കരുതലോടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 14, 2023, 10:35 PM | 0 min read

പുരുഷന്മാരിൽ കാണുന്ന വെൽനെറ്റ് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രത്യുൽപ്പാദന ഗ്രന്ഥികളിൽ ഉൾപ്പെടുന്ന ഇതിന്റെ പ്രധാന ധർമം ശുക്ലത്തിന്റെ അളവ് കൂട്ടുകയും ശുക്ലത്തെ അലിയിക്കുകയും ചെയ്യുന്നതാണ്. മൂത്ര സഞ്ചിയുടെ അടിയിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി മൂത്ര സഞ്ചിയിൽ നിന്നും ഉത്ഭവിക്കുന്ന മൂത്ര കുഴലിന്റെ ആദ്യ ഭാഗത്തെ പൊതിഞ്ഞിരിക്കുന്നു. അതുപോലെ, വൃഷണങ്ങളിൽ നിന്നും  ഉൽഭവിക്കുന്ന ബീജം വാസ് ഡിഫെറെൻസ്(Vas Deferens) എന്ന ട്യൂബുവഴി  പ്രോസ്റ്റേറ്റ്  ഗ്രന്ഥിയിലൂടെ  മൂത്രക്കുഴലിൽ എത്തപ്പെടുന്നു.

അങ്ങനെയാണ്  മൂത്രവും ശുക്ലവും പുറത്തു വരുന്നത്.  ഈ കാരണത്താൽ  പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക്‌ അസുഖം പിടിപെട്ടാൽ മൂത്രത്തിന്റെയും ശുക്ലത്തിന്റെയും സഞ്ചാരത്തെ  അത് ബാധിക്കും.  പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ്   ഗ്രന്ഥിക്ക്‌ വീക്കം ഉണ്ടാകുന്നു. ഒരു പരിധിയിൽ അധികം പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടായാൽ  മനുഷ്യന്റെ ജീവിത ശൈലിയെത്തന്നെ ബാധിക്കാവുന്ന അത്യധികം പ്രശ്നങ്ങൾ ഉണ്ടാക്കും.

ലക്ഷണങ്ങൾ

സാധാരണ 50 വയസ്സിനു മുകളിൽ വരുന്ന പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ  വീക്കം കൂടുതലായി കണ്ടു വരുന്നത്. ഇതിനെ ബിനയിൻ പ്രോസ്റ്റേറ്റാറ്റിക് ഹൈപ്പർപ്ളേഷ്യ (BPH) എന്ന് വിളിക്കുന്നു. 40 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലും  സാധാരണ ഈ അസുഖം  കാണാറുണ്ട്‌. മൂത്രം ഒഴിച്ച് തുടങ്ങാനുള്ള പ്രയാസം, ശക്തിയായി മൂത്രം ഒഴിക്കാൻ പറ്റാത്ത അവസ്ഥ, നേർത്ത രീതിയിൽ  മൂത്രം പോകുക, വിട്ട് വിട്ട് മൂത്രം പോവുക, ഇടയ്ക്ക് ഇടയ്ക്ക് മൂത്രം ഒഴിക്കാൻ പോവുക (പ്രത്യേകിച്ച് രാത്രി), മുഴുവൻ മൂത്രവും ഒഴിച്ചു എന്ന് തോന്നാതിരിക്കുന്ന അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

ഇതിനു പുറമെ ചിലപ്പോൾ വളരെ സാരമായ ചിലപ്രശ്നങ്ങളും ഉണ്ടായേക്കാം. അവ: മൂത്രം ഒഴിക്കുമ്പോൾ  തരിപ്പ്, പുകച്ചിൽ വേദന അനുഭവപ്പെടുക,  മൂത്രത്തിലും ശുക്ലത്തിലും ചോരയുടെ അംശം  കാണുക, ഇടയ്‌ക്കിടയ്‌ക്ക്‌  മൂത്രത്തിൽ അണുബാധ അനുഭവപ്പെടുക,  അറിയാതെ കിടക്കയിൽ മൂത്രം പോവുക,  മൂത്രം തുള്ളി തുള്ളിയായി പോവുക,  മൂത്രം ഒട്ടും പോകാത്ത അവസ്ഥ ഉണ്ടാകുക.  ഈ  ലക്ഷണങ്ങൾ മറ്റു ചില പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തന്നെ  അസുഖങ്ങൾ കാരണവും ആകാം.

പ്രോസ്‌റ്റേറ്റ്‌ ക്യാൻസർ

മുകളിൽ  പറഞ്ഞ ലക്ഷണങ്ങൾക്ക്  പുറമെ  എല്ലുകൾക്ക് (പ്രത്യേകിച്ചും  നട്ടെല്ല്, ഇടുപ്പെല്ല്, തുടയെല്ല്)  വേദനയും ബലക്ഷയവും ഒടിവും പുറമെ ശരീരം  ശോഷിക്കുക തുടങ്ങിയവ  പ്രോസ്റ്റേറ്റ്  ക്യാൻസർ  കൊണ്ടാകാം. പ്രോസ്റ്റേറ്റ്  ഗ്രന്ഥിയിൽ  ക്യാൻസർ ഉണ്ടാകുന്നത് വളരെ  സാധാരണമാണ് . മറ്റു  ക്യാൻസറുകളെ  അപേക്ഷിച്ച്  ഇത് വളരെ  പതുക്കെയാണ്  വളരുന്നത്. അതുകൊണ്ടുതന്നെ  നേരത്തേ  കണ്ടു പിടിക്കാൻ  സാധിച്ചാൽ ഇത്‌  പൂർണമായും  ഉന്മൂലനം ചെയ്യാൻ, ശസ്‌ത്രക്രിയ വഴിയോ   റേഡിയോ  തെറാപ്പിയിലൂടെയോ കഴിയും. പ്രോസ്റ്റേറ്റ്   ക്യാൻസർ ഉണ്ടോ  എന്നറിയാനാണ് രക്തത്തിൽ പിഎസ്എ ടെസ്റ്റ് ചെയ്യുന്നത്. രക്തത്തിൽ  സിറം പിഎസ്എ യുടെ അളവ്  കൂടുതൽ  ആണെങ്കിൽ  തീർച്ചയായും  പ്രത്യേക  പരിശോധനകൾ  ആവശ്യമുണ്ട്.

അക്യൂട്ട്  പ്രോസ്റ്ററ്റിറ്റിസ്‌

അക്യൂട്ട്  പ്രോസ്റ്ററ്റിറ്റിസ് അത്യധികം വിഷമിപ്പിക്കുന്ന ഒരു അസുഖമാണ്. മൂത്രത്തിലുണ്ടാകുന്ന  അണുബാധ  കൊണ്ടോ  ലൈംഗികബന്ധത്തിലൂടെ  പകരുന്ന രോഗങ്ങൾ കൊണ്ടോ  പ്രോസ്റ്റേറ്റ്  ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണ്‌ കാരണം. പനി, വിറയിൽ, തളർച്ച, ക്ഷീണം, മൂത്രക്കടച്ചിൽ, അടിക്കടി  വേദനയോടെ  മൂത്രം ഒഴിക്കാനുള്ള  തോന്നൽ,  വേദന എന്നിവ  അനുഭവപ്പെടും.  50 വയസ്സിനു  മുകളിലുള്ള പുരുഷന്മാരിലും  പ്രമേഹ  രോഗികളിലുമാണ്  രോഗം  കൂടുതലായി  കണ്ടുവരാറുള്ളത്. ചികിത്സയ്ക്ക്  കാലതാമസം  ഉണ്ടായാൽ  പ്രോസ്റ്റേറ്റ്  ഗ്രന്ഥിയിൽ പഴുപ്പ്  കെട്ടുകയും പൂർണമായും  മൂത്ര തടസ്സം  അനുഭവപ്പെടുകയുംചെയ്യും. രക്തത്തിൽ  അണുബാധയ്‌ക്കും  സാധ്യത കൂടുതലാണ്.

ക്രോണിക് പ്രോസ്റ്ററ്റിറ്റിസ്

മുകളിൽ പറഞ്ഞിരിക്കുന്ന രോഗ ലക്ഷണങ്ങൾ  ചെറിയ തോതിൽ  മാസങ്ങളോളം  അനുഭവപ്പെടുന്ന  അവസ്ഥയാണ്‌   ക്രോണിക്  പ്രോസ്റ്ററ്റിറ്റിസ് (Chronic Prostatitis). രോഗികൾക്ക്  അടിക്കടി  മൂത്രത്തിൽ  അണുബാധ  ഉണ്ടാകുകയും ലൈംഗിക  ബന്ധത്തിൽ  ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുകയും മറ്റു  മൂത്രശങ്കകളും  അനുഭവപ്പെടാറുണ്ട് . ഈ  ലക്ഷണങ്ങൾ  മൂന്ന് മാസത്തിൽ കൂടുതൽ കാണുകയാണെങ്കിൽ  ക്രോണിക്  പ്രോസ്റ്ററ്റിറ്റിസ്  എന്ന്‌ വിളിക്കാം.

ക്രോണിക് പെൽവിക്  പെയിൻ സിൻഡ്രോം

ചിലരിൽ  അടിവയറിലും ഗുഹ്യഭാഗത്തും നിരന്തരം  അസ്വാസ്ഥ്യവും  വേദനയും  അനുഭവപ്പെടാറുണ്ട്.  ഇതിനെ ക്രോണിക്  പെൽവിക് പെയിൻ സിൻഡ്രോം(Chronic Pelvic Pain Syndrome) എന്ന്  വിളിക്കുന്നു. ഇതിനു കാരണം  ഇപ്പോഴും അവ്യക്തമാണ്.

(തിരുവനന്തപുരം ഗവ.  മെഡിക്കൽ കോളേജിലെ യൂറോളജിവകുപ്പ്‌ തലവനാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home