പെണ്ണിനെന്താ കുഴപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 12, 2023, 09:09 AM | 0 min read


കഥാപ്രസംഗത്തിലും കഥകളിയിലും സ്ത്രീകൾ സാന്നിധ്യം അറിയിച്ചതിനുശേഷവും ഏകദേശമൊരു പുരുഷകലയായി നിലകൊള്ളുന്ന ആവിഷ്കാരമാണ് ഓട്ടൻതുള്ളൽ. ആക്ഷേപഹാസ്യം പെണ്ണിന്‌ പറ്റിയതല്ല എന്നൊരു മുൻവിധി ഉള്ളതുകൊണ്ടായിരിക്കാം തുള്ളലിൽ ഇന്നും വിവേചനം. മുന്നൂറുവർഷത്തോളം പഴക്കമുള്ള ഈ നൃത്താവിഷ്കാരത്തിൽ മൂന്നോ നാലോ സ്ത്രീനാമങ്ങളേ ഇതുവരെ പറഞ്ഞുകേട്ടിട്ടുള്ളൂ. ശ്രീജ വിശ്വം എന്ന ഇരിങ്ങാലക്കുടക്കാരിയെ ഒരു അപൂർവപ്രതിഭയാക്കുന്നത്‌ അതിനാലാണ്‌. മികച്ച തുള്ളൽ പ്രകടനത്തിന് കേരള കലാമണ്ഡലം നൽകുന്ന ഗീതാനന്ദം യുവപ്രതിഭാപുരസ്കാരം നേടിയ ശ്രീജ വിശ്വം സംസാരിക്കുന്നു:

സ്ത്രീസ്വത്വം അവഗണിക്കപ്പെട്ടു
പതിനെട്ടാം നൂറ്റാണ്ടിൽ തുള്ളലിന്റെ ഉത്ഭവകാലത്ത് കുഞ്ചൻ നമ്പ്യാർ താൻ ആവിഷ്കരിച്ച കലാരൂപവുമായി ഒരു സ്ത്രീ അരങ്ങിൽ എത്തുമെന്ന്  വിഭാവനം ചെയ്തിട്ടുണ്ടാവില്ല. 1956-ൽ കേരള കലാമണ്ഡലത്തിൽ മലബാർ രാമൻ നായർ ആശാന്റെ നേതൃത്വത്തിൽ തുള്ളൽ കല പരിഷ്കരിച്ചപ്പോഴും തുള്ളലിന്റെ ആഹാര്യത്തിലേക്ക് (Costume) ഉൾപ്പെടുത്തിയത് പുരുഷകലകളുടെ സ്വാധീനമുള്ള സംഗതികളായിരുന്നു. മുഖത്ത് മനയോലയ്ക്ക് ചുറ്റുമായുള്ള വെള്ളവളയം, കച്ചയ്ക്ക് നടുവിലായുള്ള ഒറ്റ നാക്ക് മുതലായവയെല്ലാം പുരുഷകലകളുടെ വസ്ത്രധാരണ, സവിശേഷതകളാണ്. തുള്ളലിന്റെ മാറിവന്ന കാലങ്ങളിലെല്ലാം സ്ത്രീസ്വത്വം പതിവായി അവഗണിക്കപ്പെടുകയായിരുന്നു. 

വിവേചനം
ഒരു തുള്ളൽ ആർട്ടിസ്റ്റിന്റെ അരങ്ങും അവതരണവും മറ്റുള്ളവരുടേതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അരങ്ങ്‌ നിയന്ത്രിച്ചു, ശ്രുതി ചേർത്തുകൊണ്ട് പാടി അഭിനയിക്കുക എന്നതുതന്നെ കായികമായ വെല്ലുവിളിയാണ്. തുടക്കംമുതൽ ഒടുക്കംവരെ, ഒന്നൊന്നര മണിക്കൂർ ജനങ്ങളോട് ഊർജസ്വലതയോടെ ആശയവിനിമയം നടത്തണം. കഥപറയുന്ന ആളും കുറെ കഥാപാത്രങ്ങളുമായി, ഒരൊറ്റ വ്യക്തി മാറിമാറി അഭിനയിക്കണം. പുരുഷകലയെന്ന് പൂർണമായും അറിയപ്പെടുന്ന കഥകളിയിൽപ്പോലും അരങ്ങിൽ നിരവധി സ്ത്രീകൾ സജീവമായി നിലനിൽക്കുമ്പോൾ, അത്രതന്നെ ശാരീരികവും ആഹാര്യപരവുമായ സാങ്കേതികത്വമില്ലാത്ത തുള്ളലിൽ കാണുന്ന വിവേചനം ദൗർഭാഗ്യകരമാണ്.

പെണ്ണിനെന്താ കുഴപ്പം
നർമം പ്രയോഗിക്കുന്നതിൽ വ്യക്തിഗത ഭാവനകൾ കൂടി പ്രകടമാക്കാവുന്ന കലാരൂപമാണ് തുള്ളൽ. അവനവന്റെ അഭിരുചിയുംകൂടി കഥാപാത്രങ്ങളിലൂടെ പ്രകടമാക്കാവുന്ന തുള്ളലിൽ ആർട്ടിസ്റ്റിന്റെ ആവിഷ്കാരസ്വാതന്ത്ര്യവും സദസ്സിന്റെ അംഗീകാരവുമാണ് പരിപാടിയുടെ വിജയം. ഒരു സ്ത്രീസമൂഹമധ്യത്തിലെ വേദികളിൽ എത്തുമ്പോൾ, കളരിയിൽ പഠിച്ച് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസം സദസ്യരുടെ മനോഭാവംമൂലം ചിലപ്പോഴെങ്കിലും ചോർന്നുപോകാറുണ്ട്. എന്താണോ ഉദ്ദേശിക്കുന്നത് അത് ആ രീതിയിൽത്തന്നെ അവതരിപ്പിക്കാനുള്ള തന്റെ കഴിവുകേടാണോ, അതോ വിഷയം അതേപടി കഥാപാത്രങ്ങളുടെ വാക്കുകളായി സ്വീകരിക്കാൻ സദസ്സിലെ സാധാരണക്കാർക്കുള്ള സങ്കോചമാണോ കാരണം എന്നറിയില്ല. ഒരു യുവകലാകാരി രൗദ്രഭാവത്തിൽ, ചടുലമായ ചുവടുകളോടെ വേദിയിൽനിന്ന് സദസ്യരെ നോക്കി, ‘നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിട ശഠാ...' എന്ന് ചൂണ്ടി പറയുമ്പോഴും, ‘കനകംമൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്ന പൊതുസത്യങ്ങൾ വിളിച്ചുപറയുമ്പോഴും പലർക്കും ആ ആർട്ടിസ്റ്റിനെ അംഗീകരിക്കാനാകുന്നില്ല.

പരിഹാസച്ചിരികൾ
സ്ത്രീ സറ്റയർ പറയുമ്പോൾ, ചിലപ്പോൾ അപ്രതീക്ഷിതമായ പ്രതികരണങ്ങളുണ്ടാകുന്നു. കാൽഭാഗം പ്രേക്ഷകരിലെങ്കിലും പരിഹാസച്ചിരി ഉയരുന്നു. പെണ്ണിന്റെ കഴിവിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർക്ക് മനസ്സുവരുന്നില്ല എന്നതാണ് വാസ്തവം. അരങ്ങ് ഫലിപ്പിക്കുന്നതിനായി തുള്ളലിലെ പുരുഷന്മാർ എടുക്കുന്നതിനേക്കാൾ എഫർട്ടും റിസ്കും എടുത്താലും ചെറുതായൊന്നു ചിരിക്കുന്നതുപോലും വലിയ കുറച്ചിലായി അവർക്ക് അനുഭവപ്പെടുന്നു.

തുള്ളലിലെ തുടക്കം
ഇരിങ്ങാലക്കുടയിലുള്ള കല്ലേറ്റുംകരയിലാണ് ജനിച്ചുവളർന്നത്. അവിടെയുള്ള മലയാളം പണ്ഡിറ്റ് രാഘവ പൊതുവാൾ മാഷുടെ കീഴിൽ അക്ഷരശ്ലോകവും കാവ്യകേളിയും പഠിച്ചു. അക്കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിപാടികളുടെ ഭാഗമായി സാമൂഹ്യ പ്രസക്തിയുള്ള വിഷയമെടുത്ത് തുള്ളൽ സാഹിത്യം രചിച്ച് അരങ്ങിൽ അവതരിപ്പിക്കാൻ മാഷ് എന്നോട് ആവശ്യപ്പെട്ടു.  തുടർന്ന് തുള്ളൽ ശാസ്ത്രീയമായി അഭ്യസിക്കാൻ ആരംഭിച്ചു. 2001-ൽ സംസ്ഥാന  കലോത്സവത്തിൽ മികച്ച തുള്ളൽ പ്രതിഭയ്ക്കുള്ള സമ്മാനം നേടി. 

കലാമണ്ഡലത്തിൽ
തുള്ളലിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ സ്വാഭാവികമായും കലാമണ്ഡലത്തിലെ നാലുവർഷ തുള്ളൽ കോഴ്സിനു ചേർന്നു. അരങ്ങേറ്റത്തിനുശേഷം, പഠനകാലത്തുതന്നെ നിരവധി വേദികൾ. തുടക്കത്തിൽ പക്കവാദ്യക്കാരുടെ വേതനംപോലും സ്വയം ഏറ്റെടുത്തിട്ടുണ്ട്. 2006-ൽ കലാമണ്ഡലത്തിലെ കോഴ്സ് കഴിഞ്ഞതോടെ ഒരു സജീവ തുള്ളൽ കലാകാരിയായി.

പെണ്ണായാൽ
രാത്രിയാത്രകൾ അനിവാര്യമാണ്. വിവാഹത്തിനുമ്പേ അച്ഛനായിരുന്നു (വിശ്വം) എല്ലാ പിന്തുണയും നൽകിയത്. ജോലി സമയം മാറ്റിവച്ചും  കുറഞ്ഞ സമയത്ത് കൂടുതൽ ജോലികൾ ചെയ്തും മകളെ  കലാകാരിയായി കാണാനുള്ള ആഗ്രഹംകൊണ്ടും അച്ഛൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെനിന്നു. പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെല്ലാം പരിപാടികൾ വരുമ്പോൾ അച്ഛന്റെ ജോലി സമയത്തിനുശേഷം എന്നെയുംകൊണ്ട് ദൂരയാത്രകൾ ചെയ്തു. ഉറക്കമൊഴിച്ച് വണ്ടിയോടിച്ച് വൈകിയ രാത്രികളിലാണ് വീട്ടിൽ തിരിച്ചെത്തുക. അതുവരെയും അമ്മ (ഉഷ) ഉറങ്ങാതെ കാത്തിരിക്കും. പിറ്റേന്നും അച്ഛൻ ജോലിക്ക് പോകുന്നു.

അരങ്ങുകൾ, അവാർഡുകൾ
2009-ൽ എന്റെ ഗുരുനാഥന്മാരിൽ പ്രഥമഗണനീയനായ കലാമണ്ഡലം ഗീതാനന്ദനാശാൻ ചെയ്തുനിർത്തിയ ഭാഗംമുതൽ ‘കല്യാണസൗഗന്ധികം' അവതരിപ്പിച്ചത് എന്റെ അരങ്ങുകളിലെ ഏറ്റവും വൈകാരികവും അനുഗൃഹീതവുമായ ഒന്നാണ്. പുതിയ ആവിഷ്കാരമായി നമ്പ്യാരാശാന്റെ ജീവചരിത്രം (കുഞ്ചൻ നമ്പ്യാർ ചരിതം) രചനയും ആവിഷ്കാരവും നിർവഹിച്ച്‌ കേരള സംഗീത നാടക അക്കാദമി ഹാളിൽ തുള്ളി. 2019-ലെ പ്രളയത്തിന്റെ തുള്ളൽ ആവിഷ്കാരം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ അവതരിപ്പിച്ചു. കൂടുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്നതും  ഞാൻ ചെയ്തിട്ടുള്ളതും ഓട്ടൻ തുള്ളലാണ്. ശീതങ്കനും  പറയനും കൂടെത്തന്നെയുണ്ട്. മറ്റു അംഗീകാരങ്ങൾക്കൊപ്പം, കലാമണ്ഡലം പ്രഥമ ഗീതാനന്ദം യുവപ്രതിഭാ പുരസ്കാരവും  കലാമണ്ഡലം വടക്കൻ കണ്ണൻ നായർ പുരസ്കാരവും നേടാനായി. കലാജീവിതം വിവാഹത്തോടെ നിന്നുപോകാതിരിക്കാൻ, കലയുടെ മൂല്യം അറിയുന്നൊരാളെ തന്നെ വിവാഹം ചെയ്യണമെന്ന് ഗീതാനന്ദനാശാൻ ഉപദേശിച്ചു. വയലിൻ കലാകാരനായ ജയദേവാണ് ഭർത്താവ്. മകൾ ചാരുകേശി നാലാം ക്ലാസിൽ പഠിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home