പുതുവത്സരത്തിൽ നിറഞ്ഞൊഴുകി മാനവീയം വീഥി
ഓരോ നഗരവും പൊതുവിടങ്ങൾ കൊതിക്കുന്നു, ഓരോ പുതുവത്സരവും പുതുനിറങ്ങൾ അണിയുന്നു
മാനവീയം വീഥി ഒരു ചെറിയ ദൂരമാണ്. പക്ഷെ പുതുവത്സരത്തിൽ അതൊരു രാജവീഥിയായി. ആട്ടവും പാട്ടും മേളങ്ങളുമായി വിദ്യാർഥികളും കുട്ടികളും കുടുംബങ്ങളും ഒരേ ഒഴുക്കായിരുന്നു. കനകക്കുന്ന് കൊട്ടാരത്തിലേക്ക് 50 രൂപ ഫീസ് വെച്ച് പ്രവേശനം നിയന്ത്രിച്ചിട്ടും ആ ഒഴുക്ക് ദിവസങ്ങളായി പെരുകി വന്നു.
പുതുവത്സരത്തലേന്ന് സർവ്വ നിയന്ത്രണങ്ങളും തെറ്റിച്ച് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും കരകവിച്ചിലായി. ഓരോ വർഷവും ഓരോ ഇനങ്ങളെന്നും ഓരോ കൂട്ടങ്ങൾ എന്നും വ്യത്യസ്ത ബാൻഡുകളും ചങ്ങാതി കൂട്ടങ്ങളും പുതിയ കലാരൂപങ്ങളും പാട്ടുകൂട്ടങ്ങളുമായി നിറം ചേർക്കാൻ എത്തുന്നുണ്ട്.
2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായാണ് കൊട്ടാര ഗേറ്റിന് മുന്നിലേക്കെത്തുന്ന ഈ വീഥിക്ക് മാനവീയം വീഥി എന്ന് നാമകരണം ചെയ്തത്. അതേ വർഷം ഏപ്രിൽ മാസം 22ാം തീയതി മുതൽ അഭിനയ തീയേറ്റർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇവിടെ സാംസ്കാരിക സന്ധ്യകൾക്ക് തുടക്കം കുറിച്ചു.
പൊതു ഇടങ്ങൾ ഇല്ലാതാവുന്നു എന്നത് കേരളത്തിലെ നഗരങ്ങളുടെ സങ്കടമാണ്. കളിക്കളങ്ങൾ ഗ്രാമങ്ങളിൽ പോലും ചുരുങ്ങി വന്നു. ഇപ്പോൾ ആഘോഷങ്ങൾക്ക് ഇത്തരം വീഥികളിലേക്ക് കൂടുതലായി പുതിയ തലമുറ എത്തുന്നു. അതിന്റെ നിറവും ഭാവവും സംഗീതവും അവരായി മാറുന്നു. ഓരോ നഗരവും പൊതുവിടങ്ങൾ കൊതിക്കുന്നു.
0 comments