വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം: വീണാ ജോർജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2022, 05:17 PM | 0 min read

തിരുവനന്തപുരം> വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികള്‍ക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. വിദേശത്ത് നിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക.

വാക്‌സിനെടുക്കാത്ത 12 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിനെടുക്കേണ്ടതാണ്. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്‌സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ സൗജന്യമാണ്. സൗജന്യ കരുതല്‍ ഡോസ് വാക്‌സിന്‍ സെപ്റ്റംബര്‍ മാസം അവസാനംവരെ മാത്രമേയുണ്ടാകൂ.

12 മുതല്‍ 14 വരെ പ്രായമുള്ള 79 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 17 വരെ പ്രായമുള്ള 86 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 61 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 13 ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home