സ്‌ത്രീമുന്നേറ്റത്തിന്‌ പ്രതിജ്ഞാബദ്ധം

woman day
വെബ് ഡെസ്ക്

Published on Mar 09, 2025, 12:10 AM | 3 min read

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച സാർവദേശീയ വനിതാദിനമായിരുന്നല്ലോ. അതുകൊണ്ടുതന്നെ, സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ചെറുക്കാൻ പൊതുപ്രസ്ഥാനവും സമൂഹമാകെയും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയായ പാർടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയാണ് പ്രമേയം അവതരിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സമ്മേളന ഹാളിനുപുറത്ത് സമ്മേളനത്തിലെ വനിതാപ്രതിനിധികൾ ഒത്തുചേരുകയും പ്രകടനം നടത്തുകയും ചെയ്തു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ പങ്കെടുത്തു. വനിതാ റെഡ് വളന്റിയർമാരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ മോദി സർക്കാരിന്റെയും കേരള സർക്കാരിന്റെയും നയങ്ങളിലുള്ള വ്യത്യാസം പ്രകടമാണ്.

2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം അനുദിനം സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ പെരുകുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഏറെയും പീഡനത്തിന് വിധേയരാകുന്നത്. സ്‌ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യമായാണ് ഇന്ത്യയെ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ റിപ്പോർട്ട് വിലയിരുത്തുന്നത്. 2019ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് പ്രതിദിനം 10 ദളിത് സ്‌ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. ‘ഇരട്ട എൻജിൻ’ സർക്കാരുള്ള യുപിയിലെ ഉന്നാവ്, ഹാഥ്‌രസ്‌എന്നീ സംഭവങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ചു. ഇന്ത്യയിൽ 16 മിനിറ്റിൽ ഒരു ബലാത്സംഗം നടക്കുന്നുവെന്നാണ് കണക്ക്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പുരുഷാധിപത്യ–- സ്‌ത്രീവിരുദ്ധ സമീപനങ്ങളും ഇത്തരം ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നു. എന്നാൽ, മോദി സർക്കാരിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ സമീപനമാണ് കേരളത്തിന്റേത്.

കേന്ദ്ര നയങ്ങൾക്കെതിരെ പൊതുവിൽ ബദൽ ഉയർത്തുന്ന കേരളം, സ്‌ത്രീസുരക്ഷയുടെ കാര്യത്തിലും മാതൃകാപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. സ്‌ത്രീസുരക്ഷയ്‌ക്ക് പ്രത്യേക പരിഗണനതന്നെയാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. വനിതകളുടെ തൊഴിൽപങ്കാളിത്തം 18 ശതമാനമാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം പാലിച്ചെന്നു മാത്രമല്ല, അത് 22 ശതമാനമായി ഉയർത്തുകയും ചെയ്തു. ജെൻഡർ ബജറ്റ് അവതരിപ്പിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃക കാട്ടി. ജെൻഡർ ഓഡിറ്റിങ്ങും നടപ്പാക്കി. സ്‌ത്രീകൾക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും രൂപീകരിച്ചു. വനിതാ ഹെൽപ്‌ലൈൻ ആരംഭിച്ചു. നിരവധി സ്‌ത്രീസൗഹൃദ പദ്ധതികളും നടപ്പാക്കി. വനിതകളെ കൈപിടിച്ചുയർത്തുകയെന്ന നയത്തിന്റെ ഭാഗമാണിത്. കുടുംബശ്രീ വനിതാശക്തീകരണത്തിന് നൽകിയ കരുത്ത് ചെറുതല്ല. സോഷ്യലിസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സിപിഐ എമ്മിന് സ്‌ത്രീകളുടെ ഉന്നമനം പ്രധാന ലക്ഷ്യംതന്നെയാണ്. പാർടി സംഘടനയിലും വനിതാപ്രാതിനിധ്യം വർധിപ്പിച്ചുവരികയാണ്. നിലവിൽ ആകെ മെമ്പർഷിപ്പിന്റെ 22.25 ശതമാനം വനിതകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4813 വനിതാ അംഗങ്ങൾ വർധിച്ചു. കണ്ണൂർ ജില്ലയിൽ മെമ്പർഷിപ്പിന്റെ 32.44 ശതമാനം വനിതകളാണ്. കാസർകോട്ട് 30.31 ശതമാനവും കോഴിക്കോട്ട് 27.07 ശതമാനവും. നിലവിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ വനിതകളാണ്. ഘട്ടംഘട്ടമായി വനിതാപ്രതിനിധ്യം സംഘടനയുടെ എല്ലാ തലത്തിലും വർധിപ്പിക്കുക എന്നതുതന്നെയാണ് ലക്ഷ്യം.

സമ്മേളനത്തിൽ പിബി അംഗം പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖയിന്മേലുള്ള ചർച്ചയാണ് ശനിയാഴ്ച പ്രധാനമായും നടന്നത്. പ്രവർത്തന റിപ്പോർട്ടിന്മേൽ വെള്ളിയാഴ്ച നടന്ന ചർച്ചയ്‌ക്ക് പാർടി പിബി അംഗവും കോ–-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ടും ഞാനും മറുപടി പറഞ്ഞു. പിണറായി വിജയൻ അവതരിപ്പിച്ച രേഖയിലെ നിർദേശങ്ങൾക്ക് വൻ സ്വീകാര്യതയാണ് സമ്മേളനത്തിൽ ലഭിച്ചത്. കേന്ദ്രം കേരളത്തെ ക്രൂരമായി അവഗണിക്കുമ്പോൾ നവകേരള നിർമാണമെന്ന കടമ ഉപേക്ഷിക്കാതെ പുതുവഴികൾ തേടുന്നത് സ്വാഗതാർഹവും പ്രതിരോധവുമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. 2022ലെ എറണാകുളം സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർടി കാഴ്ചപ്പാടി’ലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പാക്കാൻ കഴിഞ്ഞതിനാൽ ‘നവകേരളത്തെ നയിക്കാൻ പുതുവഴിക’ളും പ്രാവർത്തികമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും സമ്മേളനം പ്രകടിപ്പിച്ചു. ഈ രേഖ ജനങ്ങൾക്കിടയിൽ നല്ല രീതിയിൽ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും. വികസന, ക്ഷേമ പരിപാടികൾ നടപ്പാക്കാൻ അധിക വിഭവസമാഹരണം വേണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. ജനങ്ങളുടെമേൽ അധികഭാരം ഏൽപ്പിച്ചുകൊണ്ടായിരിക്കില്ല ഇതെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അതോടൊപ്പം, അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചായിരിക്കും ഇത്‌ നടപ്പാക്കുക.

സാമൂഹ്യനീതിയിലധിഷ്ഠിതമായിരിക്കും നവകേരള നിർമാണമെന്ന് രേഖതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. നവകേരള നിർമാണത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ശാസ്‌ത്രീയമായ പഠനം നടത്തുക, കാർഷിക മേഖലയ്‌ക്ക് ഊന്നൽ നൽകുക തുടങ്ങി പല ഗുണപരമായ നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കപ്പെട്ടിട്ടുണ്ട്. ചർച്ചയ്‌ക്ക് ഞായറാഴ്ച രാവിലെ പിണറായി വിജയൻ മറുപടി പറയുന്നതോടെ നവകേരള നിർമിതിക്കുള്ള പുതുവഴി തെളിയുമെന്ന കാര്യത്തിൽ സംശയമില്ല. ഈ വർഷാവസാനം നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അടുത്തവർഷം നടക്കുന്ന നിയമസഭയിലെയും തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ ചർച്ചകൾ പാർടിയെ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home