ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിന്റെ അറസ്റ്റ് വിലക്കി

കൊച്ചി
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മേഘയെ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിചേർത്ത സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതുവരെ സുകാന്തിന്റെ അറസ്റ്റ് കോടതി വിലക്കി.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പേട്ട പൊലീസ് ചുമത്തിയിട്ടുള്ളത്. തങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്ന് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്താൻ വിവാഹസർട്ടിഫിക്കറ്റും ക്ഷണക്കത്തും സുകാന്ത് വ്യാജമായി ഉണ്ടാക്കി എന്നതടക്കം മേഘയുടെ അമ്മ നൽകിയ ഹർജിയിലെ ആരോപണവും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. പെൺകുട്ടിയെ സാമ്പത്തികമായും ലെെംഗികമായും ചൂഷണം ചെയ്തശേഷം വിവാഹബന്ധത്തിൽനിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. അതേസമയം, വിവാഹം വീട്ടുകാർ എതിർത്തതിന്റെ മാനസികസമ്മർദത്തിലാണ് മേഘ ആത്മഹത്യ ചെയ്‌തതെന്നാണ് ഹർജിക്കാരന്റെ വാദം.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനുസമീപം മേഘയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തുമായി ഫോണിൽ സംസാരിച്ചിരുന്നു. കൊച്ചി വിമാനത്താവളം എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി പിരിച്ചുവിട്ടിരുന്നു.









0 comments