ബോംബല്ല പടക്കം: ശോഭ സുരേന്ദ്രന്റെ ആരോപണം പൊട്ടി


സ്വന്തം ലേഖകൻ
Published on Apr 26, 2025, 08:29 PM | 1 min read
തൃശൂർ: ശോഭ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടനം നടത്തിയെന്ന വാദം പൊളിഞ്ഞു. അയൽവാസിയായ യുവാവിന്റെ വീട്ടിൽ ഗുണ്ട് പൊട്ടിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തന്റെ അറിവോടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതാണെന്ന് യുവാവ് മൊഴിയും നൽകി. ശോഭ സുരേന്ദ്രന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടു.
എസിപിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ ഗുഢാലോചനയൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 35 രൂപ കൊടുത്ത് വാങ്ങിയ ഗുണ്ടാണ് പൊട്ടിച്ചത്. ഇവർക്ക് മറ്റു ദുരുദ്ദേശ്യം ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ശോഭ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിന് മുന്നിലെ സ്ലാബിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഇത് പടക്കമാണെന്ന് സംഭവം നടന്നതിന് പിന്നാലെ പൊലീസ് കണ്ടെത്തിയിരുന്നു. പടക്കത്തിൽ ഉപയോഗിക്കുന്ന തിരിയും ഇവിടെ നിന്ന് കിട്ടിയിരുന്നു.
പൊട്ടിയത് സ്‌ഫോടക വസ്തുവാണെന്നും ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നുമാണ് ശോഭ സുരേന്ദ്രൻ ആരോപിച്ചത്. ശോഭ സുരേന്ദ്രനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശനിയാഴ്‌ച ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും നടത്തിയിരുന്നു. ബിജെപി ഗ്രൂപ്പുപോരിന്റെ ഭാഗമായി ജില്ലയിൽ ശോഭയെ ഒതുക്കിയിരുന്നു. ഇതിൽ നിന്ന് മറികടക്കാൻ ആസൂത്രിതമായി ആക്രമണക്കഥ കെട്ടിച്ചമയ്‌ക്കുകയായിരുന്നുവെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം പറയുന്നു.









0 comments