത്തിയത്. എട്ട് കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ കുറ്റ്യാർവാലിയിൽ വീടും നിർമിച്ചുനൽകി.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കല്ലറകളിൽ ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
പ്രിയപ്പെട്ടവർക്കായി പുഷ്പങ്ങളർപ്പിച്ചു
പെട്ടിമുടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉറ്റവരുടെയും ഉടയവരുടെയും ഓർമകൾ പുതുക്കി ബന്ധുക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെത്തി. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ വി ശശി, ജനറൽ സെക്രട്ടറി വി ഒ ഷാജി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, ഏരിയ കമ്മിറ്റിയംഗം എം രാജൻ, മൂന്നാർ നോർത്ത് സെക്രട്ടറി ആർ ജയറാം എന്നിവർ രാജമലയിൽ കല്ലറയിൽ എത്തി അനുസ്മരിച്ചു. തുടർന്ന് പുഷ്പാർച്ചന നടത്തി. കെഡിഎച്ച്പി കമ്പനി മാനേജിങ് ഡയറക്ടർ മാത്യു എബ്രഹാം, വൈസ് പ്രസിഡന്റുമാരായ മോഹൻ സി വർഗ്ഗീസ്, ബി പി കരിയപ്പ, പി എം എസ് ഗിൽ എന്നിവരും കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു. മത മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടന്നു.









0 comments