ആറുമാസം വരെ ഇനി ഗർഭച്ഛിദ്രം നടത്താം; ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 29, 2020, 04:24 PM | 0 min read

ന്യൂഡൽഹി > ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം). ഇന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

1971-ലാണ് ഗർഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമം കേന്ദ്രസർക്കാർ ആദ്യമായി പാസ്സാക്കുന്നത്. അഞ്ച് മാസം വരെ (20 ആഴ്ച) ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്നതായിരുന്നു ഈ ബില്ല്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളർച്ചയിൽ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാൽ, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്‍റെ കൂടി പുറത്താണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

സ്വന്തം തീരുമാനപ്രകാരം ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവദേക്കർ ക്യാബിനറ്റ് യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടികൾക്കോ, പ്രായപൂർത്തിയാവാത്തവർക്കോ, ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കോ ഗർഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗർഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

''ഇത് പുരോഗമനപരമായ ഒരു പരിഷ്കാരം തന്നെയാണ്. സ്വന്തം ഗർഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തുന്നത്. ആദ്യത്തെ ആറ് മാസം പെൺകുട്ടിയ്ക്ക് ഗർഭാവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്ന തരത്തിലുള്ള സാഹചര്യവും കേസുകളും നിരവധി വരാറുണ്ട്. അവിടെയെല്ലാം പെൺകുട്ടികൾക്ക് ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി കോടതി കയറേണ്ട സ്ഥിതിയാണ്. നിരവധി ആരോഗ്യപ്രവർത്തകരുമായും വിദഗ്‍ധഡോക്ടർമാരുമായും ചർച്ച നടത്തി വിശദമായ പരിശോധന നടത്തിയ ശേഷമാണ് കേന്ദ്രസർക്കാർ ഈ തീരുമാനത്തിലെത്തിയത്'', കേന്ദ്രമന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home