ദമ്പതിമാരുടെ മരണം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് സൂചന

രാമപുരം : പനയ്ക്കപ്പാലത്ത് വാടക വീട്ടിൽ ദമ്പതിമാർ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് സൂചന. കൂടപ്പുലം രാധഭാവനിൽ (തെരുവേൽ) വിഷ്ണു എസ് നായർ(36) ഭാര്യ രശ്മി (34) എന്നിവരെയാണ് പനയ്‌ക്കപ്പാലത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായർ ഉച്ചയോടെ കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചിലർ വീട്ടിലെത്തി വിഷ്ണുവിനെ മർദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
കുറവിലങ്ങാട് കോളേലിലെ മുൻ കെഎസ്‌യു ഭാരവാഹികൾ ഉൾപ്പെട്ട ബ്ലേഡ് മാഫയകളുടെ ഭീഷണിയെതുടർന്നാണ് സംഭവമെന്നാണ് വിവരം. രാമപുരത്തെ യൂത്ത് കോൺഗ്രസ് നേതാവുകൂടിയായ വിഷ്‌ണു താൻ നടത്തിവന്ന ബിസിനസ് ഇടപാടുകൾക്കായി ഈ സംഘത്തിൽനിന്ന് പണം പലിശയ്‌ക്ക് എടുത്തിരുന്നതായി പറയപ്പെടുന്നു. ഇടപാട് മുടങ്ങിയതോടെ സംഘം ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിഷ്ണുവിന്റെ ഭാര്യയെ അവിടെയെത്തി അവഹേളിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും വിഷ്‌ണുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു. ഞായർ വൈകിട്ട് വിഷ്‌ണു കൂടപ്പലത്തെ വീട്ടിൽ എത്തി രക്ഷിതാക്കളുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നതായും വിവരമുണ്ട്. ഇതിനിടെ കരാർ ജോലികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ വിഷ്‌ണുവിന് എതിരെ രാമപുരം പൊലീസിൽ രണ്ട് പരാതികൾ നിലവിലുണ്ട്.
വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ ഭാര്യ രശ്മി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സിംഗ് സുപ്രണ്ടാണ്. കെട്ടിട നിർമ്മാണ കരാറുകാരൻ ആയിരുന്ന വിഷ്ണു കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളുടെ കെണിയിൽപെട്ട ഇയാൾ നിരന്തരമായ ഭീഷണിക്കും വിധേയനായിരുന്നു. ചെറുകിട കരാറുകൾ ഏറ്റെടുത്ത് നടത്തിവന്ന വിഷ്‌ണു വരുമാനത്തിന്റെ ഏറിയ പങ്കും ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ബ്ലേഡ് സംഘം സമ്മർദ്ദവും വീടുകയറി ഭീഷണിയുമായി രംഗത്ത് എത്തിയത്. ഇതിന്റെ മാനസിക സമ്മർദ്ദത്താലും അപമാന ഭയത്താലുമാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലംപ്രസിഡന്റായിരുന്ന വിഷ്ണു പൊതു രംഗത്ത് സജീവമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുയായിരുന്നു. ഇടയ്‌ക്ക് കരാർ ജോലികൾ നിർത്തി കടബാധ്യതകളെ തുടർന്ന് മേലുകാവിലെ ഭാര്യാ ഗൃഹത്തിലേയ്‌ക്കും തുടർന്ന് വാടക വീട്ടിലേയ്‌ക്കും താമസം മാറിയ ഇയാൾ കടബാധ്യതകൾ തീർക്കാനുള്ള നെട്ടൊട്ടത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇരുവരുടെയും മൃതദേഹം ചൊവ്വ രാവിലെ ഒൻപതിന് കൂടപ്പുലത്തെ വസതിയിൽ എത്തിക്കും. സംസ്‌കാരം പകൽ രണ്ടിന് വീട്ടുവളപ്പിൽ.









0 comments