പൂരവാതിൽ തുറന്ന് പെൺപെരുമയിലേക്ക്

തൃശൂർ പൂരത്തിന്റെ തുടക്കം പ്രഖ്യാപിച്ച് തെക്കേഗോപുര നടയിലെ പൂരവാതിൽ ഇത്തവണ തുറന്നത് പുതിയ ചരിത്രത്തിലേക്കുകൂടിയാണ്. ലക്ഷ്യങ്ങളെത്തുന്ന പൂരപ്പറമ്പ് ഇന്നും സ്‌ത്രീകൾക്ക് അന്യമാണ്. വീട്ടകങ്ങളിലിരുന്ന് മേളത്തിന് താളം പിടിക്കുന്നതിൽ അവസാനിക്കുന്നതാണ് കൂടുതൽ പൂരപ്രേമകളുടെ പൂരാഘോഷം. ഇന്നും പൂരം കാണാനെത്തുന്ന സ്‌ത്രീകൾ വളരെ കുറവാണ്. പുരുഷന്മാർമാത്രം കൊട്ടിയും വായിച്ചും കയറുന്ന തൃശൂർ പൂരത്തിന്റെ മേളത്തിൽ ഇത്തവണ പെൺപ്പെരുമയുടെ പുതുചരിത്രം തുറന്നു. വാദ്യകലാരംഗത്ത് പുരുഷന്മാരുടെ ആധിപത്യത്തിന് ഇടയിലൂടെയാണ് മൂന്ന് പെൺകുട്ടികൾ മേളത്തിന്റെ ഭാഗമായത്. ഹൃദ്യ സുധീഷ്, അശ്വതി ജിതിൻ, അർച്ചന അനൂപ് എന്നിവർ.
സ്‌ത്രീകൾക്ക് അസാധ്യമെന്ന് കരുതിയിരുന്ന പൂരമേളത്തിന്റെ പെൺപ്പെരുമയായി അവർ തുറന്നിട്ടത് വനിതാ പങ്കാളിത്തത്തിന്റെ പുതുവാതിലുകളാണ്. ക്ഷേത്രമുറ്റത്തെ ലിംഗവിവേചനങ്ങളുടെ അതിരുകൾകൂടിയാണ് ഇവർ തീർത്ത മേളശബ്ദത്തിൽ തകർത്തെറിയപ്പെട്ടത്.
കഴിഞ്ഞ തൃശൂർ പൂരത്തിനാണ് ആദ്യമായി മേളത്തിൽ സ്‌ത്രീ സാന്നിധ്യമുണ്ടായത്. പനംമുക്കുംപിള്ളിയുടെ മേളസംഘത്തിൽ ഹൃദ്യ സുധീഷും ശ്രീപ്രിയയും കുറുങ്കുഴൽ വായിച്ചു. ആദ്യാനുഭവത്തിന്റെ കരുത്തിൽ കൂടുതൽ ആത്മവിശ്വാസവുമായി ഇത്തവണയും ഹൃദ്യ കുഴൽ വായിച്ചു. ഹൃദ്യയും ശ്രീപ്രിയയും തുറന്നിട്ട വാതിലിലൂടെ ഈ വർഷം അശ്വതിയും അർച്ചനയും ചെണ്ടയുമായി എത്തി. കണിമംഗലത്തിന്റെ വാദ്യസംഘത്തിലെ വലംതലയായിനിന്നാണ് ചരിത്രമെഴുതിയത്. കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി ക്ഷേത്രത്തിനകത്തു പ്രവേശിച്ച് പടിഞ്ഞാറെ ഗോപുരം വഴി ഇറങ്ങിയശേഷം ശ്രീമൂലസ്ഥാനത്ത് നടക്കുന്ന പാണ്ടിയിൽ ഇരുവരും മുഴുവൻ സമയം പങ്കാളികളായി.
‘പെൺകുട്ടി മേളത്തിന്റെ ഭാഗമാകുന്നതിൽ ആളുകൾക്കിടയിൽ രണ്ട് അഭിപ്രായമുണ്ടെങ്കിലും കൂടുതൽപേരും പിന്തുണച്ചു. മേള കലാകാരൻകൂടിയായ അച്ഛൻ സുധീഷും ഒപ്പം നിന്നു’–- ഹൃദ്യ പറഞ്ഞു. കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി പടിഞ്ഞാറെ നടയിലൂടെ കയറിയപ്പോൾ ആൾതിരക്കും ആസ്വാദകരും അധികമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് കമന്റ്സ് വരുന്നുണ്ട്. പൂരത്തിലും മേളത്തിലും സ്ത്രീ പങ്കാളിത്തം ഉറപ്പാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് തെളിയിക്കുന്നതാണ് കമന്റുകൾ. തൃശൂർ ജനിച്ച് വളർന്നിട്ടും, പൂരം കാണാനുള്ള ആഗ്രഹം നടക്കാത്ത പലരും നമ്മുടെ വീടുകളിൽത്തന്നെ ഉണ്ട്. പൂരം കാണാനും മേളത്തിനായാലും എല്ലാ മേഖലകളിലും സ്ത്രീക്കൾക്ക് കടന്നുവരാൻ സാധിക്കും. അതിനുള്ള ശ്രമം ഉണ്ടാകട്ടെയെന്നും ഹൃദ്യ പറഞ്ഞു. പോണ്ടിച്ചേരി സർവകലാശാലയിൽ ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ് ഹൃദ്യ. കഴിഞ്ഞ വർഷം ഹൃദ്യക്കൊപ്പം കുഴൽ വായിച്ച ശ്രീപ്രിയ നിലവിൽ ഡൽഹിയിലാണ്.
മേളത്തിൽ വലിയ പ്രാധാന്യമുള്ള സ്ഥാനമാണ് വലംതല. അതിന്റ ഗൗരവത്തോടെയും പ്രൗഢിയോടെയുമാണ് അശ്വതിയും അർച്ചനയും മേളപ്പെരുക്കം തീർത്തത്. ഏഴ് വർഷമായി അശ്വതി പഞ്ചവാദ്യം പരിശീലിക്കുന്നുണ്ട്. ഭർത്താവായ ജിതിൻ കല്ലാട്ടാണ് ഗുരു. കലാരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നതും ജിതിനാണ്.
‘തൃശൂർ പൂരത്തിന് മേളത്തിൽ പങ്കെടുത്ത അനുഭവം വലിയ ആഹ്ലാദം നിറഞ്ഞതായിരുന്നു. കണ്ടുനിന്ന പൂരത്തിൽത്തന്നെ വാദ്യം കൊട്ടുക എന്നത് സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം യാഥാർഥ്യമായി’ –- അശ്വതി പറഞ്ഞു. ചെണ്ടവിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിൽ നാലാം റാങ്ക് നേടിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയും അശ്വതിയാണ്. ഇപ്പോൾ പുഴയ്ക്കൽ ബ്ലോക്കിലെ ആറു പഞ്ചായത്തിൽ ക്ലാസെടുക്കുന്നുണ്ട്.
‘ദേവസ്വത്തിൽനിന്നും മുതിർന്ന കലാകാരന്മാരിൽനിന്നും വലിയ പിന്തുണ കിട്ടി. ഇനിയും കൂടുതൽ സ്ത്രീകളെ ഈ രംഗത്ത് എത്തിക്കാൻ ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും’– അശ്വതി പറയുന്നു.
മകനിൽനിന്നാണ് വീട്ടമ്മയായ അർച്ചനയ്‌ക്ക് ചെണ്ട കമ്പം ഉണ്ടാകുന്നത്. ചെണ്ട പഠിക്കുന്ന മകന്റെ ക്ലാസുകൾ കണ്ടാണ് തുടക്കം. ‘വാക്കുകളിൽ വിവരിക്കാൻ കഴിയാത്തതായിരുന്നു ഈ പൂരാനുഭവം. ജീവിതത്തിലെതന്നെ വലിയ നിമിഷമായിരുന്നു വലംതലയിൽ കൊട്ടുക. അതും ഗുരുക്കന്മാരുടെ ഇടയിൽ, അതിനുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും വളരെ വലുതായിരുന്നു’–- അർച്ചന പറഞ്ഞു.









0 comments