പേസ്റ്റ് തേക്കാൻ വരട്ടെ; പൊള്ളലുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

തീ കൊണ്ട് നമ്മുടെ ശരീരത്തിൽ പൊള്ളലുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും പൊള്ളലിന്റെ ആഴം മനസിലാക്കാതെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്തവരാണ് നമ്മൾ. നമ്മുടെ തൊലിയുടെ ഏറ്റവും പുറത്തെ പാളിയിൽ ഉണ്ടാക്കുന്ന പൊള്ളലാണ് ഏറ്റവുമധികം വേദന ഉണ്ടാക്കുന്നത്. തൊലിയുടെ എല്ലാ പാളികളും നശിക്കുന്ന പൊള്ളലുകളിൽ മൂന്നാം തരത്തിൽ നാഡികൾ നശിച്ചുപോകുന്നതിനാൽ കഠിനമായ വേദന കാണില്ല. പൊള്ളലിന്റെ ആഴം നോക്കിയാണ് ആശുപത്രികളിൽ പോലും ചികിത്സ നിശ്ചയിക്കുന്നത്. 40 ശതമാനത്തിലധികം പൊള്ളലുണ്ടാക്കുന്നവയെ തീവ്രമായി പരിഗണിച്ചാണ് ചികിത്സ നൽകുക.
പലപ്പോഴും പൊള്ളലേൽക്കുന്ന ഭാഗങ്ങളിൽ തണുപ്പ് ലഭിക്കാൻ നമ്മൾ ഐസോ പേസ്റ്റോ പുരട്ടുകയാണ് പതിവ്. എന്നാൽ ഒരിക്കലും ഇത് ചെയ്യാൻ പാടില്ല. ഐസ് അപകടകാരിയല്ലെങ്കിലും പേസ്റ്റ് പുരട്ടുന്നത് തീർത്തും അശാസ്ത്രീയമായ രീതിയാണ്. പകരം പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ കഴുകുക. ആ ഭാഗത്ത് ആഭരണങ്ങളോ, വാച്ചോ, വസ്ത്രമോ മറ്റോ ഉണ്ടെങ്കിൽ അത് ശ്രദ്ധയോടെ അഴിച്ച് മാറ്റുക. കുമിളകൾ ഉണ്ടായാൽ അത് കുത്തിപ്പൊട്ടിക്കാനും ശ്രമിക്കരുത്. പേസ്റ്റോ മറ്റു മരുന്നുകളോ പുരട്ടാതിരിക്കുക.
പൊള്ളലേറ്റ ഭാഗത്ത് എന്തെങ്കിലും വസ്തുക്കൾ ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അത് എടുക്കാൻ ശ്രമിക്കരുത്. പകരം വൃത്തിയുള്ള ഒരു തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടുന്നത് നല്ലതാണ്. പൊള്ളലേറ്റയാൾക്ക് വെള്ളത്തിൽ അല്പം ഉപ്പിട്ട ശേഷം ഇടയ്ക്ക് കുടിക്കാൻ കൊടുക്കുന്നത് നന്നാവും. പരമാവധി വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണം.









0 comments