അഖിലയെയും അതുല്യയെയും ചേർത്ത് പിടിച്ച് സിപിഐ എം; മകൾക്ക് ജോലി

പാലക്കാട്: അമ്മയ്‌ക്ക് പിന്നാലെ അച്ഛനും അച്ഛമ്മയും അരുംകൊല ചെയ്യപ്പെട്ടപ്പോൾ ജീവിതത്തിൽ അനാഥയായ അഖിലയ്‌ക്ക് മുന്നോട്ടുള്ള കരുത്തിന് സിപിഐ എം ജോലി നൽകും. പോയിവരാൻ സൗകര്യമുള്ള പാർടിയുടെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിലാകും ജോലി നൽകുകയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
അമ്മ സജിതയുടെ സഹോദരി സരിതയുടെ ചിതലി പുത്തൻകളത്തിലെ വീട്ടിലാണ് അഖിലയും ചേച്ചി അതുല്യയുമുള്ളത്. ഇവരെ കാണാനും ആശ്വസിപ്പിക്കാനും സുരേഷ് ബാബു വ്യാഴാഴ്‌ച ചിതലിയിലെത്തിയപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പ്രയാസങ്ങളും ആവലാതികളും ഇരുവരും പറഞ്ഞു. തുടർന്നാണ് ജോലി നൽകാൻ തീരുമാനമായത്. നിയമപോരാട്ടത്തിനും പിന്തുണ നൽകി.
കുറ്റവാളിയായ ചെന്താമരയുടെ കൊടുവാളിനുമുന്നിൽ 2019 ആഗസ്‌ത് 31നാണ് അമ്മ സജിതയെ നഷ്‌ടമായത്. അഞ്ച് വർഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി പക ഉള്ളിൽ കരുതി ആസൂത്രിതമായി അച്ഛൻ സുധാകരനെയും അച്ഛമ്മ ലക്ഷ്‌മിയെയും വെട്ടിവീഴ്‌ത്തി. നടുക്കത്തിൽനിന്ന് പെൺകുട്ടികൾ പൂർണമായി മോചിതരായിട്ടില്ല.
ബിഎസ്എസ് ഗുരുകുലം വനിതാ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ് അഖില. അമ്മയുടെ മാതാപിതാക്കളായ എഴുപതു പിന്നിട്ട കുനിശേരി സ്വദേശികളായ കുമാരനും ശ്യാമളയ്‌ക്കും ഒപ്പമാണ് അഖില താമസിച്ചിരുന്നത്. ചെന്താമരയെ ഭയന്ന് നെന്മാറയിലെ വീട്ടിലെത്തുന്നത് അച്ഛനുള്ളപ്പോൾ മാത്രമാണ്. പാലക്കാട് സഹകരണ ആശുപത്രിയിൽ നഴ്‌സാണ് അഖിലയുടെ ചേച്ചി അതുല്യ. വിവാഹിതയാണ്. തളർന്നുപോയ അഖിലയ്‌ക്ക് മുന്നിൽ ജീവിതവഴി തുറന്നപ്പോൾ വീട്ടുകാർക്കും സന്തോഷം. ജോലിക്കുള്ള നടപടി വരുംദിവസങ്ങളിൽ സ്വീകരിക്കുമെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു. സിപിഐ എം നേതാക്കളായ വി രാധാകൃഷ്‌ണൻ, കെ ശിവരാമൻ എന്നിവരും ഒപ്പമുണ്ടായി.









0 comments