ആഹ്ലാദത്തിന്റെ 2017, പ്രതീക്ഷയുടെ 2018

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2018, 08:16 AM | 0 min read

2017 സ്ത്രീകള്‍ കരുത്തോടെ മുന്നേറുകയാണ്. കോട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും നേട്ടങ്ങള്‍ ഒട്ടേറെ. മേല്‍ക്കോയ്മയുടെയും ആധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞുവീഴുന്നതിന്റെ ശബ്ദം ചക്രവാളത്തില്‍ മുഴങ്ങുന്നു. വനിതാ ശിശു വികസന വകുപ്പ്, ചലച്ചിത്രലോകത്തെ വനിതാകൂട്ടായ്‌മ, കുടുംബശ്രീയുടെ മുന്നേറ്റം, ജിഷാവധക്കേസിലെ വിധി, ട്രാന്‍സ്‌ജെ‌‌ന്‍ഡര്‍ വിഭാഗത്തിന്റെ അംഗീകാരം തുടങ്ങി നമ്മുടെ സംസ്ഥാനത്ത് ശുഭസൂചനകള്‍ നിരവധി... പുതുവര്‍ഷം പ്രതീക്ഷകളുടേതാകട്ടെ...

രു കാറ്റിന്റെ ക്രോധം തകര്‍ത്തെറിഞ്ഞ കുറെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഒടുങ്ങാത്ത നിലവിളി കേട്ടുകൊണ്ടാണ് 2017 വിടവാങ്ങുന്നത്. ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് അറിയുമ്പോഴും പ്രതീക്ഷ ഉപേക്ഷിക്കാത്തവര്‍; പ്രിയപ്പെട്ടവരുടെ ചലനമറ്റ ശരീരങ്ങള്‍ എല്ലാ സ്വപ്നങ്ങളും ഇല്ലാതാക്കിയവര്‍ ; ജീവിതോപാധികള്‍ കടലെടുത്തതോടെ കടക്കെണിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയവര്‍ .... ഓഖിയുടെ താണ്ഡവത്തില്‍ എല്ലാം നഷ്ടടപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളുടെ കണ്ണുനീരില്‍ ഡിസംബര്‍ മാസം നനഞ്ഞു കുതിര്‍ന്നു.

വനിതാശിശുവികസന വകുപ്പിന് സാക്ഷാത്കാരം

എന്നാല്‍, സ്ത്രീകളുടെ ഏറെ കാലത്തെ നിരവധി ആവശ്യങ്ങള്‍ 2017 ല്‍ സാക്ഷാത്കരിക്കപ്പെട്ടെന്നു ആശ്വസിക്കാന്‍ ഓഖി തടസ്സമാവില്ല. അവയില്‍ പ്രധാനം വനിതാ ശിശു വികസന വകുപ്പ് തന്നെ ആണ്. കേരളത്തിലെ സങ്കീര്‍ണമായ സ്ത്രീ പ്രശ്നപരിഹാരത്തിന്   അനിവാര്യമായ പ്രത്യേക വകുപ്പിന് വേണ്ടി മുറവിളി ഉയര്‍ന്നിട്ടു കാലം ഏറെയായി . ഒടുവില്‍ അത് സാധ്യമായത് 2017 ലാണ്. സാമൂഹ്യ നീതി വകുപ്പിന്റെ കാരുണ്യത്തിലായിരുന്ന സ്ത്രീവികസനം ഇതോടെ സ്വാശ്രയത്വം നേടി. സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രമായ വികസനത്തിനും ശാക്തീകരണത്തിനും പുതിയതായി രൂപീകരിച്ച വകുപ്പ് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. ഇടതു ജനാധിപത്യ സര്‍ക്കാരിന്റെ വരുന്ന മൂന്നര വര്‍ഷത്തിനിടയില്‍ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമാകുക തന്നെ ചെയ്യും. വനിതാ വകുപ്പിന്റെ രൂപീകരണത്തിന് ഇടയാക്കിയ ഒരു ഘടകം കേരളീയ പൊതുബോധത്തിനുണ്ടായിരിക്കുന്ന സ്ത്രീപക്ഷമായ സമീപനം കൂടിയാണ്. ഇടതു ജനാധിപത്യ മുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ആയിരിക്കുമ്പോഴും ഈ സുപ്രധാന തീരുമാനത്തെ സ്വീകരിക്കുവാനുള്ള പക്വത മലയാള ബൗദ്ധിക ലോകത്തിനിന്നുണ്ട് എന്നതും കാണാതിരുന്നു കൂടാ..

കേരളത്തിലെ  പൊതുസമൂഹം അടുത്ത കാലത്തു സ്ത്രീബോധത്തില്‍ വളരെ മുന്നിലെത്തിയെന്നതിനു സാംസ്‌കാരിക, രാഷ്ട്രീയ വ്യവഹാരങ്ങള്‍ തന്നെ ആണ് തെളിവ്. ഒരു വിഭാഗം യുവതലമുറ എങ്കിലും ലിംഗനീതിയെ ഗൗരവത്തില്‍ എടുത്തിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു. ഇതിന്റെ ഭാഗമാണ് ചലച്ചിത്രലോകത്തെ സ്ത്രീകള്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. പല കാരണങ്ങളാല്‍ അസാധ്യമെന്നു കരുതിയതാണ് ഇക്കൊല്ലം കുറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രയോഗത്തില്‍ എത്തിച്ചത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് കുറഞ്ഞ കാലം കൊണ്ട് അവരുടെ കരുത്തു തെളിയിച്ചു. ഒരു പ്രമുഖ നടിയെ ലൈംഗികാതിക്രമത്തിന് ഇര ആക്കിയെന്ന കേസില്‍ ഒരു നായക നടന്‍ പ്രതിസ്ഥാനത്തു വന്നതും ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ദിലീപ് എന്ന സൂപ്പര്‍ സ്റ്റാര്‍ തടവിലാകുകയും ചെയ്തത് കേരളചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത സംഭവമായി . മുഖം നോക്കാതെ നീതി നടപ്പാക്കുന്ന സര്‍ക്കാരിന്റെ നിലപാടിന്റെ വിജയം ആയി ഈ കേസിനെ വിലയിരുത്താം . മാത്രമല്ല, ഇതുവരെ ചലച്ചിത്രലോകത്തെ സ്ത്രീകള്‍ വെളിപ്പെടുത്താതിരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പലതും ജനം മനസ്സിലാക്കുകയും ചെയ്തു. സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളുടെ കൂട്ടായ്മ പലരെയും അസ്വസ്ഥപ്പെടുത്തിയെങ്കിലും   സ്ത്രീപക്ഷസംസ്‌കാരത്തിന്റെ പുത്തന്‍ അധ്യായം രചിക്കുവാന്‍ കുറച്ചു പേരെങ്കിലും തയാറായി എന്നത് അഭിമാനകരമാണ്. സംഘടിച്ചു ശക്തരാകുന്ന മലയാളികളുടെ ഉജ്വല ചരിത്രം വിലയിരുത്തുമ്പോള്‍ വനിതാ  ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ വൈകി പോയില്ലേ എന്നാണ് സംശയിക്കുന്നത്.

സ്ത്രീകളുടെ സംഘടനകളും അവകാശ സമരങ്ങളും നാള്‍ക്കുനാള്‍ സജീവവും ഊര്‍ജസ്വലവും ആകുന്നതിനാല്‍ അക്രമികള്‍ക്ക് രക്ഷപെടാനും ആകുന്നില്ല.  പൊലീസിനെ കുറിച്ചുള്ള മുന്‍വിധികളെ തകിടം മറിച്ചു കൊണ്ടാണ് ജിഷവധ കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 2016 ഏപ്രിലില്‍ ആണ്  ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയയാകുകയും കൊല്ലപ്പെടുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥിനി ജിഷ നമ്മുടെ വേദനയായി മാറിയത്. 2017 തീരുന്നതിനു മുന്‍പ് അമീറുല്‍ ഇസ്ലാം എന്ന പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞു എന്നതും അയാള്‍ക്ക് വധശിക്ഷ വാങ്ങി കൊടുക്കാനായി എന്നതും പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ..

ശ്രദ്ധേയമായ ചുവടുവ‌യ്‌പ്

പൊതു, സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന  വിവിധ രൂപങ്ങളിലുള്ള അതിക്രമങ്ങള്‍ ആ സമൂഹത്തില്‍ സ്ത്രീക്കുള്ള അധികാരം ഇല്ലായ്മയുടെ ലക്ഷണമാണ്. ജിഷമാരും സൗമ്യമാരും കേരളസ്ത്രീയുടെ അരക്ഷിതാവസ്ഥയുടെ പ്രതീകങ്ങള്‍ ആയി മാറിയിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഇല്ലാതാക്കാന്‍ പറ്റാത്ത പ്രശ്നം ആണെങ്കിലും ഭരണാധികാരികള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് പൂര്‍ണമായ പൗരാവകാശങ്ങളോടെ ജീവിക്കാന്‍ ആകണം. അതിനാണ് സാമൂഹ്യ നീതി  വകുപ്പ് ചില ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ 2017 ല്‍ നടത്തിയത്. ഷീ ടാക്സി, പിങ്ക് പോലീസ്, മിത്ര, ഷീ പാഡ് തുടങ്ങിയ പദ്ധതികള്‍ ഈ ദിശയില്‍ ഉള്ളവയാണ്. കേരളത്തിന്റെ  സ്വന്തം കുടുംബശ്രീ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നിസ്തുലമാണ്. സൂക്ഷ്മ സംരംഭങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണം എന്നതിനപ്പുറത്തേക്ക് കടക്കാന്‍ കുടുംബശ്രീക്കായി. മെട്രോ റെയില്‍വേയുടെ  നടത്തിപ്പില്‍ കുടുംബശ്രീക്കും ഇടം ലഭിച്ചു. കൂടാതെ, റെയില്‍വെയുടെ ഭക്ഷണവിതരണം കാര്യക്ഷമം ആക്കുന്നതിനും കുടുംബശ്രീ സഹായിക്കുന്നു. ആന്റിബയോട്ടിക്സ് കുത്തിവെച്ച കോഴി ഇറച്ചിയെ കുറിച്ചുള്ള ഉത്കണ്ഠ പടര്‍ന്നപ്പോള്‍ അവിടെയും കുടുംബശ്രീ ചിക്കനുമായി നമ്മുടെ അയല്‍ക്കൂട്ട സഹോദരിമാര്‍ രംഗത്തെത്തി.

നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുമ്പോഴും എല്ലാം ശുഭമായി എന്ന് കരുതാന്‍ ആവില്ല. ആശങ്കയുടെയും ഭീതിയുടെയും കാര്‍മേഘപടലങ്ങള്‍ സ്ത്രീജീവിതത്തില്‍ ഇരുള്‍ വീഴ്ത്തുന്നുണ്ട്. മതം ഭീകര രൂപം പൂണ്ട് സ്വസ്ഥജീവിതത്തിനു തടസ്സമാകുന്നു. ഹാദിയ സംഭവം പല കാരണങ്ങളാല്‍ പ്രസക്തവും പ്രധാനവുമായി. വൈക്കത്തുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ചു മതം മാറുകയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതും ഉണ്ടാക്കിയ കോളിളക്കങ്ങള്‍ കെട്ടടങ്ങുന്നില്ല. സുപ്രീം കോടതി വരെ എത്തിയ കേസ് എന്നതിനപ്പുറം ഈ വിഷയത്തെ ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവാദങ്ങള്‍ ദുരുപയോഗം ചെയ്തതിനും 2017 സാക്ഷ്യം വഹിച്ചു. ഹാദിയ ഒരു സ്ത്രീ ആണെന്നത് കൊണ്ട് മാത്രം ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും സ്വഭാവം വ്യത്യസ്തമാകുമ്പോള്‍ ഇനിയും കേരളം താണ്ടാനുള്ള ദീര്‍ഘദൂരം ഓര്‍ക്കാം. തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിതഹൈന്ദവ മതപരിവര്‍ത്തന കേന്ദ്രത്തെ കുറിച്ചും ഈ സന്ദര്‍ഭത്തില്‍ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്തു.

സൈബര്‍ ആക്രമണം

എഴുപതു ശതമാനം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള, സര്‍ക്കാര്‍ സര്‍വീസില്‍ 52 % സ്ത്രീകള്‍ പണിയെടുക്കുന്ന 42 ലക്ഷം സ്ത്രീകള്‍ കുടുംബശ്രീയില്‍ അംഗങ്ങളായ കേരളത്തില്‍ സ്ത്രീയുടെ ഉയരുന്ന ശബ്ദവും സ്വതന്ത്രമായ തീരുമാനങ്ങളും അസഹിഷ്ണുത സൃഷ്ടിക്കുന്നു എന്ന വൈരുധ്യവും കാണാതിരിക്കാന്‍ ആവില്ല. സ്ത്രീവിരുദ്ധതയുടെ കേളീരംഗമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറുന്നു എന്ന് പ്രമുഖ നടിയായ പാര്‍വതിക്കെതിരെയും ലൈംഗിക പീഡനത്തെ കുറിച്ച് പറഞ്ഞ സജിത മഠത്തിലിനെതിരെയും ചലച്ചിത്രലോകത്തെ അരുതായ്കകളെ സൂചിപ്പിച്ച രമ്യ നമ്പീശനെതിരെയും കേരളവര്‍മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്തിനെതിരെയും മറ്റും മറ്റും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തെളിയിക്കുന്നു.

എങ്കിലും 2017 ലൂടെ ഓട്ടപ്രദക്ഷിണം  നടത്തുമ്പോള്‍ ഒരു കാര്യം ഉറപ്പ് ... സ്ത്രീകള്‍ കരുത്തോടെ മുന്നേറുക തന്നെയാണ്. ഒപ്പം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗവും. അടുത്തകാലം വരെ കേരളം അംഗീകരിക്കാതിരുന്ന 'തിരുനങ്കമാര്‍' പൗരര്‍ ആണെന്ന് ഉറപ്പിച്ച വര്‍ഷമാണ് കഴിഞ്ഞു പോയത്. കോട്ടങ്ങള്‍ ഉണ്ടെങ്കിലും 2017 ല്‍ നേട്ടങ്ങള്‍ ഏറെ! 2018 കൂടുതല്‍ ജെന്‍ഡര്‍ സൗഹാര്‍ദപരമാകുന്നതിന്റെ ശുഭ സൂചനകളും കാണാന്‍ കഴിയുന്നുണ്ട്. മേല്‍കോയ്മയുടെയും ആധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞു വീഴുന്നതിന്റെ ശബ്ദം  ചക്രവാളത്തില്‍  മുഴങ്ങുന്നില്ലേ?

മലപ്പുറത്ത് എയിഡ്സ് അവബോധത്തിനായിഫ്ളാഷ്മോബ് ചെയ്തപ്പോഴും മതശകതികള്‍ കോപാകുലരായി. എന്നാല്‍ ആവേശകരമായത് ഈ അസഹിഷ്ണുതക്കെതിരെ എസ്എഫ്ഐ നടത്തിയ ബദല്‍ ഫ്ളാഷ്മോബ് ആണ്. യുവതികളുടെ നൂതന പ്രതിരോധങ്ങള്‍ പുതുവര്‍ഷത്തില്‍ ശക്തമാകുമെന്ന് ഉറപ്പ്.



 



deshabhimani section

Related News

View More
0 comments
Sort by

Home