നാം മുന്നോട്ടുതന്നെ

ജിഷ അഭിനയ [email protected]
Published on Apr 20, 2025, 10:50 AM | 2 min read
പണ്ട് പണ്ട് നടന്ന കഥയല്ല. ഇന്നിന്റെ നേരിൽനിന്ന് ജീവിതം നീറി നീറി പറയുന്ന വലിയ കഥ. കാലം ആവശ്യപ്പെടുന്നതും. എന്നാൽ പിന്നെയത് നാടകമായി അരങ്ങിൽ എത്തിച്ചാലോ. കൊല്ലം പരവൂർ മുനിസിപ്പാലിറ്റിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്വന്തം അനുഭവങ്ങൾ ചേർത്തുവച്ച് ‘നാം മുന്നോട്ട്’ എന്ന നാടകം ഒരുക്കിയത്.
പരവൂർ മുനിസിപ്പൽ പാർക്കിൽ തൊഴിലുറപ്പ് വിഭാഗത്തിന്റെ എയുഇജിഎസ് ഓവർസിയർ ഉഷയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ പ്രശാന്തി, ഷീബ, ഗിരിജ, അജിത, ഉഷാകുമാരി, കമലാക്ഷി, ശശികല, സരസ്വതി, സിന്ധു, സുജ എന്നിവരാണ് അഭിനേതാക്കൾ. 15ലേറെ സ്റ്റേജിൽ ഇതുവരെ നാടകം അവതരിപ്പിച്ചു. ഒന്നര മാസം നീണ്ട പരിശീലനം. രാവിലെ ഏഴുമുതൽ പകൽ മൂന്നുവരെ തൊഴിലുറപ്പ് ജോലിക്ക് പോകും. പിന്നീടുള്ള സമയത്താണ് റിഹേഴ്‌സൽ.
നാടും നഗരവും വൃത്തിയാക്കുക എന്നതിനൊപ്പം ശുചിത്വ കേരളത്തിന്റെ പ്രസക്തി സമൂഹത്തോട് നാടകത്തിലൂടെ പറയുകയാണിവർ. ‘തൊഴിലിടങ്ങളിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇതൊന്നും ആരും അറിയാറില്ല. അതുകൊണ്ടാണ് ഈ പ്രമേയം ഞങ്ങൾ മുന്നോട്ടുവയ്‌ക്കുന്നത്. എന്നും വീട്ടുജോലിയും തൊഴിലുറപ്പ് പണിയും മാത്രമായി പോകുന്നതിനിടയിലാണ് നാടകം കളിക്കാമെന്ന ആശയം വന്നത്. ആദ്യമൊക്കെ ശരിയാകുമോ എന്ന ആശങ്ക ഉണ്ടായെങ്കിലും പിന്നീട് അതുമാറി. സ്‌ക്രിപ്‌റ്റ് എഴുതി കാണാതെ പഠിക്കുന്ന രീതിയായിരുന്നില്ല. തൊഴിലിടത്ത് നമ്മൾ കടന്നുപോകുന്ന കാര്യങ്ങൾ പരസ്‌പരം ചർച്ച ചെയ്‌ത് രൂപപ്പെട്ടതാണ് ഈ നാടകം.’ അവർ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന മുദ്രാവാക്യം എങ്ങനെ ജനങ്ങളിൽ എത്തിക്കുമെന്ന് തൊഴിലിടത്തിൽ നടന്ന ചർച്ചയാണ് നാടകത്തിൽ എത്തിച്ചത്.
‘നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നവരാണ് എല്ലാവരും. നിറഞ്ഞ സദസ്സിൽനിന്നുയരുന്ന കൈയടിയിൽ എല്ലാം മറക്കും. ഞങ്ങളെപ്പോലുള്ളവർക്ക് ഇതിനേക്കാൾ വലിയ സന്തോഷം മറ്റെന്താണ്’ അവർ പറയുന്നു.
തങ്ങളുടെ തൊഴിലിന്റെ സങ്കീർണതയും മാഹാത്മ്യവും പൊതു സമൂഹത്തോട് പറയാനായതിൽ വലിയ സന്തോഷം ഉണ്ടെന്ന് അഭിനേതാവുകൂടിയായ 68 വയസ്സുള്ള കമലാക്ഷി പറഞ്ഞു. ഈ പ്രായത്തിൽ ആദ്യമായി നാടകം കളിക്കാനായതിന്റെ ആവേശവും കമലാക്ഷി പങ്കുവച്ചു. 45 മിനിറ്റാണ് നാടക ദൈർഘ്യം. നാടകരചന വേണു ബി. നാടക പ്രവർത്തകൻ സുവർണൻ പരവൂരാണ് സംവിധാനം. ക്യാമ്പ് ഡയറക്ടർ അഷറഫ്.
സമീപ പഞ്ചായത്തുകളും നാടകാവതരണത്തിനുവേണ്ടി ഇവരെ സമീപിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെ പരിപാടികളിലും നാടകം അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ മാലിന്യമുക്തകേരളമായി പ്രഖ്യാപിക്കുമ്പോൾ ഏറെ അഭിമാനത്തോടെ പദ്ധതിയിൽ അണിചേരുകയാണ് ഒരു കൂട്ടം സ്‌ത്രീകളും.









0 comments