ഒമ്പതും ആറും വയസുള്ള പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം: പ്രതിക്ക് കഠിനതടവ്

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് ഒമ്പതും ആറും വയസുള്ള പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും കഠിനതടവ്. ചിറ്റാരിക്കാൽ പാറക്കടവിലെ സി സന്ദീപിനെ(40)യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. 10,500 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം.
2024 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന സന്ദീപ് കുട്ടികൾക്ക് നേരെ ഉടുവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. അന്ന് സ്ഥലം എസ് ഐ ആയിരുന്ന കെ ജി രതീഷാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.









0 comments