ആദ്യ ഫെമിനിസ്‌റ്റ് വിടചൊല്ലിയിട്ട് അമ്പതാണ്ട്

വലിയശാല രാജു
Published on Jan 04, 2025, 11:20 PM | 3 min read
സമൂഹത്തിലും സാഹിത്യത്തിലും പുരുഷ മേധാവിത്വം കൊടികുത്തിവാണ കാലത്ത് അതിനെതിരെ അക്ഷരത്തിന്റെ പടവാൾ ജ്വലിപ്പിച്ച എഴുത്തുകാരിയായിരുന്നു കെ സരസ്വതിയമ്മ (1919–--1975). കടുത്ത ശിക്ഷയായിരുന്നു അതിനവർക്ക് സമൂഹം കൽപ്പിച്ചത്. അസഹനീയമായ ഏകാന്ത ജീവിതം. ഈ പെൺപോരാളി വിട പറഞ്ഞിട്ട് 50 വർഷം തികയുന്നു.
അക്ഷരലോകത്ത് വിസ്മയമായി മാറിയ 12 കഥാസമാഹാരങ്ങളിലായി വന്ന എഴുപതോളം കഥകൾ, പ്രേമഭാജനം എന്നൊരു നോവൽ, ഭവഭൂതി എന്ന നാടകം. പിന്നെ പുരുഷന്മാർ ഇല്ലാത്ത ലോകം എന്ന ലേഖന സമാഹാരം. സവിശേഷമായ ഒരു രചനാലോകമാണ് അവർ അരനൂറ്റാണ്ടായി അവശേഷിപ്പിച്ചത്.
1938ൽ സീതാഭവനം എന്ന കഥയുമായി കെ സരസ്വതിയമ്മയുടെ വരവ് അന്നത്തെ മലയാള സാഹിത്യലോകത്തെ പുരുഷ മേധാവിത്വത്തെ ഞെട്ടിച്ചു. ആൺ കേന്ദ്രീകൃതമായ സാഹിത്യപ്രസ്ഥാനങ്ങളെ അവർ എതിർത്തു. പ്രണയത്തെയും വിവാഹത്തെയും അവർ തിരസ്കരിച്ചു. അത് സ്ത്രീക്ക് നൽകുന്നത് കാൽവിലങ്ങുകളെന്ന് വിശ്വസിച്ചു. തന്റെ ജീവിതത്തിലും അത് പകർത്തി. മരണംവരെയും അവിവാഹിതയായി. പുരുഷാധികാരത്തിന്റെ പ്രയോഗ മാതൃകകളായി പ്രണയത്തെയും ലൈംഗികതയെയും അവർ കണ്ടു. കുടുംബമെന്ന സ്ഥാപനത്തിന്റെ കള്ളത്തരങ്ങളും അത് എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നും തന്റെ കൃതികളിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളിലൂടെ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് കുന്നപ്പുഴ ഗ്രാമത്തിൽ പന്മനാഭപിള്ളയുടെയും കാർത്യായനിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായി 1919 ഏപ്രിൽ നാലിനാണ് സരസ്വതിയമ്മ ജനിച്ചത്. അവർ ജനിച്ച പിറ്റേന്ന് വീട്ടിലെ മൂത്ത കാരണവർ മരിച്ചത് കുട്ടിയുടെ ജനനത്തെ ദുശ്ശകുനമായി കണ്ടു. വഴക്കും സ്വത്ത് തർക്കവുമായി ക്ഷയിച്ചുകൊണ്ടിരുന്ന തറവാടായിരുന്നു അത്. ഒമ്പത് വയസ്സുള്ളപ്പോൾ തിരുവനന്തപുരം പാൽക്കുളങ്ങരയിൽ കുടുംബം താമസം മാറി. പഠിപ്പിൽ മിടുക്കിയായിരുന്നു സരസ്വതിയമ്മ. ചേച്ചിമാർ രണ്ട് പേരും ചെറിയ ക്ലാസിൽത്തന്നെ പഠിത്തം നിർത്തി വിവാഹിതരായി.
മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാമതായി സ്കോളർഷിപ്പോടെ ജയിച്ച സരസ്വതിയമ്മ ഗവൺമെന്റ് വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. ആഭരണങ്ങൾ പണയം വച്ചാണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്.
ആദ്യ കഥ
വീട്ടിലെ ഏകാന്തമായ ഒറ്റപ്പെടലിൽനിന്നാണ് അവരുടെ ആദ്യ കഥ സീതാഭവനം പിറക്കുന്നത്. വീണ്ടും പഠിക്കാനുള്ള മോഹം നാമ്പിട്ടത് അപ്പോഴാണ്. മൂത്ത സഹോദരിയുടെ മകൻ സുകുവിനെ നോക്കി വളർത്താമെന്ന ഉറപ്പിന്മേൽ അവരുടെ ധനസഹായത്തോടെ വീണ്ടും പഠനം തുടർന്നു. നേരത്തേ പഠിച്ച സയൻസ് ഗ്രൂപ്പ് ഉപേക്ഷിച്ച് ആർട്സ് കോളേജിൽ ബിഎക്ക് ചേർന്നു. എസ് ഗുപ്തൻനായർ അന്ന് സഹപാഠിയായിരുന്നു. ഈ പഠനകാലത്താണ് കഥകളിൽ അവർ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.
എസ് ഗുപ്തൻനായർ തന്റെ ഓർമക്കുറിപ്പിൽ സരസ്വതിയമ്മയെപ്പറ്റി പറയുന്നുണ്ട്. ഒരു കൂസലുമില്ലാതെ ആൺകുട്ടികളോട് വാർത്തമാനം പറയുകയും സദസ്സിനു മുമ്പിൽ സധൈര്യം പ്രസംഗിക്കുകയും ചെയ്യുന്ന തന്റേടിയായ ഒരു സ്ത്രീയുടെ ചിത്രമാണ് അദ്ദേഹം വരച്ചിടുന്നത്.
1942ൽ ബിഎ ഉയർന്ന മാർക്കോടെ പാസായി. പെരുന്ന എൻഎസ്എസ് സ്കൂളിൽ അധ്യാപികയായി. ഒരു വർഷം കഴിഞ്ഞപ്പോൾ അവിടംവിട്ട് നെയ്യാറ്റിൻകരയിലെ സെന്റ് തെരേസാസ് കോൺവെന്റ് സ്കൂളിൽ ചേർന്നു. പ്രേമഭാജനം എന്ന നോവൽ എഴുതുന്നത് ഇക്കാലത്താണ്. 1945ൽ സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ സ്ഥിരനിയമനം കിട്ടി. പിന്നെ പാൽക്കുളങ്ങരയിൽ ഇരുനില വീട് പണിഞ്ഞ് വളർത്തുമകൻ സുകുവുമൊത്ത് അവിടേക്ക് താമസം മാറി. വീടിന്റെ മുകളിലത്തെ നിലയിൽ വലിയൊരു ലൈബ്രറി സ്ഥാപിച്ചു.
വലിയ എഴുത്തുകാർക്കുപോലും ഇത് അപൂർവമായിരുന്നു. ആർക്കും പിടികിട്ടാത്ത വ്യക്തിത്വമായിരുന്നു സരസ്വതിയമ്മയുടേതെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒറ്റയ്‌ക്ക് കടപ്പുറത്തു പോയി ഇരിക്കുക, റോഡിൽക്കൂടി അലഞ്ഞുതിരിഞ്ഞ് നടക്കുക ഇതൊക്കെ സരസ്വതിയമ്മയുടെ ശീലങ്ങളായിരുന്നു. ഗുപ്തൻനായർക്ക് എഴുതിയ ഒരു കത്തിൽ ഇതൊന്നും തനിക്ക് മാറ്റാൻ കഴിയില്ലെന്നും അവർ സൂചിപ്പിക്കുന്നു. പുരുഷന് ഇങ്ങനെ ആകാമെങ്കിൽ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് സരസ്വതിയമ്മ ചോദിച്ചു.
വളർത്തുമകൻ സുകു ഡിഗ്രി എടുത്ത് പൊലീസ് ഇൻസ്‌പെക്ടറായി ജോലിയിൽ കയറി. ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ജോലിയിൽനിന്ന് ലീവെടുത്ത് സരസ്വതിയമ്മ മദിരാശിയിൽ കുറെക്കാലം താമസിച്ചു. ഇക്കാലത്ത് ജനയുഗം വാരികയിൽ ഉമ്മ എന്ന പേരിൽ എഴുതിയ കഥയായിരുന്നു അവസാനമായി പുറത്തുവന്നത്. 1961ൽ സുകു അസ്വാഭാവികമായി മരിച്ചു. ഇത് സരസ്വതിയമ്മയ്‌ക്ക് താങ്ങാൻ കഴിഞ്ഞില്ല.
ദാരുണ അന്ത്യം
മകന്റെ മരണത്തിൽ സമനില തെറ്റിയ സഹോദരിക്ക് സരസ്വതിയമ്മയോട് കടുത്ത വിരോധമുണ്ടായി. സരസ്വതിയമ്മയെക്കുറിച്ച് മേലധികാരിക്ക് നിരന്തരം പരാതി അയച്ചു. വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി. വീട്ടിലും നാട്ടിലും നിൽക്കാൻ പറ്റാതെ സരസ്വതിയമ്മയുടെ മാനസികനില ആകെ തകർന്നു. 1967ഏപ്രിലിൽ സഹോദരി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു. അതോടെ സരസ്വതിയമ്മയുടെ തകർച്ചയും പൂർണമായി. 1973ൽ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ഭക്തിയായിരുന്നു പിന്നീടുള്ള ആശ്രയം. കത്തുകളും പുസ്തകങ്ങളും റേഡിയോയും എല്ലാം ഉപേക്ഷിച്ചു. പത്രവായനപോലും ഉണ്ടായില്ല.
1972ൽ ടി എൻ ജയചന്ദ്രനുമായി നടത്തിയ അഭിമുഖത്തിൽ സരസ്വതിയമ്മ പറഞ്ഞു, "ഞാൻ ജീവിച്ചിരിക്കുന്നത് ഇനിയും എഴുതാനിരിക്കുന്ന കൃതികളെ ഓർത്തുകൊണ്ടുമാത്രമാണ്. എഴുതിയില്ലെങ്കിൽ എനിക്ക് ജീവിതമില്ല. ഒരു വലിയ നോവൽ എഴുതണമെന്നുണ്ട്. ഇത് എഴുതിയെന്നും വരാം ഇല്ലെന്നും വരാം. ഒരു വലിയ പതനത്തിലാണിപ്പോൾ ഞാൻ.'
1975 നവംബറിൽ സരസ്വതിയമ്മയ്‌ക്ക് അസുഖംകൂടി ഒരു മാസത്തോളം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ അവരെ പരിചരിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉണ്ടായില്ല. 1975 ഡിസംബർ 26ന് അമ്പത്താറാം വയസ്സിൽ അവർ അന്തരിച്ചു, മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റിന്റെ അന്ത്യം.









0 comments