ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം: യുവാവിന്റെ മരണത്തിൽ റിപ്പോർട്ട് തേടി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞതിനാൽ ആശുപത്രിയിലെത്താൻ വൈകി ആദിവാസി യുവാവ് മരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ വിതുര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് റിപ്പോർട്ട് തേടി. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. കമീഷൻ അംഗം അഡ്വ. സേതു നാരായണൻ മരിച്ച ബിനുവിന്റെ വീട് സന്ദർശിച്ചു.
ശനിയാഴ്‌ച പകലാണ് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത്. ശനി പകൽ 2.30നാണ് ആസിഡ് ഉള്ളിൽച്ചെന്ന നിലയിൽ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ആംബുലൻസിൽ അടിയന്തരമായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് തടഞ്ഞത്.
വാഹനത്തിന് ഫിറ്റ്‌നെസ് ഇല്ലെന്ന് ആരോപിച്ചായിരുന്നു ജീവൻ വച്ചുള്ള മനുഷ്യത്വരഹിതമായ ക്രൂരത. വാഹനത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയുണ്ടെന്നും തടയരുതെന്നും ബിനുവിന്റെ ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും യൂത്ത് കോൺഗ്രസുകാർ കരുണ കാട്ടിയില്ല.
യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി പി എസ് അജീഷ്‌നാഥ്, ജനറൽ സെക്രട്ടറി ലാൽ റോഷിൻ, പഞ്ചായത്ത് അംഗം വിഷ്‌ണു ആനപ്പാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രൂരത. പരാതിയിൽ പൊലീസ് കേസെടുത്തു. സിഎംസി അംഗം ലാൽ റോഷിൻ, കണ്ടാലറിയാവുന്ന 10 പേർ എന്നിവർക്കെതിരെയാണ് കേസ്. സേവനങ്ങളും ഡ്യൂട്ടിയും തടസ്സപ്പെടുത്തി, പിരിഞ്ഞുപോകാൻ വിസമ്മതിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
ഇൻഷുറൻസുണ്ടെന്ന് ജീവനക്കാർ രേഖകൾ കാണിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല. രോഗി അവശനിലയിലാണെന്നും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട നഴ്‌സ് സൗമ്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബിനുവിന്റെ നില അതീവമോശമാകുന്നുവെന്ന കണ്ട മെഡിക്കൽ ഓഫീസർ പത്മ കേസരി സമരക്കാരോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഈ സമയം ബിനു ആംബുലൻസിനകത്ത് ജീവനുവേണ്ടി പിടയുകയായിരുന്നു. ‘‘രോഗി മരിച്ചാൽ ഉത്തരവാദികൾ നിങ്ങളായിരിക്കും’’ എന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞതോടെയാണ് സമരത്തിൽനിന്ന് പിന്മാറാൻ തയ്യാറായത്.
പകൽ മൂന്ന് കഴിഞ്ഞാണ് വിതുര ആശുപത്രിയിൽനിന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് ഇതേ ആംബുലൻസിൽ രോഗിയുമായി എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ ബിനു മരിച്ചു. അൽപംകൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് ബിനു. ഭാര്യ: സുമ. മക്കൾ: ആര്യ (നഴ്‌സിങ് വിദ്യാർഥി), അഭിഷേക് (ഐടിഐ വിദ്യാർഥി).









0 comments