സ്വവർഗാനുരാഗികളായ പുരുഷന്മാർക്കും ഇനി രക്തം, പ്ലാസ്മ ദാനം ചെയ്യാം; വിലക്ക് നീക്കി ഓസ്‌ട്രേലിയ

മെൽബൺ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്വവർഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കും രക്തവും പ്ലാസ്മയും ദാനം ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി ഓസ്‌ട്രേലിയ. എച്ച്‌ഐവി ബാധിതരിൽ നിന്നുള്ള രക്തദാന സാധ്യത കുറയ്ക്കുന്നതിനായാണ് നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അടുത്ത മാസം മുതൽ ഈ വിലക്കുകൾ നീക്കി തുടങ്ങും. യുകെയിലും യുഎസിലും സമാനമായ നിയമ പരിഷ്കാരങ്ങൾ സമീപകാലത്ത് നടന്നിരുന്നു. ഇതോടെ പ്ലാസ്മ ദാനത്തിന് ലൈംഗിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറുമെന്നാണ് ദേശീയ രക്തദാന സേവനങ്ങൾ നൽകുന്ന സംഘടനയായ ലൈഫ്ബ്ലഡ് റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് മാസത്തിനിടെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്വവർഗാനുരാഗികളെയും ബൈസെക്ഷ്വൽ പുരുഷന്മാരെയും ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും രക്തമോ പ്ലാസ്മയോ ദാനം ചെയ്യുന്നതിൽ നിന്ന് ഓസ്ട്രേലിയയിലെ നിയമങ്ങൾ വിലക്കിയിരുന്നു. ഇത് നീക്കിയതോടെ എച്ച്ഐവി അണുബാധ തടയുന്നതിനായി ആന്റി റിട്രോവൈറൽ മരുന്നുകൾ കഴിക്കുന്ന (പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ്) എല്ലാ എച്ച്ഐവി നെഗറ്റീവ് ആളുകൾക്കും ഇനി പ്ലാസ്മ ദാനം ചെയ്യാൻ കഴിയും. എന്നാൽ രക്തദാനത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.
ഇതോടെ ഓസ്ട്രേലിയയിൽ പ്രതിവർഷം 24,000ൽ അധിക രക്തം, മുലപ്പാൽ, മൈക്രോബയോട്ട ദാതാക്കളെയും 95,000 അധിക പ്ലാസ്മ ദാതാക്കളെയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാസ്മ ദാന നിയമങ്ങൾ ജൂലൈ 14 മുതൽ പ്രാബല്യത്തിൽ വരും. രക്തദാനത്തിനായുള്ള പുതുക്കിയ നിയമങ്ങൾ 2026 ൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
നിയമത്തിലെ മാറ്റം പ്ലാസ്മ വിതരണത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്ന് ഗവേഷണങ്ങൾ തെളിയിച്ചതായും ലൈഫ്ബ്ലഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു. പ്രത്യേക പ്രക്രിയകളിലുടെ പ്ലാസ്മയിലെ വൈറസുകളെയും ബാക്ടീരിയകളെയും ഫിൽട്ടർ ചെയ്യുന്നതിനാൽ മറ്റൊരാളിലേക്ക് അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എച്ച്ഐവി ബാധിതർക്കും എച്ച്ഐവി ബാധിത പങ്കാളിയുള്ളവർക്കും ഇപ്പോഴും ഓസ്ട്രേലിയയിൽ പ്ലാസ്മ ദാനം ചെയ്യാൻ കഴിയില്ല.









0 comments