ഇന്ത്യയിൽ ലാ നിന പ്രതിഭാസം ഡിസംബറിലുണ്ടാകും; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ സംഘടന

ന്യൂഡൽഹി: ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ലാ നിന പ്രതിഭാസം ഡിസംബർ പകുതിക്ക് മുമ്പായി ചെറിയ കാലയളവിൽ സംഭവിക്കുമെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇത് അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിച്ചേക്കാം.
ആഗോള തലത്തിൽ കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് എൽ നിനോ പ്രതിഭാസം. മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോൾ ആണ് ലാ നിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കും. ലാ നിന മൂലം വടക്കേ ഇന്ത്യയിലും ഹിമാലയൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും അനുഭവപ്പെടാറുണ്ട്.
ലാ നിന പ്രതിഭാസം മൂലം രാജ്യത്ത് പലപ്പോഴും പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നുള്ള അറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകാറുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പലപ്പോഴും കൂടുതൽ ഭയത്തോടെയാണ് കാണുന്ന പ്രതിഭാസമാണിത്. പ്രത്യേകിച്ച് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് കാരണമായത് അതിതീവ്ര മഴയായിരുന്നു എന്നതൊക്കെയാകാം കാരണം.
കാലാവസ്ഥയിലുള്ള മാറ്റം മൂലം ഏറെ നേരമെടുത്ത് ശക്തമായ മഴ പെയ്യുന്നതിന് പകരം നിശ്ചിത സ്ഥലത്ത് കുറഞ്ഞ സമയത്ത് അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളുമാണ് സംഭവിക്കുന്നത്.









0 comments