റെക്കോഡ് മഴക്കുറവില്‍ ചിങ്ങപ്പിറവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2017, 08:49 PM | 0 min read


തൃശൂര്‍ >  ചിങ്ങം പിറന്നത് റെക്കോഡ് മഴക്കുറവിന്റെ ആശങ്കയില്‍. ജൂണില്‍ ആരംഭിച്ച മണ്‍സൂണ്‍, വ്യാഴാഴ്ചവരെ രേഖപ്പെടുത്തിയത് ശരാശരിയേക്കാള്‍ 29.6 ശതമാനം കുറവ്. മഴക്കാലം ഇനിയും ഒന്നരമാസത്തോളമുണ്ടെങ്കിലും കനത്ത മഴയുടെ കാലം പിന്നിട്ടു.  ഈ നില തുടര്‍ന്നാല്‍ സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷം മഴക്കുറവിന്റെ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ ഉള്‍പ്പെടുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ 75 ശതമാനം മഴ പെയ്യേണ്ട സമയവും കഴിഞ്ഞു. അധികം മഴ കിട്ടാറുള്ള കര്‍ക്കടകമാസത്തിലെ ഞാറ്റുവേലകളിലും ഇക്കുറി നിരാശയായിരുന്നു. മഴ ഏറ്റവും ദുര്‍ബലമായ മാസമാണ് സെപ്തംബര്‍. ഇനി കനത്ത മഴ ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷഘടകങ്ങള്‍ അത്യപൂര്‍വമായേ രൂപപ്പെടാന്‍ സാധ്യതയുള്ളൂ. 2016ല്‍ 34 ശതമാനവും 2015ല്‍ 26 ശതമാനവും ശരാശരിയേക്കാള്‍ മഴ കുറഞ്ഞു. കഴിഞ്ഞ തുലാവര്‍ഷത്തിലും 65 ശതമാനം കുറഞ്ഞു.

കേരളത്തിലെ പ്രധാനഡാമുകളൊന്നും ഇക്കുറി നിറഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ആഗസ്ത് മധ്യത്തോടെ ഇവ നിറയാറുള്ളതാണ്. ഡാമുകളിലെവെള്ളമാണ് സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിലടക്കം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.  എല്ലാ ജില്ലകളിലും മഴയില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാംവര്‍ഷവും വയനാട് ജില്ലയാണ് മഴക്കമ്മിയില്‍ മുന്നില്‍. വ്യാഴാഴ്ചവരെ വയനാട്ടില്‍ ശരാശരിയേക്കാള്‍ 58.5 ശതമാനം കുറവ് രേഖപ്പെടുത്തി. മറ്റുജില്ലകളില്‍ കിട്ടിയ മഴയും (സെന്റിമീറ്ററില്‍) മഴക്കമ്മിയും (ശതമാനത്തില്‍): ആലപ്പുഴ-973.8 (25.7), എറണാകുളം- 1349 (16), ഇടുക്കി- 1119.5 (36), കണ്ണൂര്‍- 1519 (32), കാസര്‍കോട്- 1807.7 (244), കൊല്ലം- 773 (21.5), കോട്ടയം- 1274 (12), കോഴിക്കോട് - 1710 (20.7), മലപ്പുറം- 1173 (30.5), തൃശൂര്‍ - 1232 (29.1), പാലക്കാട്-897 (28.5), പത്തനംതിട്ട - 978 (24), തിരുവനന്തപുരം- 420.7 (34.6).

ഇക്കുറി ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ കിട്ടുമെന്നായിരുന്നു കാലവര്‍ഷത്തിനു മുമ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദേശീയതലത്തില്‍ ഇതു ശരിവയ്ക്കും വിധം മെച്ചപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ പ്രളയവുമുണ്ടായി. ദേശീയതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് നാലുശതമാനത്തിന്റെ മഴക്കുറവു മാത്രം.

കഴിഞ്ഞ രണ്ടുവര്‍ഷവുമുണ്ടായ മഴ കുറയ്ക്കുന്ന എല്‍നിനോ പ്രതിഭാസം ഇക്കുറി കടലില്‍ ഉണ്ടായിട്ടില്ല. മഴ ശക്തമാക്കുന്ന ലാനിന പ്രതിഭാസവും ഉണ്ടായിട്ടില്ല. കാലവര്‍ഷക്കാലത്ത്  2000 മില്ലിമീറ്ററോളം മഴ കിട്ടേണ്ട കേരളത്തില്‍ എന്തുകൊണ്ട് തുടര്‍ച്ചയായി മണ്‍സൂണ്‍ ചതിക്കുന്നു എന്നതിന് വ്യക്തമായ വിശദീകരണം കാലാവസ്ഥ ശാസ്ത്രജ്ഞര്‍ക്കില്ല. കേരളത്തില്‍ എന്തുകൊണ്ട് കാലാവസ്ഥ വ്യതിയാനം ഇത്ര രൂക്ഷമായി എന്നതു സംബന്ധിച്ച് കൂടുതല്‍ പഠനവും  അന്വേഷണങ്ങളും അനിവാര്യമാണെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ 'ദേശാഭിമാനി'യോടു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home