എലിപ്പനിക്കെതിരെ കരുതൽ വേണം

leptospirosis
avatar
ഡോ. രഞ്‌ജി ജോസ്‌

Published on Jun 15, 2025, 11:33 AM | 2 min read

മഴക്കാലത്ത്‌ എലിപ്പനി ബാധിക്കാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പുലർത്തണം. വൈറൽ പനിയെന്ന്‌ തെറ്റിദ്ധരിക്കുന്നതാണ്‌ പലപ്പോഴും രോഗം വഷളാക്കുന്നത്‌.

ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെട്ട ഇരുനൂറ്റിഅറുപതിൽപ്പരം ബാക്ടീരിയകളാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്‌ പരത്തുന്നത്. എലിയുടെ വൃക്കകളിൽ വളരുന്ന ഈ ബാക്ടീരിയകൾ അവയിൽ രോഗമുണ്ടാക്കില്ല. ഇവ എലിയുടെ മൂത്രത്തിലൂടെ പുറത്തുവരുമ്പോൾ മനുഷ്യർക്ക്‌ അപടകാരികളാകും.

ഒരുതുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന്‌ ബാക്ടീരിയകളുണ്ടാകും. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴപെയ്‌ത്തു വെള്ളത്തിലും എത്തുന്നു. കൂടാതെ മഴയത്ത് എലിമാളങ്ങളിൽ വെള്ളം കയറുന്നതോടെ ബാക്ടീരിയകളുടെ വ്യാപനം പൂർണമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടുമൂന്നു മാസമെങ്കിലും ഈ ബാക്ടീരിയകൾ നിലനിൽക്കും. എലിയെ കൂടാതെ നായകൾ, ആട്, പന്നി എന്നിവയും രോഗാണുവാഹകരാകാറുണ്ട്.

മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളെയും ബാധിക്കുന്നതും രോഗബാധയേറ്റ മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ളതുമായ ജന്തുജന്യരോഗംകൂടിയാണ് എലിപ്പനി.

മനുഷ്യശരീരത്തിലേക്ക്‌

രോഗാണുക്കൾ പലരീതിയിൽ മനുഷ്യശരീരത്തിൽ പ്രവേശിക്കും. മലിനജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെയും പോറലുകളിലൂടെയും വ്രണങ്ങളിലൂടെയും അണുക്കൾ കയറാം. മുറിവില്ലെങ്കിൽത്തന്നെ മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന മൃദുലമായ ത്വക്കിലൂടെയും ഇവ കടക്കാം. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെയും രോഗാണു അകത്ത്‌ പ്രവേശിക്കാം.

ജോലി അല്ലെങ്കിൽ മറ്റ്‌ പ്രവൃത്തികൾമൂലമോ രോഗാണുക്കൾ കലർന്ന ചെളിയുമായി സമ്പർക്കം ഉണ്ടാവുക, രോഗാണു കലർന്ന വെള്ളം കുടിക്കുക എന്നിവയും രോഗബാധയ്‌ക്ക്‌ കാരണമാകും.

ലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ കടന്ന്‌ 10 മുതൽ 14 വരെ ദിവസങ്ങൾക്കുള്ളിൽ ലക്ഷണം കണ്ടുതുടങ്ങും. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. സമയത്ത് കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയെ സാരമായി ബാധിക്കാം. മരണംവരെ സംഭവിക്കാം. മറ്റ്‌ പകർച്ചപ്പനികൾക്ക്‌ സമാന ലക്ഷണങ്ങളാണ് ആരംഭത്തിൽ ഉണ്ടാവുക. ശക്തമായ പനി, തലവേദന, പേശിവേദന-–- പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികളുടെ വേദന, തളർച്ച, ക്ഷീണം, കണ്ണിന് ചുവപ്പ് നിറം, നീര്‌ വീഴ്‌ച, കണ്ണിന്റെ കൃഷ്ണമണിക്കുചുറ്റും വെള്ളഭാഗത്തുണ്ടാകുന്ന ചുവപ്പ്‌ നിറം, പനി മൂർച്ഛിച്ചുകഴിഞ്ഞാൽ ചിലപ്പോൾ മഞ്ഞപ്പിത്തത്തിന്‌ സമാനമായ രീതിയിലുള്ള ലക്ഷണങ്ങൾ ആയിരിക്കാം പുറത്തുവരുന്നത്. ഇത്‌ വളരെ ഗൗരവമായി കാണണം. രോഗം കരളിനെ ബാധിക്കുന്നതാണ്‌ മഞ്ഞപ്പിത്ത ലക്ഷണങ്ങൾക്ക്‌ കാരണം. രോഗതീവ്രത കൂടുന്നതിന്റെ ലക്ഷണങ്ങളാണിവ. ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാം. രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ മൂക്കിൽക്കൂടി രക്തസ്രാവം, രക്തം ഛർദിക്കുക, മലം കറുത്ത നിറത്തിൽ പോകുക എന്നിവയും ഉണ്ടാകാം. വയറിളക്കം, ഛർദി എന്നിവയും ഉണ്ടാകും.

രോഗനിർണയം

രക്തത്തിൽ ക്രിയാറ്റിൻ കൈനേസ്, ലിവർ എൻസൈമുകൾ എന്നിവ ഉയർന്നു കാണപ്പെടും. ക്രമേണ പ്ലേറ്റലെറ്റുകളുടെ അളവ്‌ കുറയും. മൈക്രോസ്കോപ്പിക് ആന്റിബോഡി ടെസ്റ്റാണ്‌ ഏറ്റവും പ്രധാന രക്തപരിശോധന. എലിസ, പിസിആർ എന്നീ പരിശോധനകളും സഹായകരമാണ്.

മുൻകരുതൽ

*മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക

*കുട്ടികളെ മലിനജലത്തിൽ കുളിക്കാനും കളിക്കാനും അനുവദിക്കരുത്.

*മുറിവുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം

*വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

*എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക.

*വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.

*മലിനജലത്തിൽ ചവിട്ടേണ്ടിവന്നാൽ കാലുകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകുക.

*കുടിവെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുക

* ആരോഗ്യപ്രവർത്തകർ നൽകുന്ന മുൻകരുതലുകൾ സ്വീകരിക്കണം.

*എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിയ്ക്കുന്നവർ വെറുംവയറ്റിൽ ഗുളിക കഴിക്കരുത്. ഭക്ഷണശേഷംമാത്രം കഴിക്കണം.

*ഗുളിക കഴിച്ചുകഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. ഡോക്ടർമാരുടെ നിർദേശപ്രകാരംമാത്രം ഗുളിക കഴിക്കുക.

(കൊച്ചി ആസ്റ്റർമെഡ്സിറ്റി

ഇന്റേണൽ മെഡിസിൻ വിഭാഗം

സീനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home