പുതുകേരളത്തിന്‌ യുവതയുടെ പിന്തുണ ; മുഖ്യമന്ത്രിയുടെ ഉറപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 21, 2024, 02:19 AM | 0 min read

പുതുകേരളത്തിന്‌ ദിശാബോധമുള്ള യുവതയുടെ പിന്തുണ. ഭാവി കേരളത്തിനായി രാഷ്ട്രീയ, സാമൂഹ്യ ബോധമുള്ള യുവത്വത്തെ വളർത്തിയെടുക്കുമെന്നുള്ള 
മുഖ്യമന്ത്രിയുടെ ഉറപ്പ്‌. നിശ്ചയദാർഢ്യത്തോടെ ഉയരങ്ങളിലേക്ക്‌ കുതിക്കാനുള്ള ആശയങ്ങളുടെ വൈവിധ്യമായി തലസ്ഥാനത്തെ മുഖാമുഖം വേദി. 
യുവാക്കൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യവും മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന ഓർമപ്പെടുത്തലും യുവശക്തി ഇന്ധനമാക്കി കേരളം കുതിക്കേണ്ടത്‌ എങ്ങനെയെന്ന ചർച്ചയും മുഖാമുഖത്തിൽ ഉയർന്നു. വിവിധ മേഖലകളിൽനിന്നുള്ള യുവതീയുവാക്കൾ ഉന്നയിച്ച ചോദ്യങ്ങളും നിർദേശങ്ങളും 
സംസ്ഥാനത്തിന്റെ കുതിപ്പിന്‌ ഇന്ധനം പകരുന്നതായി.  കേട്ടും പറഞ്ഞും തങ്ങൾക്കിടയിലേക്ക്‌ ഇറങ്ങിവന്ന കേരളത്തിന്റെ ക്യാപ്‌റ്റനൊപ്പം കേരളത്തെ സ്മാർട്ടാക്കാൻ 
യുവത ഒപ്പമുണ്ടാകുമെന്ന ഉറപ്പുനൽകിയാണ്‌  പ്രതിനിധികൾ മടങ്ങിയത്‌



ചോദ്യങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളുമായി യുവകേരളം പ്രതീക്ഷയോടെ ഒന്നിച്ചപ്പോൾ മറുപടിയുമായി നാടിന്റെ പ്രിയ മുഖ്യമന്ത്രി പിണറായി വിജയനും. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്‌ചപ്പാടും സ്വരൂപിക്കാൻ വ്യത്യസ്‌ത മേഖലകളിലുള്ളവരുമായി നടത്തുന്ന രണ്ടാം മുഖാമുഖം പരിപാടിയിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി യുവതീ–-യുവാക്കളുമായി സംവദിച്ചു.

കലാ, സാംസ്കാരിക, കായിക, അക്കാദമിക, പ്രൊഫഷണൽ, സിനിമ, വ്യവസായ, വാണിജ്യ, കാർഷിക മേഖലകളിൽനിന്നായി രണ്ടായിരത്തോളം യുവജനങ്ങളാണ്‌ 14 ജില്ലയിൽനിന്നായി പങ്കെടുത്തു. രാവിലെ 8.30ന്‌ രാജേഷ്‌ ചേർത്തലയുടെ ഫ്യൂഷൻ അവതരണത്തോടെയാണ്‌ പരിപാടി തുടങ്ങിയത്‌. അപർണ രാജീവിന്റെ സംഗീതപരിപാടിയുമുണ്ടായി. 9.45ഓടെ മുഖാമുഖം ആരംഭിച്ചു. തുടക്കംമുതൽ ഒടുക്കംവരെ വേദിയിൽ സജീവമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവയ്ക്കപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും കുറിച്ചെടുത്തു. യുവജനങ്ങളെ നവകേരള സൃഷ്ടിയിൽ കാര്യക്ഷമമായ സംഭാവന നൽകുന്നവരാക്കി മാറ്റിത്തീർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു മുഖാമുഖം. നവകേരള സൃഷ്ടിയിൽ തങ്ങൾക്ക്‌ എന്തുചെയ്യാനാകുമെന്നതിൽ കൃത്യമായ മാർഗനിർദേശം കിട്ടിയാൽ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നത്‌ വിവിധ മേഖലയിൽനിന്നുള്ളവർ ഉന്നയിച്ചു. വേദിയിൽനിന്നും സദസ്സിൽനിന്നുമുയർന്ന ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. അമ്പതോളം പേർ നേരിട്ട്‌ അഭിപ്രായങ്ങൾ പങ്കിട്ടു. ബാക്കിയുള്ളവർ എഴുതി നൽകി. ലഭിച്ച ഓരോ അഭിപ്രായവും വായിച്ച്‌ മനസ്സിലാക്കി ആവശ്യമെങ്കിൽ സർക്കാർ നയത്തിന്റെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എ എ റഹിം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കലക്ടർ ജെറോമിക്‌ ജോർജ്‌,യുവജനക്ഷേമ ബോർഡ്‌ ചെയർമാൻ എസ്‌ സതീഷ്‌, തുടങ്ങിയവരും പങ്കെടുത്തു.


ആദ്യ ചോദ്യം ബേസിലിന്റേത്‌
മുഖാമുഖം പരിപാടിയിൽ ആദ്യ ചോദ്യവുമായി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം പുലർത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാകും എന്നായിരുന്നു ബേസിലിന്റെ ചോദ്യം. കോളേജിൽ ചേർന്നപ്പോൾ രക്ഷിതാക്കൾ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തിൽ ചേരരുത്, ചേർന്നാൽ വഴിപിഴച്ചുപോകും എന്നാണ്. എന്നാൽ, രാഷ്ട്രീയത്തിൽ ചേർന്ന താൻ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസിൽ പറഞ്ഞു.

ഈ സാഹചര്യത്തിൽ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിക്കുകയെന്ന് മുഖ്യമന്ത്രി മറുപടി നൽകി. രാഷ്ട്രീയത്തിലും ജീർണതകൾ ബാധിച്ചവരുണ്ട്, അതിനാലാണ് രാഷ്ട്രീയമാകെ മോശമാണെന്ന ചിന്ത ആളുകളിലുണ്ടാകുന്നത്. വിദ്യാർഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളിൽ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ നല്ല വ്യക്തികളാകാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവത നാടിന്റെ മുഖം; 
വാടാതെ നോക്കും: മുഖ്യമന്ത്രി
യുവതനാടിന്റെ മുഖമാണെന്നും ആ മുഖം വാടാതെ നോക്കേണ്ടത്‌ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരുംതലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവുംവലിയ കരുതൽ സർക്കാരിൽനിന്നുണ്ടാകുമെന്നും യുവജനങ്ങളുമായി നടത്തിയ മുഖാമുഖം ഉദ്ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായി നന്നായി ഇടപഴകുന്നവരാണ് സർക്കാരിലുള്ളത്‌. യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണ സർക്കാരിനുണ്ട്‌. അവ മനസ്സിൽവച്ചാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് മനസ്സിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങൾ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുകതന്നെ ചെയ്യും. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകൾ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണ്‌ ശ്രമിക്കുന്നത്.

ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉൽപ്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാർക്ക് തൊഴിലുകൾ ലഭ്യമാക്കാനും ഉദ്യോഗദാതാക്കളാക്കി അവരെ മാറ്റാനുമാണ്‌ സർക്കാരിന്റെ ശ്രമം.തൊഴിലാളിക്ഷേമം ഉറപ്പുവരുത്തിയാണ്‌ കേരളം വ്യവസായ മുന്നേറ്റം കൈവരിക്കുന്നത്. എന്നാൽ, കേരളത്തിൽ വ്യവസായം വളരുന്നില്ലെന്നും നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഇതു വസ്തുതാവിരുദ്ധമാണ്.

വിദേശത്ത് പോകാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കുമ്പോൾത്തന്നെ കേരളത്തിൽ മികച്ച സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നുറപ്പാക്കുകയും വേണം. ഇന്ത്യയിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യമാണ് കേരളത്തിലുള്ളതെന്നാണ്‌ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട്.18നും 21നും ഇടയിലുള്ള പ്രായക്കാരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാംസ്ഥാനം കേരളത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമഗ്രം നിർദേശങ്ങൾ; മറുപടി വ്യക്തം
രാഷ്‌ട്രീയം, സിനിമ, വിദ്യാഭ്യാസം, സംഗീതം, കായികം, കൃഷി, പ്രവാസം, നിയമം, ലിംഗസമത്വം, ശാസ്‌ത്രം, സ്കിൽ ഡെവലപ്മെന്റ്‌, വിനോദസഞ്ചാരം... സർവ മേഖലകളും സ്‌പർശിച്ച്‌ മുഖാമുഖം. വേദിയിൽനിന്ന്‌ സംവിധായകൻ ബേസിൽ ജോസഫ്‌, നടി അനശ്വര രാജൻ, നടൻ അർജുൻ അശോകൻ, കായികതാരം പി യു ചിത്ര, ഗായകൻ വിധു പ്രതാപ്‌, ഗാനരചയിതാവ്‌ ബി കെ ഹരിനാരായണൻ, ട്രാൻസ്‌ജെൻഡർ പ്രതിനിധി ശ്യാമ എസ്‌ പ്രഭ തുടങ്ങിയവർ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.

ഫിലിം ഫെസ്റ്റിവലിനെ തിരുവനന്തപുരം ജില്ലയിൽ മാത്രമായി ഒതുക്കാതെ എല്ലാ ജില്ലകളിലും നടത്തണമെന്നായിരുന്നു അനശ്വര രാജന്റെ നിർദേശം. മകനോടും മകളോടും ജാതി ചോദിക്കുന്ന സഹപാഠികളുള്ള സ്കൂളിന്റെ സാഹചര്യം സംഗീതസംവിധായകൻ ഇഷാൻ ദേവ്‌ വിവരിച്ചു. ഫോട്ടോഗ്രാഫർമാർക്ക്‌ സംസ്ഥാനത്തെ ചില മേഖലകളിൽ പ്രവേശനം ലഭിക്കുക ഏറെ ബുദ്ധിമുട്ടാണെന്നും കണ്ടന്റ്‌ ക്രിയേറ്റേഴ്‌സിന്‌ ഐഡി കാർഡ്‌ നൽകണമെന്നും ഫോട്ടോഗ്രാഫർ ആഘോഷ്‌ വൈഷ്‌ണവം അഭിപ്രായപ്പെട്ടു. യുവാക്കളെ വിദേശത്തുപോകാതെ നാട്ടിൽതന്നെ പിടിച്ചുനിർത്താനുള്ള പദ്ധതികൾക്ക്‌ തുടക്കമിട്ടുകൂടെ എന്ന്‌ പാചകവിദഗ്ധൻ യദു പഴയിടം ചോദിച്ചു.   സംഗീതമേഖലയിൽ ഒരു തൊഴിലാളിസംഘടന വേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയാണ്‌ ഗായകൻ സൂരജ്‌ സന്തോഷ്‌ അഭിപ്രായം പങ്കിട്ടത്.

പ്രവാസികൾക്കുവേണ്ടി കേരളോത്സവം സംഘടിപ്പിക്കാനും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പരീക്ഷ സെന്ററുകൾ വിദേശത്ത്‌ സ്ഥാപിക്കാനും സർക്കാർ മുഖേന കഴിയുമോ എന്ന സുപ്രധാന നിർദേശം പ്രവാസിയായ റസിയ ഇഫ്‌തിഖർ ഉന്നയിച്ചു. കേരളത്തിൽ ധൈര്യപൂർവം എഴുതാനും സിനിമ ചെയ്യാനും പാടാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിൽ അഭിമാനമുണ്ടെന്നും ഗാനരചയിതാവ്‌ ബി കെ ഹരിനാരായണൻ പറഞ്ഞു. ഇത്തരത്തിൽ ‌അമ്പതോളം പേരാണ്‌ മുഖ്യമന്ത്രിയോട്‌ ചോദ്യങ്ങളുന്നയിച്ചതും അഭിപ്രായങ്ങൾ അറിയിച്ചതും. ഓരോ നിർദേശങ്ങളും അഭിപ്രായങ്ങളും എഴുതിയെടുത്ത മുഖ്യമന്ത്രി മറുപടിയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home