'ഷുഗറു'ള്ളവര്‍ക്ക് എന്തൊക്കെ കഴിയ്ക്കാം : കുറുക്കുവഴികളില്ലാത്ത പ്രമേഹ ചികിത്സയെപ്പറ്റി ഡോ. ഷിംന അസീസ്‌ എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2018, 12:02 PM | 0 min read

ഡോ.ഷിംന അസീസ്‌ പ്രമേഹത്തെ എങ്ങനെ ഒക്കെ നേരിടാം?..ഡോ. ഷിംന അസീസ്‌  എഴുതുന്നു

 പ്രമേഹം/ഷുഗർ/പഞ്ചാരേടെ അസുഖം പേരെന്ത് വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക്‌ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന്‌ തുടങ്ങി എന്ത് കഴിക്കാം/കഴിച്ചൂട/എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്‌. ഒരു പാത്രോം ഗ്ലാസുമെടുത്ത്‌ ഇങ്ങട്‌ പോരൂ. ഈ കുറിപ്പ് കഴിയുമ്പഴേക്ക്‌ എല്ലാം ഒരു തീരുമാനമാകും.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരം ഊർജത്തിനായി ഗ്ലൂക്കോസ്‌ രൂപത്തിലാണ്‌ ഉപയോഗിക്കുന്നത്‌. ആവശ്യത്തിലധികം ഗ്ലൂക്കോസ്‌ ഉണ്ടായാൽ അതിനെ ഗ്ലൈക്കോജനാക്കി മാറ്റാൻ പാൻക്രിയാസ്‌ ഉൽപാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിൻ ഓടിപ്പാഞ്ഞെത്തും. പാൻക്രിയാസിലെ ബീറ്റ കോശങ്ങളാണ്‌ ഇതിന്‌ പിന്നിൽ. അവർ പണി മുടക്കുന്നിടത്ത്‌ ഇൻസുലിന്റെ അളവ്‌ കുറയും, രക്തത്തിൽ ഗ്ലൂക്കോസ് ചുമ്മാ തേരാപാരാ ഓടാൻ തുടങ്ങും. ഒട്ടേറെ ഘടകങ്ങളുള്ള പഞ്ചാരവെള്ളമായി മാറുന്ന രക്തം രക്തക്കുഴലുകളിലൂടെ ഓട്ടം തുടങ്ങും. ഈ കുഴലുകൾ അവസാനിക്കുന്ന ഇടങ്ങളായ കണ്ണ്, കിഡ്‌നി, കാൽ, എന്നിവിടങ്ങളിൽ ഈ കട്ടി കൂടിയ രക്തം വന്നടിഞ്ഞ് ഈ പറഞ്ഞ എല്ലാ സിസ്റ്റവും കുഴപ്പത്തിലാക്കും. ഇതെല്ലാം കാലങ്ങൾ കൊണ്ട് സംഭവിക്കുന്നതായത് കൊണ്ട് ഇവയിൽ നിന്നുള്ള രക്ഷയും തുടരെയുള്ള ശ്രദ്ധ തന്നെയാണ്.

ചോറും ചപ്പാത്തിയും കപ്പയും പഞ്ചസാരയും ഉരുളക്കിഴങ്ങുമെല്ലാം ഈ പരുവത്തിൽ രക്‌തത്തിൽ പഞ്ചസാര കൂട്ടും. പ്രൊട്ടീനും ഇലക്കറികളും പച്ചക്കറികളും ഇത്തരത്തിൽ പെട്ടെന്ന് ബ്ലഡ്‌ ഷുഗർ കൂട്ടില്ല. അത്‌ കൊണ്ട്‌ തന്നെ ഇതെല്ലാം മനസ്സിലാക്കിയുള്ള ഭക്ഷണക്രമീകരണം കൊണ്ട്‌ ഷുഗർ കൂടുന്നത്‌ തടയാൻ വളരെ എളുപ്പമാണ്‌. അതിൽ തന്നെ രക്തത്തിൽ പെട്ടെന്ന് ഗ്ലൂക്കോസ് കലർത്തുന്ന ഭക്ഷ്യവസ്തുക്കളും അല്ലാത്തവയുമുണ്ട്. സായിപ്പ് ഗ്ലൈസീമിക് ഇൻഡക്സ് എന്നൊക്കെ പറയും. കപ്പയും ചോറുമൊക്കെ കഴിച്ചാൽ പെട്ടെന്ന് ഷുഗർ കൂടുമെന്ന് കേട്ടിട്ടില്ലേ?അതാണ് ഈ കഥ. ഇവരെയൊക്കെ തോൽപിച്ചും പറ്റിച്ചുമാണ് നമുക്ക് ആരോഗ്യം വീണ്ടെടുക്കേണ്ടത്. അതിപ്പോ എങ്ങനാ?

പല തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ്‌ ശരിയായ രീതി. എട്ടു മണിക്ക്‌ രണ്ട് ദോശ കഴിക്കുന്ന ആൾക്ക്‌ ഒരു ദോശ എട്ട്‌ മണിക്കും ഒരു ദോശ പതിനൊന്നിനും കഴിക്കാം. രക്‌തത്തിൽ കലരുന്ന ഗ്ലൂക്കോസിന്റെ അളവ്‌ ഒരു പരിധി വരെ നിയന്ത്രണവിധേയമായിരിക്കും. ഇടനേരങ്ങളിൽ വിശക്കുമ്പോൾ സാലഡുകൾ കഴിക്കാം. പേരക്ക/ആപ്പിൾ/ഓറഞ്ച്‌ പോലുള്ള ചെറുമധുരമുള്ള പഴങ്ങൾ വേണമെങ്കിൽ ഒന്ന്‌ വീതം ഒരു ദിവസം കഴിക്കാം. പഴുത്ത ചക്ക/സപ്പോട്ട/മാങ്ങ/ഈന്തപ്പഴം തുടങ്ങിയവ ഷുഗർ കൂട്ടുന്നവയാണ്‌. ഇവയിലേത്‌ തന്നെ ചെറിയ അളവിൽ പോലും കഴിച്ചാലും അടുത്ത നേരത്തെ ചോറ്/ചപ്പാത്തി/ഓട്സ്/ഉപ്പുമാവ്/മറ്റേത് അന്നജമുള്ള വസ്തുവാണോ അത് ഒഴിവാക്കാം.

ഒരു ശരാശരി മലയാളിയുടെ ഊൺ സങ്കൽപിക്കുക. നമ്മൾ ചോറ്‌ അളക്കുന്നത്‌ കപ്പിലല്ല, പകരം തവി കൊണ്ടാണ്‌. മൂന്നും നാലും അതിലപ്പുറം തവിയും ചോറും ഒരു കപ്പ്‌ തോരനും കുറേ പൊരിച്ച വസ്‌തുക്കളും ഒരിത്തിരി കറിയുമാണ്‌ നമ്മുടെ രീതി. തെറ്റാണിത്‌. ഒരു കപ്പ്‌ ചോറ്‌, രണ്ട്‌ കപ്പ്‌ തോരൻ, രണ്ട്‌ ഇടത്തരം കഷ്‌ണം കറി വെച്ച മത്സ്യം/മാംസം/മുട്ട/പയർവർഗങ്ങൾ, ധാരാളം പച്ചക്കറികൾ എന്നിവയാണ്‌ ഉത്തമമായ ഉച്ചഭക്ഷണം. ഇതിൽ ചോറിന്‌ പകരം 1-2 ചെറിയ ചപ്പാത്തി ആക്കിയാൽ നല്ല അത്താഴമായി.

ഇടനേരങ്ങളിൽ പ്രോട്ടീൻ ഉള്ള വസ്തുക്കൾ കഴിക്കാം. ചെറുപയർ മുളപ്പിച്ചതോ സാലഡോ കറി വെച്ചതോ ഗ്രിൽ ചെയ്തതോ ആയ മത്സ്യമാംസാദികളോ, ഓപ്‌ഷൻ എത്ര കിടക്കുന്നു! ചായേൽ ഇച്ചിരി പഞ്ചസാര? നഹി നഹി. പകരം പേരിന്‌ കുറച്ച്‌ ആർട്ടിഫിഷ്യൽ സ്വീറ്റ്‌നറൊക്കെ ആവാം. ഷുഗർഫ്രീ ബിസ്‌കറ്റുകൾ രണ്ടോ മൂന്നോ ഒരു നേരത്തെ സ്‌നാക്കായി ഉപയോഗിക്കാം.

ഇൻസുലിൻ എടുക്കുന്നവർ കൃത്യം അര മണിക്കൂർ കഴിയുമ്പോൾ ഭക്ഷണം കഴിക്കണം. വിറയലോ വിയർക്കലോ വന്നാൽ ഉടൻ കഴിക്കാൻ പാകത്തിൽ ഒരു മിഠായി സദാ കൈയിൽ കരുതണം. ദൂരയാത്രകളിൽ പോക്കറ്റിലോ പഴ്‌സിലോ പ്രമേഹരോഗിയാണെന്നും ഏത്‌ മരുന്ന്‌/ഏതിനം ഇൻസുലിൻ എടുക്കുന്നു, എത്ര ഡോസെടുക്കുന്നു എന്നും എഴുതി വെക്കുക. ഷുഗർ ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്‌താൽ ചികിത്സിക്കാനെത്തുന്ന ഡോക്‌ടർക്ക്‌ ഇത്‌ സഹായകമാകും. വീട്ടിൽ ഒരു ഗ്ലൂക്കോമീറ്റർ കരുതിയാൽ സ്‌ഥിരമായി രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ പരിശോധിക്കുന്നതിനൊപ്പം അത്യാവശ്യഘട്ടത്തിൽ പ്രമേഹം കൂടിയാണോ കുറഞ്ഞാണോ രോഗിക്ക്‌ തളർച്ചയും ബോധക്ഷയവുമുണ്ടായത്‌ എന്നിവയെല്ലാം ആശങ്കയില്ലാതെ മനസ്സിലാക്കാനാകും. കൃത്യമായി ഡോക്‌ടറെ കാണുന്നത്‌ വഴി ഇൻസുലിന്റെയും ഗുളികയുടെയും ഡോസ്‌ ക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ പോലും സാധിക്കും. രോഗാവസ്‌ഥ സങ്കീർണതകളിലേക്ക്‌ നീങ്ങുന്നുണ്ടെങ്കിൽ മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കാനുമാവും.

വാൽക്കഷ്‌ണം
രാത്രിയും ചോറ്‌ കിട്ടാതെ ഉറക്കം വരാത്ത പ്രമേഹരോഗികൾ ചെയ്യാറുള്ള കാര്യമാണ്‌ 'ചോറ്‌ തിളപ്പിച്ചൂറ്റൽ'. സംഗതി ഇത്രേള്ളൂ, ചോറ്‌ ഒന്നൂടി വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌ വെള്ളം വാർത്തു കളഞ്ഞ ശേഷം കഴിക്കുന്ന രീതി. പഞ്ചസാര മൊത്തം ആ കഞ്ഞിവെള്ളത്തിൽ ഒലിച്ചു പോകുമെന്നാണ്‌ സങ്കൽപം. ഇത്‌ തെറ്റാണ്‌. ചോറ്‌ ഒന്നുകൂടി നന്നായി വേവും, പെട്ടെന്ന്‌ ദഹിക്കും. ഫലത്തിൽ, കുറച്ച്‌ കൂടി ഊർജിതമായി രക്‌തത്തിൽ ഗ്ലൂക്കോസ്‌ കലരും. വെളുക്കാൻ തേച്ചത്‌ പാണ്ടാകൽ ഇഫക്‌ടാണ്‌ നടക്കുക. ഇത്‌ ചെയ്യാറുള്ളവർ ഇത്  വായിക്കുന്ന തലമുറയിൽ പെട്ടവരാകണം എന്നില്ല. പറഞ്ഞു കൊടുക്കണമവർക്ക്‌. അച്‌ഛനമ്മമാരാണ്‌, പ്രമേഹമുണ്ടാകും മുന്നേ അകവും പുറവും മധുരമുള്ളവർ... അവർക്കൊന്നും വരരുത്‌... ആർക്കുമൊന്നും വരരുത്‌...



deshabhimani section

Related News

View More
0 comments
Sort by

Home