ഇടവപ്പാതി കുറഞ്ഞു; വരൾച്ച‌യ‌്ക്കും സാധ്യത ; ഇടുക്കിയിൽ 14.5 % വെള്ളം മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2019, 07:19 PM | 0 min read

തിരുവനന്തപുരം> കേരളത്തിൽ 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.  പ്രളയം, കേരള തീരം വഴി പോയ എൽനിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ   മഴ ലഭ്യതയെ പ്രതികൂലമാക്കി. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും  ഈർപ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുർബലമാക്കി. എൽനിനോയുടെ ഭാ​ഗമായി കടലിന് ചൂടേറി; 29 മുതൽ 30 ഡി​ഗ്രിവരെ. ഇത് കാലവർഷ കാറ്റിന്റെ ​ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി.  ഇതോടെ കടലിലെ ന്യുനമർദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി.

ജൂണിൽ 398.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത‌് ബുധനാഴ‌്ചവരെ പെയ്തത‌്  236.3 മില്ലിമീറ്റർ. കഴിഞ്ഞ വർഷം ഇത‌്  579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസർകോട്ട‌്, 57ശതമാനം. ജൂൺ പത്തിന‌്  ആരംഭിച്ച കാലവർഷം രണ്ട‌് ദിവസം കഴിഞ്ഞ‌് ‘വായു’വിനൊപ്പം ദുർബലമായി. കേരളമടങ്ങുന്ന ദക്ഷിണ മേഖലയിൽ 97ശതമാനം മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിച്ചത്. ഇത‌് വീണ്ടുംകുറയാനാണ‌് സാധ്യത.

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടാൽ  ഭേ​ദപ്പെട്ട മഴ ലഭിക്കും. എങ്കിലും കഴിഞ്ഞ വർഷത്തെയത്ര ലഭിക്കില്ല.  മഴ കനത്തില്ലെങ്കിൽ കേരളത്തിൽ വരൾച്ചയ്ക്ക‌് സാധ്യതയുണ്ടെന്ന് കുസാറ്റിലെ ശാസ‌്ത്രജ‌്ഞൻ ഡോ. എം ജി മനോജ് പറഞ്ഞു.

ഇടുക്കിയിൽ 14.5 % വെള്ളം മാത്രം
ഇടുക്കി
ഇടുക്കി ജലസംഭരണിയിൽ ഏഴ്‌ വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പ‌്. സംഭരണശേഷിയുടെ 14.5 ശതമാനം മാത്രം. വ്യാഴാഴ്‌ച ജലനിരപ്പ്‌ 2306.68 അടിയാണ്‌. കഴിഞ്ഞവർഷം 2343.42ആയിരുന്നു. കാലവർഷം 20 ദിവസമായപ്പോൾ പദ്ധതിപ്രദേശത്ത‌് 152.2 മില്ലിമീറ്റർ പെയ്‌തു. കഴിഞ്ഞവർഷം ഇത‌്  616 മില്ലിമീറ്ററായിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home