‘‘ഈ ധാന്യങ്ങൾ എന്റെ വ്യക്‌തിത്വത്തിന്റെ അംഗീകാരം’’..ആദ്യ റേഷൻ ഹൃദയത്തിൽ വാങ്ങി ട്രാൻസ‌് വനിത സജ‌്ന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 21, 2019, 07:24 PM | 0 min read

കൊച്ചി > ‘എന്റെ  വ്യക്തിത്വം അംഗീകരിച്ചുതന്നെ റേഷൻകാർഡ് സ്വന്തമാക്കിയപ്പോഴുണ്ടായ സന്തോഷം വിശദീകരിക്കാൻ വാക്കുകളില്ല. ആ കാർഡുപയോഗിച്ച് ആദ്യമായി റേഷൻ വാങ്ങിയപ്പോൾ ഹൃദയത്തിൽ നിറഞ്ഞത് അഭിമാനമാണ്. തുറിച്ചുനോട്ടങ്ങളെ പക്വതയോടെ നേരിട്ട് സമൂഹത്തിൽ നിലയുറപ്പിക്കാൻ ഞങ്ങൾക്കും കഴിയുമെന്ന ആത്മവിശ്വാസം നൽകാൻ ഈ റേഷൻ കാർഡിന് കഴിഞ്ഞു.’ ആദ്യമായി റേഷൻ വാങ്ങിയതിനുശേഷം ട്രാൻസ്‌വനിത സജ്‌ന ഷാജിയുടെ പ്രതികരണമാണിത്.

റേഷൻകാർഡ് ലഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെയും എറണാകുളം ജില്ലയിലെ ആദ്യത്തെയും ട്രാൻസ്‌ജെൻഡറാണ‌് സജ്‌ന ഷാജി.
വെണ്ണല തൈക്കാവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന എആർഡി നമ്പർ 100 റേഷൻകടയിൽനിന്നാണ് സജ്‌ന തന്റെ ആദ്യ റേഷൻ വാങ്ങിയത്. അഞ്ച് കിലോ പുഴുക്കലരിയും അരലിറ്റർ മണ്ണെണ്ണയുമാണ് വാങ്ങിയത്. ഇപോസ് മെഷീനിൽ വിരലമർത്തി 26 രൂപ 50 പൈസ നൽകി സാധനങ്ങൾ വാങ്ങുമ്പോൾ സജ്‌നയുടെയും സുഹൃത്തും ട്രാൻസ്‌ജെൻഡറുമായ പ്രവീണയുടെയും കണ്ണുകളിൽ അഭിമാനം.
 
ഇടതുസർക്കാർ ഭരണത്തിലെത്തിയതോടെ ട്രാൻസ്‌ജെൻഡർമാർക്ക് സമൂഹത്തിൽ തലയുർത്തിനിൽക്കാനുള്ള അവസരങ്ങളേറെയാണെന്നും തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആത്മാർഥശ്രമങ്ങൾ സർക്കാരിൽ നിന്നുണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു.വെണ്ണലയിലെ വാടകവീട്ടിൽ താമസിക്കുന്ന സജ്‌ന ട്രാൻസ്‌വനിതകളായ അശ്വതി, സാൻഡ്രിയ, അഭിരാമി എന്നിവരെ ദത്തെടുത്ത് വളർത്തുന്നുണ്ട്. നിലവിൽ സജ്‌നയുടെ പേരുമാത്രമാണ് റേഷൻകാർഡിലുള്ളത്. ദത്തുപുത്രിമാരുടെ പേരുകൾ കൂടി റേഷൻകാർഡിൽ ഉൾപ്പെടുത്തണമെന്നാണ് സജ്‌നയുടെ ആഗ്രഹം.

ആറുമാസത്തെ പരിശ്രമത്തിന് ശേഷം 2018 ഡിസംബർ ഒമ്പതിനാണ് സജ്‌നയ്ക്ക് റേഷൻകാർഡ് ലഭിച്ചത്. റേഷൻസാധനങ്ങൾ വാങ്ങിത്തുടങ്ങാമെന്ന് മൊബൈലിലേക്ക് സന്ദേശമെത്തിയപ്പോഴാണ് സജ്‌ന തിങ്കളാഴ്ച തൈക്കാവ് ജങ്ഷനിലെ റേഷൻകടയിലെത്തിയത്. തുടർന്നും മുടങ്ങാതെ റേഷൻ വാങ്ങുമെന്നും കുറഞ്ഞവിലയിൽ അരിലഭിക്കുന്നത് തങ്ങൾക്ക് വലിയ ആശ്വാസമാണെന്നും സജ്‌ന പറഞ്ഞു.തിരിച്ചറിയൽ കാർഡിനും ആധാർകാർഡിനും പിന്നാലെ റേഷൻകാർഡ് സ്വന്തമാക്കിയ ഈ ഇരുപത്തിയെട്ടുകാരിക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നമാണുള്ളത്.

കരകൗശല ഉൽപ്പന്നങ്ങൾ നിർമിച്ച് വിറ്റാണ് സജ്‌ന ജീവിക്കുന്നത്. അച്ചാർ നിർമാണം തുടങ്ങാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ട്രാൻസ്‌വനിതയുടെ ജീവിതം പറയുന്ന പരിണാമം എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട‌്.  എഴുത്തിലും കൈവച്ചിട്ടുണ്ട്. ഗാന്ധിയുടെ രോദനം എന്ന കവിത 26ന് പുറത്തിറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home