എന്ത് ചന്തമാണ് എന്നെയെന്നോ ?

ജിഷ അഭിനയ [email protected]
Published on Feb 09, 2025, 02:42 AM | 3 min read
ഏഴ് മാസം മുമ്പ് വിവാഹിതയായ ഷഹാന മുംതാസിനെ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവളെ ഭർത്താവ് കറുത്തവളെന്ന് വിശേഷിപ്പിച്ചു എന്നതാണ് കാരണങ്ങളിലൊന്ന്. വിദേശത്തുള്ള ഭർത്താവ് നിറത്തിന്റെ പേരിൽ നിരന്തരം ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഈ വാർത്ത ഞെട്ടലോടെ അല്ലാതെ കേരളം കേട്ടിട്ടുണ്ടാകില്ല. ഇത്രയും നിസ്സാര കാര്യമെന്ന് പുറമേനിന്ന് വിശേഷിപ്പിക്കുമ്പോഴും അവൾ അനുഭവിച്ച മാനസിക സമ്മർദം എത്രമാത്രമായിരിക്കും. പൂക്കോട്ടുംപാടം മാനിയിൽ വിഷ്‌ണുജ (26)യുടെ മരണവും ഭർതൃപീഡനത്തെ തുടർന്നായിരുന്നു. ജോലിയില്ലെന്നും സൗന്ദര്യം കുറഞ്ഞെന്നും പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതി. ഇതുപോലെ എത്രയെത്ര പേരുകൾ കേട്ടും കേൾക്കാതെയും.
ആർക്കാണ് പിഴച്ചത്
എവിടെയാണ്, ആർക്കാണ് പിഴച്ചത്. ജനിച്ചയുടൻ കുഞ്ഞിനെ നിറത്തോട് ചേർത്ത് ചിന്തിക്കുന്നു. ഗർഭാവസ്ഥയിൽ അമ്മ കുങ്കുമപ്പൂവ് കഴിച്ചും കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം മഞ്ഞൾ തേച്ചും വെളുപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു. സ്കൂളിൽ ഒരുപോലെ പേരുള്ളവളെ രണ്ടായി തിരിച്ച് കറുത്തവളെന്നും വെളുത്തവളെന്നും വിശേഷിപ്പിക്കുന്നു. വിവാഹ മാർക്കറ്റിൽ എത്തിനിൽക്കുമ്പോഴും ഇതിന്റെ തുടർച്ചതന്നെ. മാട്രിമോണിയൽ പരസ്യങ്ങളിൽപ്പോലും ആദ്യ വിശേഷണം ‘വെളുത്ത് മെലിഞ്ഞ പെൺകുട്ടി’ എന്നാണ്. കാലവും ചരിത്രവും ഓർമിപ്പിക്കുന്നതും നിറങ്ങളുടെ കഥ.
പെണ്ണുടലിന്റെ ചന്തം എന്നാൽ വെളുപ്പുമാത്രം എന്ന ബോധ്യത്തിന് അടിവരയിടുന്നു. ലോക സാമൂഹ്യവ്യവസ്ഥയിൽ വർണവിവേചനം വംശീയവിവേചനമായി ചരിത്രം അടയാളപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയാണ് കറുത്തവന് മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. എഴുത്തുകാരി ആലിസ് വാക്കർ ‘കളറിസം’ എന്ന വാക്ക് പ്രയോഗിച്ചു. യഥാർഥത്തിൽ ഇതുതന്നെയാണ് പ്രായോഗികമായി നടപ്പാക്കുന്നതും.
പ്രതിരോധത്തിന്റെ ഭാഷ
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, രാഷ്ട്രീയം എന്നുവേണ്ട പൊതു ഇടങ്ങളിൽ എല്ലാം കറുത്തവൻ/ൾ പരിധി ചേർക്കപ്പെട്ടു. വനിതകൾക്ക് വോട്ടവകാശം ലഭ്യമായത് ഇരുപതാം നൂറ്റാണ്ടിലാണ്. ജർമനിയിൽ 1918ലും യുഎസിൽ 1920ലും വോട്ടവകാശം നടപ്പാക്കി. എന്നാൽ, സൗത്ത് ആഫ്രിക്കയിൽ വെള്ളക്കാരികൾക്ക് 1930ൽ വോട്ടവകാശം അനുവദിച്ചപ്പോൾ കറുത്ത വർഗക്കാരികൾക്ക് 1994ൽ മാത്രമാണ് വോട്ടവകാശം അനുവദിച്ചത്.
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ‘വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടരു’മെന്ന പ്രസ്താവന വിവാദമായിരുന്നു. ഇത് വംശീയമായ അടിച്ചമർത്തലുകളെയാണ് തുറന്നുകാട്ടുന്നത്. ബോസ്നിയൻ ഗ്രാമത്തിന്റെ യുദ്ധപശ്‌ചാത്തലത്തിൽ ക്രൊയേഷ്യൻ എഴുത്തുകാരി സ്ലാവെങ്ക ഡ്രാക്കുലിക് എഴുതിയ നോവലാണ് ‘എസ്’. പട്ടാള ക്യാമ്പിലെ കൊടിയ പീഡനങ്ങൾ
സഹിച്ച് ജീവിക്കുന്നതിനിടെ ‘എസി’ന് ഒരു മേക്കപ്പ് ബോക്‌സ് കളഞ്ഞു കിട്ടുന്നു.
അതിലെ ലിപ്‌സ്‌റ്റിക് കൊണ്ട് ചുണ്ട് ചുവപ്പിച്ചും മസ്കാര അണിഞ്ഞും ക്യാപ്റ്റന്റെ മുറിയിലേക്ക് ധൈര്യപൂർവം ഒരുങ്ങിച്ചെന്നു. മുഖച്ചമയത്തിലൂടെ തനിക്ക് മറ്റൊരാളായി മാറാനാകുമെന്ന് ആത്മവിശ്വാസം അവളെ പ്രതിരോധത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. അതെ, മുഖച്ചമയം ചിലപ്പോൾ സ്‌ത്രീയുടെ ആത്‌മവിശ്വാസം കൂട്ടുന്നെന്നതും മറ്റൊരു യാഥാർഥ്യം.
ഉടലിന്റെ രാഷ്ട്രീയം
മതവുമായി ഇടകലർന്നതാണ് ഇന്ത്യൻ സാമൂഹ്യജീവിതം. വർണ സൗന്ദര്യബോധം ദൈവസങ്കൽപ്പങ്ങളിൽപ്പോലുമുണ്ട്. ദൈവങ്ങളിലെ സ്ത്രീകൾ സുന്ദരികളെന്ന് ചിത്രകാരന്മാർ വരച്ചുകാട്ടുന്നു. കാളി തുടങ്ങിയ ദൈവങ്ങൾക്ക് രൗദ്രഭാവവും നൽകുന്നു. ചിത്രകലയിലും ഇതേരീതി കാണാം. രവിവർമ ചിത്രകലയിലൂടെയാണ് ഭാരതസൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വരേണ്യവർഗചിന്ത കടന്നുവന്നതെന്ന് പറയാം. അധിനിവേശ സംസ്കാരം കറുപ്പിനെ അടിയാള നിറമായി അടയാളപ്പെടുത്തി. ആര്യന്മാരുടെ അധിനിവേശത്തോടെ വരേണ്യ താൽപ്പര്യങ്ങൾ മേൽക്കോയ്‌മ നേടുകയും ദ്രാവിഡമായ ചിഹ്നങ്ങളും കലകളും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തു.
സ്ത്രീശരീരം പുരുഷന് ആകർഷണം തോന്നാനും സൃഷ്ടി, സ്ഥിതി പരിപാലനത്തിനുള്ള വ്യവസ്ഥയിൽ നിലകൊള്ളേണ്ടതാണെന്നുമുള്ള സങ്കൽപ്പത്തെ നാം അറിയാതെ ഉപബോധമനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത്തരം വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ ഇടങ്ങൾ സൃഷ്ടിക്കേണ്ട സ്ത്രീകൾതന്നെ ഈ സങ്കൽപ്പത്തിലേക്ക് വീണുപോകുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നെങ്കിലും ഉടലിന്റെ രാഷ്ട്രീയം വേണ്ടവിധത്തിൽ ഇപ്പോഴും ആരോഗ്യകരമായി ചർച്ച ചെയ്യപ്പെടുന്നില്ല.
കമ്പോള സൗന്ദര്യബോധം
ആഗോള മൂലധനം കമ്പോളത്തിൽ സ്‌ത്രീശരീരത്തെ ഉപഭോഗ വസ്‌തുവായി മാത്രമാണ് കാണുന്നത്. കേരളത്തിൽ ബ്യൂട്ടിപാർലറിന്റെ എണ്ണത്തിലുള്ള വർധന ഓർമിക്കേണ്ടതാണ്. 70കളുടെ തുടക്കത്തിൽ സിനിമയിലെ നായികമാർ ബ്യൂട്ടിപാർലർ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നു. തുടർന്നാണ് വർത്തമാന സമൂഹവും ഈ വഴിയിലേക്ക് എത്തിച്ചേരുന്നത്. കേരളത്തിൽ ഇപ്പോൾ മിക്ക സ്‌ത്രീകളും ലിപ്‌സ്‌റ്റിക് ഉപയോഗിക്കുന്നു. ഇത് പെട്ടെന്ന് വന്ന ഒരു സൗന്ദര്യബോധത്തിന്റെ മാറ്റത്തിന്റെ ഭാഗമാണ്. സൗന്ദര്യവർധക വസ്‌തുക്കളുടെ ഉപയോഗത്തിലുള്ള വർധന ഏറെയാണ്. കെമിക്കൽ വസ്‌തുക്കൾ മാറി ഹെർബൽ എന്ന വാഗ്‌ദാനവും കമ്പോളം മുന്നോട്ടുവയ്‌ക്കുന്നു. ഇവിടെയും ആവശ്യക്കാർ ഏറെ. മലയാള സിനിമയും കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്.

സിനിമയുടെ പേരിൽ വസ്‌ത്രങ്ങളും അറിയപ്പെടുന്നത് പണ്ടു മുതലേയുള്ള രസകരമായ വസ്‌തുതയാണ്. പരസ്യവിപണിയിലൂടെ മാധ്യമങ്ങളും ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നു. ഇതിൽ ലിംഗവിവേചനം തീരെയില്ല.
ആധുനികമെന്ന് അവകാശപ്പെടുന്ന സമൂഹത്തിൽനിന്നാണ് പെൺകുട്ടികൾ പിൻമടങ്ങുന്നത്. സ്വന്തം വീട്ടിൽ അവൾക്കായി തുറന്നിടുന്ന വാതിലുകൾ ഉള്ളിടത്തോളം, സ്വന്തം കാലിൽ നിൽക്കാൻ വിദ്യാഭ്യാസവും ജോലിയും ഉള്ളിടത്തോളം അവൾ ശക്തയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കളും അവൾക്ക് ധൈര്യം പകരണം. മാറേണ്ടത് മനോനിലയാണെന്ന തിരിച്ചറിവും. തുറന്ന ആകാശവും വിടർന്ന കണ്ണുകളുമായി ലോകത്തെ നോക്കിയിരിക്കുക. മാധവിക്കുട്ടിയുടെ വാക്കുകൾ കടമെടുത്താൽ ‘തുറന്നിട്ട ജാലകം... പൂപ്പാത്രത്തിലെ പുത്തനിലകൾ... പിന്നെ സ്‌നേഹിക്കുന്നൊരാളിന്റെ കൈത്തലം. ജീവിതം ജീവിച്ചു തീർക്കാൻ ഇത്ര മാത്രം മതി.’
എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്ക് നടന്ന് എത്തുകയാണ് ഇന്നത്തെ പെൺകുട്ടികൾ. അവിടെയും ഇടറിവീഴുന്ന ചില പേരുകൾ, ഇനിയും കണ്ണി ചേരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.









0 comments