ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും ലൈസൻസിനും കൈക്കൂലി: ജോയിന്റ് ആർടിഒയ്ക്കെതിരെ കേസ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് ഏജന്റുമാരിൽനിന്ന് വൻതുക കൈക്കൂലി വാങ്ങിയതിന് നെയ്യാറ്റിൻകര സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജോയിന്റ് ആർടിഒ ജറാഡിനെതിരെ വിജിലൻസ് കേസ്. 2024 ഡിസംബറിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ, ജറാഡിന്റെ കാർ ഡ്രൈവർ ദിവിൻ ഗ്ലീറ്റസിൽനിന്ന് 3500 രൂപ പിടിച്ചെടുത്തിരുന്നു. തുടർപരിശോധനയിൽ നിരവധി എജന്റുമാരിൽനിന്ന് ജറാഡിനുവേണ്ടി ദിവിൻ ഗ്ലീറ്റസ് നേരിട്ടും ഗൂഗിൾ പേ വഴിയും കൈക്കൂലി വാങ്ങിയിരുന്നതായും ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏജന്റുമാർ കൈക്കൂലി പണം അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
2024 മാർച്ച് മുതൽ ഡിസംബർവരെയുള്ള കാലയളവിൽ നെയ്യാറ്റിൻകര സബ് ആർടി ഓഫീസ് പരിധിയിൽവരുന്ന വിവിധ ഡ്രൈവിങ് സ്കൂൾ ഉടമകളും ഏജന്റുമാരുമായി ദിവിൻ ഗ്ലീറ്റസിന്റെ അക്കൗണ്ടിലേക്ക് 2,68,000 രൂപയും ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 96,500 രൂപയും അയച്ചിരുന്നതായും ദിവിൻ ഗ്ലീറ്റസ് ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈക്കൂലിയായി ലഭിച്ച തുകയിൽനിന്ന് 18,510 രൂപ അയച്ച് കൊടുത്തതായും കണ്ടെത്തി. യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഡ്രൈവിങ് ടെസ്റ്റ് പാസാക്കിയെടുത്തു എന്നിങ്ങനെയാണ് പ്രതിഫലം.
ജോയിന്റ് ആർടിഒ ജറാഡ്, ഭാര്യ പ്രിയ ജറാഡ്, ഡ്രൈവർ ദിവിൻ ഗ്ലീറ്റസ്, ഡ്രൈവിങ് സ്കൂൾ ഉടമകളായ ഉദയകുമാർ, രാജേഷ് കുമാർ, ഏജന്റുമാരായ ശ്രീകുമാർ, അനീഷ്, വിനു എന്നിവർക്കെതിരെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അഴിമതി സംബന്ധിച്ച വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1064, 8592900900, 9447789100 (വാട്‌സാപ്).









0 comments