അയ്യപ്പസംഗമം വിജയകരമാകണം: വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമലയെ അറിയാനും അറിയിക്കാനും കൂടുതൽ തീർഥാടകരെ ആകർഷിക്കാനുമായി നടത്തുന്ന അയ്യപ്പസംഗമം വിജയകരമാകണം എന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹമെന്ന് എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നതുപോലെയാണ് ബിജെപിയുടെ സമീപനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവിടെ മാലയും തോർത്തും രുദ്രാക്ഷവും പുസ്‌തകവും വിറ്റ് ജീവിക്കുന്ന ഒരുപാട് സാധാരണക്കാരുണ്ട്. അവരുടെ ജീവിതം പച്ചപിടിപ്പിക്കാനും ഇത് സഹായകരമാണ്. മാത്രമല്ല, കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്‌ക്കു കൂടി സമ്പത്ത് വരുന്നത് സഹായിക്കും. സ്‌റ്റാലിനും പിണറായി വിജയനും മാപ്പ് പറയണമെന്ന ബിജെപി ആവശ്യം രാഷ്‌ട്രീയമാണെന്ന് കണ്ടാൽ മതി. പിണറായി എന്തിനാണ് മാപ്പു പറയുന്നത്. ശബരിമല സ്‌ത്രീ പ്രവേശനം എന്നത് കഴിഞ്ഞ അധ്യായമാണ്. അത്തരമൊരു അജണ്ട സർക്കാരിനും ദേവസ്വം ബോർഡിനുമില്ലല്ലോ.
കുറ്റം പറയാൻ വേണ്ടി കുറ്റം പറയരുത്. നല്ല കാര്യമാണെങ്കിൽ രാഷ്‌ട്രീയ ഭേദമന്യേ പിന്തുണയ്‌ക്കണം. ശബരിമലയിൽ പോകുന്നവരിലേറെയും ബിജെപിക്കാരല്ലാത്തവർ ആണ്. ക്ഷേത്രങ്ങളുടെയും ശബരിമലയുടെയും വളർച്ചയ്‌ക്കും വികസനത്തിനും വളരെ സഹായകരമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്– വെള്ളാപ്പള്ളി പറഞ്ഞു.









0 comments