മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ

airlines
വെബ് ഡെസ്ക്

Published on May 16, 2025, 05:36 PM | 1 min read

കോട്ടയം : മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമീഷനെ സമീപിച്ചത്.


ജോലിസംബന്ധമായ മെഡിക്കൽ പരിശോധനക്ക്‌ മാത്യൂസ് ജോസഫ് 2023 ജൂലൈ 23ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. രാത്രി 8:32നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിന്റെ ഫലമായി മെഡിക്കൽ പരിശോധനകളിൽ പങ്കെടുക്കാൻ സാധിച്ചതുമില്ല, കപ്പലിൽ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നുമാണ് കമീഷനു ലഭിച്ച പരാതി.

എയർ ഇന്ത്യയുടെ അശ്രദ്ധ മൂലം പരാതിക്കാരൻ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമർ കെയർ മെയിൽ ഐഡി വഴി എയർലൈനുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചത്.

വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചിരുന്നു എന്നു തെളിയിക്കുന്ന ഒന്നും എയർ ഇന്ത്യയ്ക്ക് ഹാജരാക്കാൻ സാധിച്ചില്ല. ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാലും ബദൽ വിമാനത്തിന്റെ യാത്ര വൈകിയതിനാലും തൊഴിലുടമ നിർദ്ദേശിച്ച മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാത്തതിനാലും പരാതിക്കാരന് നഷ്ടം സംഭവിച്ചതായി കമീഷൻ കണ്ടെത്തി. ഇതിനാൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായ സേവനത്തിലെ അപര്യാപ്തതക്ക്‌ നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരനു നൽകാൻ അഡ്വ. വി എസ് മനുലാൽ പ്രസിഡന്റും ആർ ബിന്ദു, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായ കമീഷൻ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home